അനീഷ് അന്‍വറിന്റെ 'മൈ ഗ്രേറ്റ് ഗ്രാന്‍ഡ്ഫാദറാ'ണ് ജയറാമിന്റേതായി അടുത്ത് തീയേറ്ററുകളിലെത്തുന്ന ചിത്രം. 

പൃഥ്വിരാജിനും കലാഭവന്‍ ഷാജോണിനും മോഹന്‍ലാലിനും പിന്നാലെ സംവിധാന രംഗത്തേക്ക് ജയറാമും. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയറാം ഏറെക്കാലമായി മനസ്സിലുള്ള ആഗ്രഹത്തെക്കുറിച്ച് പറയുന്നത്. എപ്പോള്‍ ആരംഭിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും എന്നാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകള്‍ കഴിഞ്ഞാല്‍ സംവിധാനം ചെയ്യുന്ന സിനിമ ആരംഭിക്കണമെന്നാണ് ആഗ്രഹമെന്നും ജയറാം പറയുന്നു. 

സിനിമ സംവിധാനം ചെയ്യാനുള്ള തീരുമാനത്തെക്കുറിച്ച് ജയറാം

"സംവിധാനം എന്ന് പറയുന്നത് അത്ര എളുപ്പം പരിപാടിയൊന്നുമല്ല. ഒരു കപ്പലിന്റെ ക്യാപ്റ്റന്‍ ആവുക എന്ന് പറയുന്നത്.. പിന്നെ അതിന്റെ പ്രോസസ് എന്ന് പറയുന്നത് ഭയങ്കര വലുതാണ്, എന്നെ സംബന്ധിച്ചിടത്തോളം. അത് വളരെ നിസ്സാരമാണെന്ന് തോന്നുന്നവരുണ്ടാവാം പുതിയ തലമുറയില്‍. പക്ഷേ എന്നെ സംബന്ധിച്ച് ഒരു സിനിമ സംവിധാനം ചെയ്യുക എന്ന് പറയുന്നത് വലിയ ആഗ്രഹമാണ്. അടുത്തകാലത്ത് ഒരുപാട് പേര്‍ ഈ രംഗത്തേക്ക് വരുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്തു. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്നു. മോഹന്‍ലാല്‍ സംവിധാനം ചെയ്യാന്‍ പോകുന്നു. തീര്‍ച്ഛയായും എനിയ്ക്കും നൂറ് ശതമാനം ആഗ്രഹമുണ്ട് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന്. അത് ചിലപ്പൊ ഒരു പക്കാ കമേഴ്‌സ്യല്‍ സിനിമയൊന്നും ആവില്ല. എന്റെ മനസിലെ സങ്കല്‍പത്തിലുള്ള ഒരു സിനിമയായിരിക്കും അത്. അത് എന്താണെന്നൊന്നും ഞാനിപ്പൊ പറയുന്നില്ല. അത് ഭയങ്കരമായിട്ട് ഓടുന്ന സിനിമയൊന്നും ആയിരിക്കില്ല. എന്നാലും മലയാളി പ്രേക്ഷകര്‍ക്ക് എന്നും മനസ്സില്‍ സൂക്ഷിച്ചുവെക്കാവുന്ന ഒരു സിനിമയായിരിക്കും. ഇപ്പോള്‍ സിനിമകള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിന്റെ തിരക്കാണ്. അത് കഴിഞ്ഞാല്‍ തീര്‍ച്ഛയായും ആ സിനിമ ചെയ്യണമെന്നുള്ളത് നൂറ് ശതമാനം ജീവിതത്തിലെ ഒരു ആഗ്രഹമാണ്."

അനീഷ് അന്‍വറിന്റെ 'മൈ ഗ്രേറ്റ് ഗ്രാന്‍ഡ്ഫാദറാ'ണ് ജയറാമിന്റേതായി അടുത്ത് തീയേറ്ററുകളിലെത്തുന്ന ചിത്രം. വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിക്കുന്ന സനില്‍ കളത്തിലിന്റെ 'മാര്‍ക്കോണി മത്തായി', കണ്ണന്‍ താമരക്കുളത്തിന്റെ 'പട്ടാഭിരാമന്‍', ഒന്‍പത് വര്‍ഷത്തിന് ശേഷം സത്യന്‍ അന്തിക്കാടുമായി ഒരുമിക്കുന്ന ചിത്രം എന്നിവയാണ് ജയറാമിന്റേതായി അനൗണ്‍സ് ചെയ്യപ്പെട്ടിരിക്കുന്ന സിനിമകള്‍.