ജാനകി വി. Vs സ്റ്റേറ്റ് ഓഫ് കേരള എന്ന പേരിലേക്ക് സിനിമ മാറ്റിയിട്ടുണ്ട്.

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് സെൻസര്‍ ബോര്‍ഡ് പ്രദർശനാനുമതി നല്‍കി. റീ എഡിറ്റ് ചെയ്‍ത പതിപ്പാണ് സെൻസർ ബോർഡ് അംഗീകരിച്ചത്. ഏഴ് മാറ്റങ്ങളോടെയാണ് സിനിമ എത്തുക. ഏറ്റവും അടുത്ത ദിവസം തന്നെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

സിനിമയിലെ കോടതി രംഗങ്ങള്‍ എഡിറ്റ്‌ ചെയ്‍തിട്ടുണ്ട്. ജാനകി വി വേഴ്സ്സ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുകയും കോടതി രംഗങ്ങളിൽ 6 ഇടത്ത് ജാനകി എന്ന പേര് മ്യൂട്ട് ചെയ്യുകയും ചെയ്‍തു. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാൻ സെൻസര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാൻ തയ്യാറാണ് എന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചുമിരുന്നു.

നേരത്തെ ആവശ്യപ്പെട്ടത് പോലെ 96 കട്ടുകളൊന്നും പറയുന്നില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സിനിമയിൽ രണ്ട് കാര്യങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. സിനിമയുടെ ഒരു മണിക്കൂര്‍ എട്ടാം മിനിറ്റിൽ 32ാം സെക്കന്‍റിലാണ് ക്രോസ് എക്സാമിനേഷൻ സീൻ സിനിമയിൽ ആരംഭിക്കുന്നത്. ആ സമയത്തുള്ള ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നാണ് പറഞ്ഞിരുന്നത്. അത് മ്യൂട്ട് ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. രണ്ടാമത്. സിനിമയുടെ പേര് മാറ്റണം എന്നായിരുന്നു ആവശ്യപ്പെട്ടത്. ജാനകി വി എന്നോ വി ജാനകി എന്നോ മാറ്റണമെന്നായിരുന്നു ആവശ്യം. ജാനകി വിദ്യാധരൻ എന്നാണ് ടൈറ്റിൽ കഥാപാത്രത്തിന്‍റെ പേര്. ആ പേര് കൊടുക്കണം എന്നും പറഞ്ഞിരുന്നു.

ജാനകി എന്ന പേര് സിനിമയുടെ നിർമ്മാതാക്കൾ ഉപയോഗിച്ചത് മനപ്പൂർവ്വം എന്നായിരുന്നു സെൻസർ ബോർഡിന്‍റെ സത്യവാങ്ങ്മൂലം. രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും. ക്രോസ് എക്സാമിനേഷൻ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ ഈ മതവിഭാഗത്തിൽ പെട്ടവരെ വ്രണപ്പെടുത്തും. ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ പോണോഗ്രാഫിക് വീഡിയോ കാണുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും സെൻസർ ബോർഡ്‌ വ്യക്തമാക്കിയിരുന്നു. മലയാളമടക്കം അഞ്ചുഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത് എന്നും രാജ്യമൊട്ടാകെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരെ വ്രണപ്പെടുത്തും. ജാനകി എന്ന കഥാപാത്രത്തെ മറ്റൊരു മതവിഭാഗത്തിൽ പെട്ടയാൾ സഹായിക്കാൻ എത്തുന്നതായി സിനിമയിൽ കാണിക്കുന്നത് ഗൂഢോദേശത്തോടെയാണ്. രാമായണത്തിലെ സീത സഹനത്തിന്റെ പര്യായം എന്നും ജാനകി എന്ന് ഉപയോഗിക്കുക വഴി പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും ആണ് സെൻസർ ബോർഡ് കോടതിയെ അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക