ആളുകൾ പറയുന്നത് കേൾക്കാറുണ്ട് 'ഇതൊരു കൊച്ചു സിനിമയാണ്...' എനിക്ക് ഇഷ്ടമല്ല അങ്ങനെ പറയുന്നത്. ഈ സിനിമ ഡിമാൻഡ് ചെയ്യുന്ന ബജറ്റ് ഇതിനുണ്ട്.
മൂന്ന് വർഷമായി അഭിജിത് അശോകൻ തന്റെ ആദ്യ സംവിധാന സംരംഭമായ 'ജനനം 1947 പ്രണയം തുടരുന്നു' എന്ന സിനിമക്ക് പുറകെ സഞ്ചരിക്കുന്നു. ഇന്ത്യക്കും പുറത്തും വിവിധ ചലച്ചിത്രോത്സവങ്ങളിൽ പുരസ്കാരങ്ങൾ നേടിയ സിനിമ, ഒടുവിൽ മാർച്ച് 15-ന് കേരളത്തിൽ പ്രദർശനത്തി. കുട്ടികളുടെ സിനിമ വിഭാഗത്തിൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കോലുമിട്ടായി (2016) നിർമ്മിച്ചാണ് അഭിജിത് അശോകൻ സിനിമാ രംഗത്ത് എത്തിയത്. 'ജനനം 1947 പ്രണയം തുടരുന്നു' തീയേറ്ററുകളിലെത്തുമ്പോൾ അഭിജിത് അശോകൻ സംസാരിക്കുന്നു.
'ജനനം 1947 പ്രണയം തുടരുന്നു' ഒരു പ്രണയകഥയാണെന്ന് മനസ്സിലായി. പക്ഷേ, ഇതിലെ കമിതാക്കൾ രണ്ട് മധ്യവയസ്കരാണ്. എന്താണ് ഈ സിനിമയുടെ പ്രമേയം?
ഇത് വളരെ ചെറിയ ഒരു കാലത്തെക്കുറിച്ചുള്ള സിനിമയാണ്. ഒരു ഓൾഡ് ഏജ് ഹോമിൽ ജീവിക്കുന്ന ഗൗരി ടീച്ചർ. അവർക്ക് ഒരു 'ഹോം' വേണം. അതാണ് അവരുടെ ഏറ്റവും വലിയ ആഗ്രഹം. അവിടെ ജോലി ചെയ്യുന്ന ശിവൻ എന്നൊരാളുണ്ട്. അയാൾക്ക് ടീച്ചറോട് അടുപ്പമുണ്ട്, ടീച്ചർക്ക് തിരിച്ചും. അവർ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. ആ തീരുമാനം ഉണ്ടാക്കുന്ന മാറ്റങ്ങളാണ് സിനിമ.
പ്രധാന കഥാപാത്രങ്ങൾ കോഴിക്കോട് ജയരാജും ലീലാ സാംസണുമാണ്...
അതെ. 70-ാം വയസ്സിൽ ഞാൻ അവതരിപ്പിക്കുന്ന നായകൻ. പക്ഷേ, അദ്ദേഹം 40 വർഷത്തോളമായി മലയാളത്തിലുണ്ട്. എന്റെ കഥാപാത്രത്തിന് വേണ്ട ശരീരഭാഷ അദ്ദേഹത്തിനുണ്ടായിരുന്നു. മലയാളികൾക്ക് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് പരിചയമുള്ള ഒരാളെ വേണം എന്നതായിരുന്നു എന്റെ ആവശ്യം. മലയാളത്തിൽ വേണ്ടപോലെ ഉപയോഗപ്പെടുത്താത്ത ഒരു നടൻ കൂടെയാണ് കോഴിക്കോട് ജയരാജ്. അദ്ദേഹം ഒരു വലിയ നടനല്ല, വലിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യുന്നയാളാണ്. കാസ്റ്റിങ്ങിനോട് നീതി പുലർത്തിയ നടനാണ്.
ലീല സാംസൺ ഞാൻ ഒരുപാട് അന്വേഷിച്ച ശേഷം എത്തിപ്പെട്ട ആർട്ടിസ്റ്റാണ്. മലയാളത്തിൽ ഒരുപാട് പേരെ ഞാൻ അന്വേഷിച്ചു, കിട്ടിയില്ല. അതിനിടയ്ക്ക് സില്ലു കരുപാട്ടി (2019) എന്ന തമിഴ് സിനിമ കണ്ടപ്പോഴാണ് ലീല സാംസണെ ശ്രദ്ധിച്ചത്. പിന്നീട് അവർ അഭിനയിച്ച ഒകെ കൺമണി (2015) കണ്ടു. അതിൽ അവരുടെ സ്ക്രീൻ പ്രസൻസ് അതിശയിപ്പിച്ചു. അവരെ വിളിച്ചപ്പോൾ തിരക്കഥ അയച്ചുകൊടുക്കാൻ പറഞ്ഞു. പിറ്റേ ദിവസം തന്നെ ഒ.കെ പറഞ്ഞു. മണിരത്നം പോലെയുള്ള സംവിധായകരുടെ കൂടെ സിനിമ ചെയ്തിട്ടുള്ളയാളാണ് ലീല സാംസൺ. അവർ വന്നപ്പോൾ സിനിമയുടെ 'കളർ' തന്നെ മാറി.
ഈ സിനിമയിൽ കൊമേഴ്സ്യൽ മൂല്യമുള്ള നായകനോ നായികയോ ഇല്ല. വളരെ ഓഫ് ബീറ്റ് ആയ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ഇതൊരു ആർട്ട് സിനിമയാണെന്ന് കരുതി ആളുകൾ മാറിനിൽക്കുമോ?
ഇതൊരു ആർട്ട് സിനിമയല്ല. വേണമെങ്കിൽ മിനിമലി കൊമേഴ്സ്യൽ ആണെന്ന് പറയാം. പക്ഷേ, എനിക്കുറപ്പാണ് 15 കോടി ബജറ്റുള്ള സിനിമകളെക്കാൾ മികച്ച അനുഭവമായിരിക്കും ഇത് തരുന്നത്. അതിന് ആളുകൾ തീയേറ്ററിൽ എത്തണം.
കുറച്ചുകൂടെ താരമൂല്യമുള്ള ആരെയെങ്കിലും കാസ്റ്റ് ചെയ്യാമായിരുന്നു എന്ന് എപ്പോഴെങ്കിലും തോന്നിയോ?
ഞാൻ ആദ്യം ഇന്ദ്രൻസിനെ സമീപിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ പ്രതിഫലം ഈ സിനിമയുടെ ബജറ്റിന് അനുസരിച്ച് താങ്ങാൻ പറ്റാത്തതായിരുന്നു. ഇന്നാണെങ്കിൽ ചിലപ്പോൾ അത് നടക്കുമായിരുന്നു. നമ്മുടെ കയ്യിൽ ബജറ്റ് കുറവായിരിക്കുമ്പോൾ തല ഉപയോഗിച്ച് കയ്യിലുള്ള സാധനങ്ങളുടെ മൂല്യം കൂട്ടാൻ എന്ത് ചെയ്യാൻ പറ്റും എന്നാണ് ഞാൻ ചിന്തിക്കാറ്. ഇന്ദ്രൻസ് ഇല്ലാത്തത് നല്ലതാണ് എന്ന് പിന്നീട് തോന്നി. കാരണം കുറച്ചുകൂടെ പുതുമയുള്ള ഒരാൾ വേണമെന്ന് എിക്ക് തോന്നി. പിന്നെ, വലിയ താരങ്ങളെ പുതിയ സംവിധായകർക്ക് ആക്സസ് ചെയ്യാൻ പറ്റില്ല. അതൊരു വാസ്തവമാണ്. ഈ സിനിമയിലെ മറ്റു കഥാപാത്രങ്ങളെ തെരഞ്ഞെടുത്തതും പ്രത്യേക ക്രൈറ്റീരിയയുടെ അടിസ്ഥാനത്തിലല്ല. എന്നോട് സഹകരിക്കാൻ തയാറായവരെ തെരഞ്ഞെടുത്തു. അനു സിതാര, നോബി, ദീപക് പറമ്പോൾ, നന്തനുണ്ണി, സജാദ് ബ്രൈറ്റ്, കൃഷ്ണപ്രഭ ഒരുപാട് പേരുണ്ട്.
ബജറ്റ്, സിനിമയുടെ ക്വാളിറ്റിയിൽ എത്രമാത്രം പ്രധാനപ്പെട്ടതാണ്?
ഞാൻ ഈ സിനിമയിൽ വർക്ക് ചെയ്ത് തുടങ്ങിയിട്ട് മൂന്നു വർഷമായി. ഓരോ വർഷവും ആദ്യം ഓരോ സെഷൻ കഴിയുമ്പോൾ പൈസ തീരും. പിന്നെ നമ്മൾ ഫണ്ട് കണ്ടെത്തണം. അതനുസരിച്ച് സിനിമ വൈകും. അത് സ്വാഭാവികമാണ്. ആളുകൾ പറയുന്നത് കേൾക്കാറുണ്ട് 'ഇതൊരു കൊച്ചു സിനിമയാണ്...' എനിക്ക് ഇഷ്ടമല്ല അങ്ങനെ പറയുന്നത്. ഈ സിനിമ ഡിമാൻഡ് ചെയ്യുന്ന ബജറ്റ് ഇതിനുണ്ട്. ഒരു സിനിമ ഡിമാൻഡ് ചെയ്യുന്ന ബജറ്റേ ആ സിനിമക്ക് കൊടുക്കാവൂ. അതല്ലാതെ അത് ഡിമാൻഡ് ചെയ്യാത്ത ബജറ്റ് കൊടുക്കരുത്. എന്നിട്ട് അത് പരാജയപ്പെട്ടു എന്ന് പറഞ്ഞിട്ട് എന്താ കാര്യം? ആദ്യമായി സിനിമ ചെയ്യുന്നവർ എപ്പോഴും കാണിക്കുന്ന ഒരബദ്ധം ഒരു സ്കെയിലും ഇല്ലാത്ത സബ്ജക്റ്റിന് കൊണ്ടുപോയിട്ട് ഭയങ്കര ഫണ്ട് ഇൻവെസ്റ്റ് ചെയ്യും എന്നതാണ്.
സിനിമ ഒരു ഗാംബിൾ ആണോ?
അതെ, 101 ശതമാനം! സിനിമ തീയേറ്ററിൽ പരാജയപ്പെട്ടാൽ അത് ഉൾക്കൊള്ളുക എന്നതല്ലാതെ പ്രൊഡ്യൂസർക്ക് ഒന്നും ചെയ്യാനില്ല. നടനാണ് പ്രൊഡ്യൂസർ എങ്കിൽ കുറച്ച് നഷ്ടം നികത്താനാകും. നല്ല സിനിമകളും തീയേറ്ററിൽ ഓടണമെന്ന് നിർബന്ധമില്ല. സിനിമയുടെ ഉള്ളടക്കം നമുക്ക് വ്യക്തിപരമായ കണക്റ്റ് ആയാലേ ആളുകൾ സിനിമ കാണൂ. കേരളത്തിൽ 3.5 കോടി ആളുകൾ ഉണ്ടെങ്കിൽ അതിൽ ഒരു ശതമാനത്തിനെ സിനിമ കണക്റ്റ് ആകൂ. അതിൽ ഒരു ശതമാനം തീയേറ്ററിൽ വന്നാൽ പോലും പ്രൊഡ്യൂസർക്ക് സിനിമ ലാഭമാകും. അതുപോലും ഇവിടെ നടക്കുന്നില്ല എന്നത് തമാശയല്ലേ?
ഇത്രയ്ക്കും അപ്രതീക്ഷിതമായ മേഖലയിൽ എങ്ങനെയാണ് തുടരുക?
എട്ട് വർഷമായി ഞാൻ സിനിമയുടെ പിറകെയാണ്. ഞാൻ ഒരു ഓഫീസ് ജോലി എടുക്കില്ലെന്ന് എനിക്കുറപ്പായിരുന്നു. എന്റെ കുടുംബം അതിന് പിന്തുണ തരുന്നുണ്ട്. എന്റെ കൈയ്യിൽ കോടികളില്ല, ലക്ഷങ്ങളില്ല, പതിനായിരങ്ങളുണ്ട്... ഇതാണ് ഇപ്പോഴത്തെ എന്റെ ഡയലോഗ്. അവിടെ നിന്ന് സിനിമയെടുക്കാനാണ് ഞാൻ ശ്രമിക്കുന്നത്. എല്ലാവരും പോകുന്ന വഴി പോകാനല്ല എന്റെ ഉദ്ദേശ്യം.
'ജനനം 1947...'ലേക്ക് തിരിച്ചു വന്നാൽ, സിനിമയുടെ സംഗീതം ഗോവിന്ദ് വസന്തയാണ്. അതേക്കുറിച്ച് പറയൂ...
അതിഗംഭീരമായിട്ടാണ് ഗോവിന്ദ് ഈ സിനിമക്ക് മ്യൂസിക് ചെയ്തത്. ആദ്യം ഈ സിനിമ രണ്ട് മണിക്കൂർ പടമായിരുന്നു. പിന്നീട് അത് ഞാൻ തീയേറ്ററിനായി ചുരുക്കി. അതിന് മുൻപ് ഞാൻ ഗോവിന്ദിനോട് മ്യൂസിക് കുറച്ചുകൂടെ 'പമ്പ്' ചെയ്യണം എന്ന് പറഞ്ഞിരുന്നു. പക്ഷേ, സിനിമ ചുരുക്കിയതിന് ശേഷം ഞാൻ വീണ്ടും സിനിമ കണ്ടപ്പോൾ മനസ്സിലായി, അയാൾ ഗംഭീരമായിട്ട് മ്യൂസിക് ചെയ്തിട്ടുണ്ട്, ഞാൻ സിനിമ ചെയ്തതിന്റെ കുഴപ്പങ്ങൾ മാത്രമേയുള്ളൂ.
