'ഹാപ്പി സർദാർ' എന്ന ചിത്രം നിർമ്മിച്ച് കനത്ത നഷ്ടം നേരിട്ട നിർമ്മാതാവ് ഹസീബ് ഹനീഫിന്, നടൻ ജയറാം നൽകിയ വാക്ക് പാലിച്ചില്ലെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. 

കാളിദാസ് ജയറാം നായകനായ ഹാപ്പി സര്‍ദാര്‍ എന്ന ചിത്രം തന്‍റെ സഹോദരന്‍ കൂടിയായ നിര്‍മ്മാതാവ് ഹസീബ് ഹനീഫ് ചെയ്യാനുണ്ടായ സാഹചര്യവും വാക്ക് പാലിക്കാതിരുന്ന ജയറാമിനെക്കുറിച്ചും നടി ഉഷ ഹസീന അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ മറ്റ് ചില കാര്യങ്ങള്‍ പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്റഫ്. ഹാപ്പി സര്‍ദാറിന്‍റെ പരാജയത്തെ തുടര്‍ന്ന് മറ്റൊരു പ്രോജക്റ്റിന്‍റെ ഡേറ്റിനായി ജയറാമിനെ ഹസീബ് സമീപിച്ചിരുന്നുവെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ജയറാമിന്‍റെ പ്രതികരണം തന്‍റെ സുഹൃത്ത് കൂടിയായ ഹസീബിനെ നിരാശനാക്കിയിരുന്നുവെന്നും. തന്‍റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ആലപ്പി അഷ്റഫ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആലപ്പി അഷ്റഫിന്‍റെ വാക്കുകള്‍

ഒരു നിര്‍മ്മാതാവ് കുറേ പണം മുടക്കിയതിന് ശേഷം ഉപേക്ഷിച്ചുപോയ ഒരു പ്രോജക്റ്റ് ഏറ്റെടുത്ത് നടത്താന്‍ ഹസീബ് നിര്‍ബന്ധിതനായി. അതുവരെ ആര്‍ട്ടിസ്റ്റ് വാല്യു ഉള്ള ചിത്രങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന ഹസീബ് ഒരു പുതുമുഖ സംവിധായകന്‍റെ, അങ്ങനെയല്ലാത്ത ഒരു ചിത്രം ഏറ്റെടുത്തു. കാളിദാസ് ജയറാം നായകനായ ഹാപ്പി സര്‍ദാര്‍ എന്ന ചിത്രമായിരുന്നു അത്. എല്ലാം ബിസിനസ് കണ്ണ് കൊണ്ട് മാത്രം നോക്കിക്കാണുന്ന ഹസീബ് എന്തുകൊണ്ടാണ് ഇങ്ങനെയൊരു പടം ഏറ്റെടുത്തതെന്ന് ഞാന്‍ ചോദിച്ചു. അത് ജയറാമിലുള്ള തന്‍റെ വിശ്വാസമെന്നാണ് എന്നോട് പറഞ്ഞത്. തന്‍റെ മകന്‍റെ പടം ഹസീബ് ഏറ്റെടുക്കണം. അതിന് എന്ത് സംഭവിച്ചാലും താന്‍ ഒപ്പമുണ്ടാകുമെന്നാണ് ജയറാം പറഞ്ഞത്. എന്തുണ്ടെങ്കിലും നമുക്ക് പരിഹരിക്കാമെന്നും. ആ ഉറപ്പാണ് തന്‍റെ വിശ്വാസമെന്ന് ഹസീബ് പറഞ്ഞു. അങ്ങനെ നിരവധി കോടികള്‍ വാരിയെറിഞ്ഞുകൊണ്ട് ഷൂട്ടിംഗ് ആരംഭിച്ചു. പഞ്ചാബ്, ഹരിയാന, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലും കേരളത്തിലും ഷൂട്ടിംഗ് നടന്നു. ഹസീബ് മാര്‍വാടികളില്‍ നിന്നും വട്ടിപ്പലിശയ്ക്ക് പണമെടുത്തു. നാല് ഇടങ്ങളില്‍ നിന്നാണ് ഫൈനാന്‍സ് എടുത്തത്. റിലീസ് ചെയ്തപ്പോള്‍ പക്ഷേ പോസ്റ്റര്‍ ഒട്ടിച്ച പണം പോലും ലഭിച്ചില്ല.

ആ മാനസികാഘാതത്തില്‍ ഹസീബ് എന്ന നിര്‍മ്മാതാവും വീണു. ഈ ചിത്രത്തില്‍ ഹസീബിന് വന്ന ബാധ്യത 10 കോടിയോളമാണ്. കടം കയറി തകര്‍ന്ന നിര്‍മ്മാതാവിന് പിന്നെ ആരാണ് ഡേറ്റ് കൊടുക്കുക. ഹസീബ് ഏറെ പ്രതീക്ഷയോടെ ജയറാമിനെ സമീപിക്കുന്നു. ആടുപുലിയാട്ടത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ കാര്യം പറയാനായിരുന്നു ഇത്. എന്നാല്‍ ഡേറ്റിനായി ഒരു വര്‍ഷം കാത്തിരിക്കണമെന്നായിരുന്നു ജയറാമിന്‍റെ മറുപടി. ആ സമയത്ത് ജയറാമിന് വലിയ പടങ്ങളോ തിരക്കുകളോ ഉണ്ടായിരുന്നില്ലെന്നാണ് ഹസീബ് പറഞ്ഞത്. തന്നെ ഒഴിവാക്കാനാണ് ജയറാം ഇത് പറഞ്ഞതെന്ന് ഹസീബിന് മനസിലായി. കടക്കാര്‍ നാല് വശത്തുനിന്നും ഹസീബിനെ ശ്വാസം മുട്ടിച്ചു. തന്‍റെ സ്ഥാവരജംഗമ വസ്തുക്കളൊക്കെ ജപ്തിയുടെ വക്കിലെത്തി. ഹസീബ് എന്നോട് എല്ലാ കാര്യങ്ങളും പങ്കുവെക്കാറുണ്ടായിരുന്നു. കടുത്ത മാനസികാഘാതത്താല്‍ പക്ഷാഘാതം പിടിപെട്ട് 30 ദിവസത്തോളമാണ് അബോധാവസ്ഥയില്‍ ഹസീബ് ആശുപത്രിയില്‍ കിടന്നത്. മമ്മൂട്ടിയാണ് ഡോക്ടര്‍മാരെ വിളിച്ച് അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ഇപെടല്‍ നടത്തിയത്. ഹോസ്പിറ്റല്‍ ബില്‍ 11.50 ലക്ഷം രൂപ സെറ്റില്‍ ചെയ്തത് ബാദുഷയും ആന്‍റോ ജോസഫും ചേര്‍ന്നാണ്.

Asianet News Live | Malayalam Live News | Wayanad Landslide | Breaking News | HD News Streaming