വിജയ് നായകനാകുന്ന എച്ച് വിനോദ് ചിത്രം 'ജനനായകന്‍' നീണ്ട വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവില്‍ റിലീസിന് ഒരുങ്ങുന്നു

വിജയിന്‍റെ രാഷ്ട്രീയപ്രവേശനത്തേക്കാള്‍ നാടകീയമായിരുന്നു ജനനായകന്‍ എന്ന സിനിമ കടന്നുപോയ വഴികള്‍. കോളിവുഡില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രം. പൊങ്കല്‍ റിലീസ് ആയി ജനുവരിയില്‍ എത്തേണ്ടിയിരുന്ന ചിത്രത്തിന് ഇതുവരെയും ബി​ഗ് സ്ക്രീന്‍ കാണാനായിട്ടില്ല. ഇപ്പോഴിതാ വിജയ് ആരാധകരുടെ ആറ് മാസം നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രം തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചിത്രം ഏത് ദിവസം തിയറ്ററുകളില്‍ എത്തും എന്നത് സംബന്ധിച്ചും പുതിയ റിപ്പോര്‍ട്ടുകളില്‍ ഉണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവില്‍ സിബിഎഫ്സി ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് ഏറ്റവും പുതിയ വിവരം. ധീരന്‍ അധികാരം ഒണ്‍ഡ്ര്, നേര്‍കൊണ്ട പാര്‍വൈ അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ എച്ച് വിനോദ് ആണ് ജനനായകനും സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ജൂലൈ 24 ന് തിയറ്ററുകളില്‍ എത്തുമെന്ന് തമിഴ്നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനില്‍ നിന്ന് ലഭിച്ച വിവരത്തെ അധികരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്നാട്ടില്‍ മാത്രം ആയിരത്തോളം തിയറ്ററുകളില്‍ ആയിരിക്കും ചിത്രം എത്തുക.

കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആദ്യം ജനുവരി 9 ന് റിലീസ് പ്ലാന്‍ ചെയ്തിരുന്ന ചിത്രം നിര്‍മ്മാതാക്കള്‍ സിബിഎഫ്സിക്ക് സമര്‍പ്പിച്ചത് 2025 ഡിസംബര്‍ 19 ന് ആയിരുന്നു. എക്സാമിനിംഗ് കമ്മിറ്റി പറഞ്ഞ തരത്തിലുള്ള മാറ്റങ്ങള്‍ അണിയറക്കാര്‍ വരുത്തിയതിനെത്തുടര്‍ന്ന് ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ചിത്രത്തിലെ ചില ഭാഗങ്ങള്‍ പൊതുസമൂഹത്തിന്‍റെ പൊതുവികാരത്തെ മുറിവേല്‍പ്പിച്ചേക്കുമെന്ന ഒരു കമ്മിറ്റി അംഗത്തിന്‍റെ എതിര്‍പ്പില്‍ നിന്നാണ് ചിത്രത്തിന്‍റെ സെന്‍സറിംഗ് നീണ്ടുപോയത്.

ഇതേത്തുടര്‍ന്ന് ജനുവരി 6 ന് കെവിഎന്‍ പ്രൊഡക്ഷന്‍സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഒരു മാസത്തോളം നീണ്ട, സുപ്രീം കോടതിയിലേക്കും എത്തിയ നിയമ വ്യവഹാരങ്ങള്‍ക്കൊടുവില്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. റിവൈസിംഗ് കമ്മിറ്റിക്ക് ചിത്രം സമര്‍പ്പിക്കാനായിരുന്നു അവരുടെ തീരുമാനം. എന്നാല്‍ ഏപ്രിലില്‍ ചിത്രത്തിന്‍റെ എച്ച്ഡി പ്രിന്‍റ് ഇറങ്ങിയത് അണിയറക്കാരെ വലച്ചു. ഇത് 1.2 കോടി ആളുകള്‍ കണ്ടു എന്നാണ് മദ്രാസ് ഹൈക്കോടതിയിലെ വാദത്തില്‍ വെളിവായത്. പൈറസിയുമായി ബന്ധപ്പെട്ട് നിരവധി പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Asianet News Live | Malayalam Live News | Wayanad Landslide | Breaking News | HD News Streaming