വിജയ്‌യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന 'ജനനായകന്‍' സെന്‍സര്‍ അനുമതി ലഭിക്കാത്തതിനാല്‍ റിലീസ് പ്രതിസന്ധിയിലാണ്
വിജയ്‍യുടെ അവസാന ചിത്രമെന്ന നിലയില്‍ വന്‍ ഹൈപ്പ് നേടിയ ചിത്രമാണ് ജനനായകന്‍. പൊങ്കല്‍ റിലീസ് ആയി ഈ മാസം 9 ന് തിയറ്ററുകളില്‍ എത്താനിരുന്ന ചിത്രം പക്ഷേ ഇനിയും തിയറ്ററുകളില്‍ എത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചിട്ടില്ല. സെന്‍സര്‍ അനുമതി കിട്ടാത്തതാണ് കാരണം. സെന്‍സര്‍ ബോര്‍ഡും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സും തമ്മിലുള്ള നിയമ യുദ്ധം നിലവില്‍ മദ്രാസ് ഹൈക്കോടതിയിലാണ്. ചിത്രത്തിന്‍റെ റിലീസ് അനിശ്ചിതമായി തുടരുന്നതിനിടെ നിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ മറ്റൊരു നിയമ കുരുക്കും പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന് സൂചന. കരാര്‍ ഒപ്പിട്ട ഒടിടി പ്ലാറ്റ്‍ഫോമില്‍ നിന്ന് നേരിടേണ്ടിവന്നേക്കാവുന്ന കേസ് ആണ് അത്.
പുതിയ പ്രതിസന്ധി
പ്രമുഖ പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് കരസ്ഥമാക്കിയിരുന്നത്. വലിയ ആരാധകവൃന്ദമുള്ള വിജയ്‍യുടെ അവസാന ചിത്രം എന്ന നിലയില്‍ വന്‍ തുകയ്ക്കാണ് അവര്‍ റൈറ്റ്സ് വാങ്ങിയിരുന്നത്. തിയറ്റര്‍ റിലീസില്‍ നിന്നും ഇത്ര ദിവസം എന്നതാണ് ഒടിടി പ്ലാറ്റ്ഫോമുകള്‍ സിനിമകളുടെ സ്ട്രീമിംഗ് തീയതിക്ക് പരിഗണിക്കുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് ഒടിടി പ്ലാറ്റ്ഫോം പ്രശ്നവല്‍കരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയില്‍ ഇന്നലെ നടന്ന വാദത്തില്‍ നിര്‍മ്മാതാക്കളുടെ അഭിഭാഷകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ ഡിസംബര്‍ 31 നാണ് ഒടിടി പ്ലാറ്റ്‍ഫോമില്‍ നിന്നും ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് എത്തിയതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
അതേസമയം നിയമ നടപടി സംബന്ധിച്ച് വാക്കാലുള്ള മുന്നറിയിപ്പ് മാത്രമാണ് ഒടിടി പ്ലാറ്റ്‍ഫോമില്‍ നിന്ന് ലഭിച്ചതെന്നും അല്ലാതെ കോടതിയില്‍ ഇത് സംബന്ധിച്ച ഹര്‍ജിയൊന്നും ഇതുവരെ എത്തിയിട്ടില്ലെന്നും കെവിഎന്‍ പ്രൊഡക്ഷന്‍സിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സതീഷ് പരാശരന്‍ കോടതിയെ അറിയിച്ചു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുന്‍പ് റിലീസ് തീയതി പ്രഖ്യാപിച്ച നിര്‍മ്മാതാക്കളുടെ നടപടിയെ സിബിഎഫ്സിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുന്‍പ് റിലീസ് തീയതി പ്രഖ്യാപിക്കുന്നത് ഒരു പൊതുരീതിയാണെന്ന് നിര്‍മ്മാതാക്കളുടെ അഭിഭാഷകന്‍ വാദിച്ചു. അടുത്തിടെ വന്‍ വിജയം നേടിയ ബോളിവുഡ് ചിത്രം ധുരന്ദറിന്‍റെ ഇനിയും സെന്‍സറിംഗിന് എത്താത്ത രണ്ടാം ഭാഗത്തിന്‍റെ റിലീസ് തീയതി ഇതിനകം പ്രഖ്യാപിച്ചതും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.



