പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് ജന ഗണ മന. സുരാജും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. വേറിട്ട കഥാപാത്രങ്ങളാണ് ഇരുവരുടേതും. സിനിമയുടെ പ്രമോ ഇന്ന് പുറത്തുവിട്ടു. പൃഥ്വിരാജിനും സുരാജിനും ഏറെ അഭിനയത്തിന് പ്രാധാന്യമുള്ള ചിത്രമാണ് എന്നാണ് സൂചന. പൃഥ്വിരാജും സുരാജും തമ്മിലുള്ള രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്.

ഒരു കുറ്റവാളിയുടെ വേഷത്തിലാണ് പൃഥ്വിരാജിനെ പ്രമോയില്‍ കാണാനാകുന്നത്. പൊലീസ് ഉദ്യോഗസ്ഥനായി സുരാജ് വെഞ്ഞാറമൂടും. ഇരുവരും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയില്‍. ഒരു തരത്തിലും ഊരിപ്പോരാനാകില്ല എന്ന് സുരാജ് പറയുന്നു. ഊരിപ്പോരും എന്ന് പൃഥ്വിരാജും പറയുന്നു. ഗാന്ധിജിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ ഇത് എന്നും പൃഥ്വിരാജ് പറയുന്നു. സംഘര്‍ഷഭരിതമായ രംഗം തന്നെയാണ് പ്രമോയില്‍. അമ്പരപ്പിക്കുന്ന പ്രകടനത്താല്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വിസ്‍മയിപ്പിക്കുമെന്ന് തീര്‍ച്ച.

ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.