Asianet News MalayalamAsianet News Malayalam

മരിക്കണമെന്ന് തോന്നും, എന്നാൽ കാത്തിരിക്കണം നമ്മുടെ ദിവസം വരും: സംവിധായകൻ ജയൻ വന്നേരി

ഈ മഹാമാരിയും ദുരിത കാലവുമൊക്കെ കഴിഞ്ഞ്‌ ഒരു ദിവസം വരും.. തെളിഞ്ഞ ആകാശവും നിറഞ്ഞ പുഞ്ചിരിയുമുള്ള ഒരു ദിനം. 

jayan vannery post about covid affected film industry
Author
Kochi, First Published Jul 17, 2021, 7:16 PM IST

കൊവിഡ് ലോക്ക്ഡൗണിലും നിയന്ത്രണങ്ങളിലും സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുകയാണ് മലയാള സിനിമയും ചലച്ചിത്ര പ്രവര്‍ത്തകരും. മാസങ്ങൾ കാത്തിരുന്നിട്ടും സര്‍ക്കാര്‍ ഷൂട്ടിംഗ് അനുമതി നൽകാത്ത സാഹചര്യത്തിൽ നിരവധി മലയാള സിനിമകളുടെ ഷൂട്ടിംഗ് അയൽ സംസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തൊഴിൽ രംഗത്തെ ഈ അനിശ്ചിതത്വം ചലച്ചിത്ര മേഖലയിൽ വലിയ നിരാശ പടര്‍ത്തുമ്പോൾ സഹപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നൽകുകയാണ് സംവിധായകൻ ജയൻ വന്നേരി. ഒരു സിനിമയും വെബ് സീരിസും അടക്കം തൻ്റെ രണ്ട് പ്രോജക്ടുകൾ കൊവിഡ് മൂലം പ്രതിസന്ധിയിലായെന്നും എങ്കിലും എല്ലാം ശരിയാവും എന്ന പ്രതീക്ഷയിൽ താൻ മുന്നോട്ട് പോകുകയാണെന്നും ജയൻ വന്നേരി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

ജയൻ വന്നേരിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രതീക്ഷകളില്ലെങ്കിൽ പിന്നെന്ത് ജീവിതം...!!

രാവിലെ സിനിമ പ്രതിസന്ധിയെ കുറിച്ച് ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു.. അത് വായിച്ച് ചില സുഹൃത്തുക്കൾ വിളിക്കുകയും അവരുടെ വിഷമതകൾ പറയുകയും ചെയ്തു.. ആ കൂട്ടത്തിൽ, കഴിഞ്ഞ ആറു വർഷങ്ങളായി ഒരു സിനിമ ചെയ്യാൻ അലഞ്ഞ് നടന്ന് ഒടുവിൽ സ്വപ്നം പോലൊരു അവസരം കൈ വരുകയും ഷൂട്ടിംഗ് തുടങ്ങുന്നതിനു 13 ദിവസങ്ങൾക്ക് മുൻപ് ഒന്നാം കോവിഡ് തരംഗം വരികയും ലോക്ക് ഡൗണ് ആകുകയും ആ പ്രോജക്ട് ക്യാൻസൽ ആകുകയും ചെയ്തെന്ന് പറഞ്ഞ് ഒരു സുഹൃത്ത് കുറെ സങ്കടം പറഞ്ഞു.. ഇത്ര വർഷങ്ങളുടെ കഷ്ടപ്പാടും കടവും കണ്ണീരും ഒടുവിലെ കടുത്ത നിരാശയും അയാളെ മരണത്തെ കുറിച്ച് ചിന്തിപ്പിക്കുന്നുവെന്നും ഭാര്യയെയും കുഞ്ഞുങ്ങളെയും ഓർത്താണ് അത് ചെയ്യാത്തതെന്നും പറഞ്ഞു പുള്ളി കരച്ചിലിന്റെ വക്കിലെത്തി.

എന്നോട് സിനിമയെ കുറിച്ച് പറയുന്നവരോട് ഞാൻ പറയാറുണ്ട്.. ഒരു സിനിമ ചെയ്യാൻ കഴിവും കഠിനാധ്വാനവും മാത്രം പോര, കുറച്ചധികം ഭാഗ്യവും വേണം. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി ആ ഭാഗ്യ നിർഭാഗ്യങ്ങളുടെ കളിയിൽ പെട്ട് നട്ടം തിരിയുന്ന ഒരാളാണ് ഞാൻ.. തമിഴ് നടൻ സമുദ്രക്കനിയെ വച്ച് ഒരു സിനിമ ചെയ്യാൻ എല്ലാ കാര്യങ്ങളും ഓക്കെ ആയി ടൈറ്റിൽ പോസ്റ്റർ വരെ അനൗൻസ് ചെയ്തതിന് ശേഷം പെട്ടന്നത് ക്യാൻസൽ ആയി.. പിന്നെയും പല തവണ ആ പ്രോജക്ട് റെഡി ആയി വരും ഓരോ കാരണങ്ങൾ കൊണ്ട് അത് വീണ്ടും മാറ്റി വക്ക പെടും.. അതിനിടയിൽ ചില ശാരീരിക ബുദ്ധിമുട്ടുകൾ.. സർജറി.. വിശ്രമം.. അങ്ങനെയും കുറെ സമയം പോയി. ഒടുവിൽ മറ്റൊരു സിനിമക്കായുള്ള യാത്രകളും ചർച്ചകളും നടക്കുമ്പോഴാണ് ഇടിത്തീ പോലെ കോവിഡും ലോക്ക് ഡൗണും.. ഇനി കുറച്ച് കാലത്തേക്ക് ഒന്നും നടക്കാൻ പോകുന്നില്ലെന്നും സിനിമ മരുഭൂമിയിലെ മരുപ്പച്ച പോലെ അകന്നകന്ന് പോകുകയാണെന്നറിഞ്ഞും നിരാശയോടെ കടന്നുപോയ ചില മാസങ്ങൾക്കൊടുവിൽ അപ്രതീക്ഷിതമായി ഒരു ഫോൺ കാൾ..

ഇറോസ് ഇന്റർനാഷണലിൽ നിന്ന് ഗിരീഷ് സർ ആണ്.."ജയൻ വെബ് സീരിസുകൾ കാണാറുണ്ടോ..? അതായത് നെറ്റ്‌ ഫ്‌ളിക്സിൽ ഒക്കെ വരുന്ന ഇന്റർനാഷണൽ സീരീസുകൾ..?" മണി ഹെയ്സ്റ്റും പാതാൾലോകും ഒക്കെ കണ്ടു കണ്ണു തള്ളി ഇരിക്കുന്ന സമയമായത് കൊണ്ട് പെട്ടന്ന് തന്നെ പറഞ്ഞു.."ഉവ്വ് സർ.. കാണാറുണ്ട്. "

"ഗുഡ്.. നമുക്ക് ഇറോസിന് വേണ്ടി ഒരു സീരീസ് ചെയ്യണം. പറ്റിയ കഥയുണ്ടെങ്കിൽ നമുക്കൊന്ന് ഇരിക്കാം."
കഥക്കാണോ പഞ്ഞം.. അടുത്ത ദിവസം തന്നെ സർ'നെ പോയി കണ്ട് ഒരു സ്റ്റോറി ഡീറ്റൈൽ ആയി പറഞ്ഞു.. മലയാളത്തിൽ ചെയ്താലും തമിഴ്, ഹിന്ദി ഭാഷകളിൽ കൂടി ഡബ്ബ് ചെയ്ത് റിലീസ് ചെയ്യാൻ പറ്റുന്ന ഒരു കഥയായിരുന്നു അവർക്ക് വേണ്ടത്.. എന്റെ കഥയുടെ പ്രത്യേകതയും അതായിരുന്നു. ഭാഗ്യത്തിന്റെ കളിയിൽ ആ സമയം അതെന്റെ കൂടെ നിന്നു. പിന്നെ എല്ലാം പെട്ടന്നായിരുന്നു.. ഡീറ്റൈൽ ആയി ഒരു സിനോപ്സിസ്, എപ്പിസോഡ് വൈസ് കണ്ടെന്റ്, ഡീറ്റൈൽഡ് ബഡ്ജറ്റ്, ഉദ്ദേശിക്കുന്ന ആർടിസ്റ്റുകളുടെയും ടെക്നിഷ്യൻസിന്റയും ലിസ്റ്റ്.. അങ്ങനെ എല്ലാം സർ'ന് മെയിൽ അയച്ചു.. സർ അത് ചെക്ക് ചെയ്ത് ഓക്കെ പറഞ്ഞു.. ഞാൻ ആർടിസ്റ്റുകളെയും ടെക്നീഷ്യൻസിനെയും നേരിൽ കണ്ട് കഥ പറഞ്ഞു.. മാർച്ചിൽ ഷൂട്ട് പ്ലാൻ ചെയ്തു.

ഭാഗ്യം വരുമ്പോൾ അങ്ങനെ ചുമ്മാ വന്നിട്ട് കാര്യമില്ലെന്ന് ഭാഗ്യത്തിനും അറിയാം.. അതിൽ ഒരു ത്രിൽ ഇല്ല.. അതുകൊണ്ടാവണം. വെബ് സീരിസിന്റെ സ്ക്രിപ്റ്റ് എഴുത്ത് പുരോഗമിക്കുമ്പോൾ ഒരു ദിവസം എന്റെ ആദ്യ ചിത്രത്തിന്റെ എഡിറ്ററും സുഹൃത്തും അതിലേറെ എന്റെ ഒരു മെന്ററും ആയിട്ടുള്ള വിജയ് ശങ്കറിന്റെ ഒരു കാൾ.. ഞങ്ങൾ ഏതാണ്ട് ഒരേ പ്രായമായിരുന്നിട്ടും, എന്തുകൊണ്ടോ പരിചയപ്പെട്ട കാലം തൊട്ട് ഞാൻ പുള്ളിയെ സർ എന്നാണ് വിളിക്കാറ്.. അങ്ങനെ വിജയ് സർ വിളിച്ച് എനിക്കൊരു പടം ഓഫർ ചെയ്തു.. പുള്ളി ആവശ്യപ്പെട്ട തരത്തിൽ ഒരു തിരക്കഥ അപ്പോൾ എന്റെ കയ്യിൽ ഇല്ലാത്തത് കൊണ്ട് ഏഷ്യാനെറ്റ് ന്യൂസിലെ അജിത് നമ്പ്യാർ മുൻപ് പറഞ്ഞ ഒരു കിടിലൻ ത്രില്ലർ ഞാൻ ഫോണിലൂടെ സാറിനോട് പറഞ്ഞു.. അത് സർ'ന് ഇഷ്ടമായി.. അടുത്ത ദിവസം തന്നെ കൊച്ചിയിൽ സാറിന്റെ ഫ്ലാറ്റിൽ ചെല്ലാൻ പറഞ്ഞു.. ഞാനും അജിത്തും കൊച്ചിയിൽ പോയി കഥ പറഞ്ഞു.. അപ്പോൾ, ആ പ്രോജക്ട് നടന്നാൽ സിനിമയിൽ പ്രധാന വേഷം ചെയ്യുന്ന ഒരു ആർടിസ്റ്റും അവിടെ ഉണ്ടായിരുന്നു.. കഥ അദേഹത്തിനും ഇഷ്ടമായി.. ആഗസ്റ്റിൽ ഷൂട്ട് തുടങ്ങണം. അതിനു പറ്റുന്ന രീതിയിൽ കാര്യങ്ങൾ ചെയ്തോളാൻ പറഞ്ഞ് ഞങ്ങളുടെ അക്കൗണ്ട് ഡീറ്റെയിൽസും വാങ്ങി സന്തോഷത്തോടെ അവർ ഞങ്ങളെ യാത്രയാക്കി. ഞങ്ങൾ തിരിച്ച് തിരുവനന്തപുരത്ത് എത്തുമ്പോൾ ഞങ്ങളുടെ രണ്ടു പേരുടെയും അക്കൗണ്ടിൽ അഡ്വാൻസ് വന്നു കിടക്കുന്നുണ്ടായിരുന്നു.. സിനിമക്ക് പുറകെ നടക്കുന്നവർക്കറിയാം.. ഒരു പ്രോജക്ട് സംസാരിച്ച് അഡ്വാൻസ് കിട്ടിയാലുള്ള സന്തോഷവും ധൈര്യവും. അതിൽപരം ഒരു സന്തോഷം ഇനിയെന്ത് വേണം.. തീർന്നില്ല, സന്തോഷത്തിന്റെ ഭീകര ട്വിസ്റ്റ് ഇനിയാണ്.. അതായത് കഥയിലെ പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രം ആര് ചെയ്യണം എന്ന തുടർ ചർച്ചയിൽ വിജയ് സേതുപതിയുടെ പേര് വന്നു.. ആ സമയം വിജയ് സർ വിജയ് സേതുപതിയുടെ ഒരു സിനിമ എഡിറ്റ് ചെയ്യുകയാണ്.. കമൽ ഹാസനോടൊപ്പം വർക് ചെയ്തിട്ടുള്ള, അദ്ദേഹവുമായി ഹൃദ്യമായ അടുപ്പം സൂക്ഷിക്കുന്ന വിജയ് സർ വിചാരിച്ചാൽ വിജയ് സേതുപതി ഈ പ്രോജെക്ടിലേക്ക് വരാൻ സാധ്യത കൂടുതലാണ്.. മാത്രമല്ല, അജിത്തിന്റെ സ്ക്രിപ്റ്റ് അത്ര ഗംഭീരമാണ്.. കഥ കേട്ടാൽ വിജയ് സേതുപതി സമ്മതം പറയാൻ സാധ്യത കൂടുതൽ ആണ്. ഇവരോടൊക്കെ കഥ പറയാൻ ഒരു അവസരം കിട്ടുകയാണല്ലോ പ്രയാസം. പക്ഷെ ആ പ്രയാസം വിജയ് സർ ഒഴിവാക്കി. അങ്ങനെ മേയ്'ൽ വിജയ് സേതുപതിയെ കാണാനും കഥ പറയാനും ഞങ്ങൾ തയ്യാറെടുപ്പ് തുടങ്ങി.. നോക്കണേ.. ഓരോരോ ഭാഗ്യങ്ങൾ വരുന്ന വഴി... 2021 ഞാൻ പൊരിക്കും.

പക്ഷെ.. ഈ ഭാഗ്യം എന്നൊക്കെ പറയുന്നത് എപ്പോൾ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും മാറി മറിയാവുന്ന ഒരു നെറി കെട്ട സാധനമാണ്.. മാർച്ചിൽ പ്ലാൻ ചെയ്ത വെബ് സീരീസ് ചില കാരണങ്ങൾ കൊണ്ട് മേയ്'ലേക്ക് നീട്ടി വച്ചു. പക്ഷെ, മെയ്'ൽ അപ്രതീക്ഷിതമായി ഒരു രണ്ടാം തരംഗം ഉണ്ടാവുകയും ലോക്ക് ഡൗണ് ആരംഭിക്കുകയും ചെയ്തപ്പോൾ അത്‌ വീണ്ടും ഒക്ടോബറിലേക്ക് പോയി.. മെയ്'ൽ വിജയ് സേതുപതിയെ കാണുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവക്ക പെട്ടു. ഇപ്പോൾ പറയുന്നു.. സെപ്റ്റംബർ, ഒക്ടോബർ മാസത്തിൽ ഒരു മൂന്നാം തരംഗം കൂടെ ഉണ്ടാകുമെന്ന്.. അപ്പോൾ ഭാഗ്യത്തിൽ വിശ്വസിച്ച ഞാൻ ആരായി.. ശശിയായി..! അതുകൊണ്ടാണ് ഞാൻ പറഞ്ഞത്.. വരാനുള്ളത് വഴിയിൽ തങ്ങില്ല, നമ്മളെ കഷ്ടപ്പെടുത്താനുള്ളതാണെങ്കിൽ പ്രത്യേകിച്ചും.. പക്ഷെ നമ്മൾ തോറ്റ് കൊടുക്കുമോ... പിൻ തിരിയുമോ...? അവസാന ശ്വാസം വരെയും നമ്മൾ ശ്രമിച്ചു കൊണ്ടേയിരിക്കും..

ഈ മഹാമാരിയും ദുരിത കാലവുമൊക്കെ കഴിഞ്ഞ്‌ ഒരു ദിവസം വരും.. തെളിഞ്ഞ ആകാശവും നിറഞ്ഞ പുഞ്ചിരിയുമുള്ള ഒരു ദിനം. അതാണ്.. ആ ദിനമാണ് നമ്മുടെ ദിവസം. അതുകൊണ്ട് നഷ്ടപെട്ടതോർത്തോ കഷ്ടപെട്ടതോർത്തോ നിങ്ങളാരും സങ്കടപെടണ്ട. എല്ലാം അവസാനിച്ചു എന്നും മരിക്കണമെന്നും തോന്നും.. അത് വെറും തോന്നലുകളായി തന്നെ അവിടെ നിൽക്കട്ടെ.. ഇനിയൊരു നല്ല കാലത്തിൽ നമുക്ക് ഓർത്തു ആശ്ചര്യപ്പെടാൻ അങ്ങനെ ചില തോന്നലുകൾ ഉണ്ടാകുന്നത് നല്ലതല്ലേ. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios