ദളപതി വിജയ്‍യുടെ മകന്റെ ചിത്രത്തെ കുറിച്ച് നടന്റെ വെളിപ്പെടുത്തല്‍.

നടൻ ദളപതി വിജയ്‍യുടെ മകൻ സംവിധായകനാകുന്നു എന്നത് ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. സുന്ദീപ് കിഷൻ നായകനാകുന്ന സിനിമ സംവിധാനം ചെയ്‍താണ് ജേസണ്‍ സഞ്‍ജയ്‍യുടെ അരങ്ങേറ്റം. നിര്‍മാണം ലൈക്ക പ്രൊഡക്ഷൻസ് ആണ്. സംഗീതം നിര്‍വഹിക്കുക തമൻ ആയിരിക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെയായിരുന്നു. പ്രഖ്യാപനം വലിയ ചര്‍ച്ചയുമായി. ജേസണ്‍ സഞ്‍ജയ്‍യുടെ സംവിധാനത്തിലുള്ള സിനിമയെ കുറിച്ച് സുന്ദീപ് കിഷൻ വെളിപ്പെടുത്തിയതും ആവേശമുണ്ടാക്കുന്നതാണ്,

രായന്റെ റിലീസിന് മുന്നേയാണ് കഥ പറഞ്ഞത് എന്ന് സുന്ദീപ് കിഷൻ വെളിപ്പെടുത്തുന്നു. ആക്ഷനും തമാശയ്‍ക്കും പ്രാധാന്യമള്ള ചിത്രമാണ്. ബ്രേക്കില്ലാതെ എന്നോട് 50 മിനിറ്റ് പറഞ്ഞു കേള്‍പ്പിക്കുകയായിരുന്നു. തിരക്കഥയില്‍ ഞാൻ ശരിക്കും ആവേശഭരിതനായി. ഇതിന് പാൻ ഇന്ത്യൻ അപ്പീലുണ്ട്. അദ്ദേഹത്തിന്റെ ഡ്രീം പ്രൊജക്റ്റില്‍ താനും ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും സുന്ദീപ് കിഷൻ വ്യക്തമാക്കുന്നു. രായനില്‍ സുന്ദീപ് കിഷനും നിര്‍ണായക കഥാപാത്രമായത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ദളപതി വിജയ് നായകനായി അടുത്തിടെ ദ ഗോട്ട് വൻ ഹിറ്റായി മാറിയിരുന്നു. ദ ഗോട്ട് ആഗോളതലത്തില്‍ 456 കോടി രൂപയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേര് ആലോചിച്ചിരുന്നത് എന്ന് നേരത്തെ സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു. എക്കാലത്തെയും മഹാൻ എന്ന അര്‍ഥത്തിലായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ദ ഗോട്ടിന് മിക്കവാറും രണ്ടാം ഭാഗം ഉണ്ടാകും എന്നും നേരത്തെ വിവിധ സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എൻഡ് ക്രെഡിറ്റില്‍ അതിന്റെ സൂചനകളുമുള്ളതാണ് സിനിമാ ആരാധകര്‍ വലിയ ആവേശമായതെന്നാണ് റിപ്പോര്‍ട്ട്. ഗോട്ട് വേഴ്‍സസ് ഒജിയെന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ട്. നായകന് പകരം വില്ലനെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിച്ചേക്കും എന്നും അജിത്ത് കുമാര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.

Read More: ആടുതോമയെ വീഴ്‍ത്തിയോ?, വല്ല്യേട്ടൻ ഓപ്പണിംഗ് കളക്ഷനില്‍ നേട്ടമുണ്ടാക്കിയോ?, ആ തുക പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക