ജനനായകന്റെ റിലീസ് തിയ്യതിയില്‍ തീരുമാനമാകുന്നു?.

വിജയ് നായകനായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് ജനായകൻ. ജനുവരി 8നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സെൻസര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലും കോടതി വ്യവഹാരങ്ങളില്‍ ഉള്‍പ്പെട്ടതിനാലും ജനനായകന്റെ റിലീസ് അനിശ്ചിതമായി നീളുകയാണ്. ഇപ്പോഴിതാ മേയില്‍ വിജയ്‍യുടെ ജനനായകൻ തിയറ്ററുകളില്‍ എത്തിയേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

സിബിഎഫ്‍സിയുടെ റിവൈസിംഗ് കമ്മിറ്റിയുടെ ഒരു മെയില്‍ ജനനായകന്റെ നിര്‍മാതാക്കള്‍ക്ക് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇതിൻ പ്രകാരം മാര്‍ച്ച് ഒമ്പതിന് ഉച്ചയ്‍ക്ക് രണ്ട് മണിക്ക് കമ്മിറ്റിക്ക് മുമ്പാകെ ജനനായകൻ പ്രദര്‍ശനപ്പിക്കണം. സെൻസര്‍ നടപടികള്‍ സുഗമമമായി നടന്നാല്‍ തിയറ്ററുകളിലേക്ക് മെയില്‍ ജനനായകൻ എത്തിയേക്കും. ഇക്കാര്യത്തില്‍ ഒദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.

കോടതികളില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടി നേരിട്ടതിന് പിന്നാലെ സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജി ജനനായകന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ പിൻവലിച്ചിട്ടുണ്ട്. വിജയ്‍യുടെ അവസാന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന്‍റേതാണ് നിര്‍ണ്ണായക നീക്കം. കേസുമായി മുന്നോട്ടുപോകാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാമെന്നും നിര്‍മ്മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം അറിയിച്ചുകൊണ്ട് ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍മ്മാതാക്കളുടെ അഭിഭാഷകന്‍ കത്ത് നല്‍കിയിട്ടുണ്ടായിരുന്നു.

എച്ച് വിനോദാണ് ജനനായകൻ സംവിധാനം ചെയ്യുന്നത്. മലയാളത്തിന്റെ മമിതയും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രമായി എത്തുമ്പോള്‍ പൂജ ഹെഗ്‍ഡെ, ബോബി ഡിയോള്‍, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, നരേൻ, നാസ്സര്‍, സുനില്‍, റെബ മോണിക്ക ജോണ്‍, മോനിഷ ബ്ലെസ്സി, ബാബ ഭാസ്‍കര്‍, നിഴല്‍ഗല്‍ രവി, രേവതി, ശ്രീനാഥ്, ജേസണ്‍ ഷാ എന്നിവരും വേഷമിടുന്നു. വിജയ്‍യുടെ അവസാന ചിത്രമാണ് ജനനായകൻ. കളക്ഷൻ 1000 കോടി തികച്ച് സിനിമയില്‍ നിന്ന് പിൻമാറാൻ വിജയ്‍യ്ക്ക് സാധിക്കുമോ എന്നതിലാണ് ആരാധകരുടെ കൗതുകം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക