തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നടി ജമീലാ മാലിക്ക് അന്തരിച്ചു. 73 വയസായിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയം പഠിച്ച് സിനിമയിലെത്തിയ ആദ്യ മലയാളി വനിതയായിരുന്നു ജമീല. ജമീലാ മാലിക്ക് വിടപറയുമ്പോൾ ഓർമിക്കാനും അറിയാനും ഏറെയുണ്ട് മലയാളികൾക്ക്. ഷീലയും ജയഭാരതിയും ശാരദയും തിളങ്ങി നിന്ന എഴുപതുകളിൽ ആലപ്പുഴക്കാരി ജമീലയുടെ കടന്നുവരവ് തന്നെ ശ്രദ്ധേയമായിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സമകാലികരായിരുന്ന ജയാ ബച്ചനടക്കം ബോളിവുഡിൽ ചുവടുവെച്ചപ്പോൾ മലയാള സിനിമയിൽ സ്വപ്നങ്ങൾ നെയ്ത് ജമീലാ മാലിക്ക് മദ്രാസിലേക്കെത്തി. 

പെണ്‍കുട്ടികൾ സിനിമാഭിനയം പഠന വിഷയമായി തെരഞ്ഞെടുക്കുന്നത് സാധാരണമല്ലാത്ത നാളുകളിലാണ് ജമീല പൂനെയിൽ പഠനം പൂർത്തീകരിച്ച് വെള്ളിത്തിരയിലെ താരമാകുന്നത്. കെ.ജി ജോര്‍ജ്ജ്, രാമചന്ദ്രബാബു തുടങ്ങിയ പ്രഗത്ഭരായിരുന്നു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജമീലയുടെ മുൻഗാമികൾ ലൈൻ ബസ്,റാഗിംഗ് തുടങ്ങിയ സിനിമകളായിരുന്നു തുടക്കം. എന്നാൽ ജിഎസ് പണിക്കർ സംവിധാനം ചെയ്ത പാണ്ഡവപുരത്തിലൂടെ ജമീല ശ്രദ്ധ നേടുന്നത്. 

1990 കളിൽ സിനിമകൾ കുറഞ്ഞതോടെ സീരിയലുകളിലേക്ക് നാടകങ്ങളിലേക്കും ചുവടുമാറ്റി. മികച്ച നടിയെന്ന് പ്രശംസ നേടിയപ്പോഴും അർഹതപ്പെട്ട ഉയരങ്ങളിലേക്ക് ജമീല എത്തിയില്ല. അവസരങ്ങൾ കുറഞ്ഞപ്പോൾ ഹിന്ദി അധ്യാപികയായി ജീവിതത്തിലെ വേഷപ്പകർച്ച, മാനസിക വൈകല്യമുള്ള മകനെയും പരിചരിച്ച് അവസാന നാളുകളിൽ തിരുവനന്തപുരം പാലോടായിരുന്നു ജമീലയുടെ ജീവിതം. ഏറെ നാളായി അസുഖബാധിതയായിരുന്നു. വാർദ്ധക്യത്തിൽ ആരുടെയും കനിവ് തേടാതെ ഒറ്റക്ക് പൊരുതിയ ജമീല ഇനി അനശ്വരതയുടെ താരാപഥത്തിൽ.