ജയറാം വീണ്ടും തെലുങ്കില്‍, ഇക്കുറി മഹേഷ് ബാബുവിനൊപ്പം
രവി തേജയുടെ പ്രതിനായകനായി എത്തിയ ധമാക്ക ആയിരുന്നു ജയറാമിന്റേതായി അവസാനമെത്തിയ തെലുങ്ക് ചിത്രം

നിലവില്‍ മലയാളത്തിലേക്കാള്‍ ജയറാമിന് സിനിമകളുള്ളത് മറു ഭാഷകളിലാണ്. വിശേഷിച്ചും തമിഴിലും തെലുങ്കിലും. കന്നഡയിലും അദ്ദേഹം ഒരു ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ താന്‍ തെലുങ്കില്‍ അടുത്തതായി ഒരു വന്‍ പ്രോജക്റ്റില്‍ ഭാഗഭാക്കാവുന്നതിന്‍റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് ജയറാം. മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം മഹേഷ് ബാബുവിന്‍റെ കരിയറിലെ 28-ാമത്തെ ചിത്രമാണ്. മഹേഷ് ബാബുവിനും ത്രിവിക്രം ശ്രീനിവാസിനുമൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ ജയറാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. "കൃഷ്ണ സാറിന്‍റെ (മഹേഷ് ബാബുവിന്‍റെ അച്ഛന്‍) ചിത്രങ്ങള്‍ തിയറ്ററില്‍ കണ്ടാണ് വളര്‍ന്നത്. ഇപ്പോള്‍ മഹേഷ് ബാബു എന്ന മനോഹരമായ വ്യക്തിത്വത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു. എന്‍റെ സ്വന്തം ത്രിവിക്രംജിക്കൊപ്പം ഒരിക്കല്‍ക്കൂടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷം", ജയറാം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പുജ ഹെഗ്‍ഡെ നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എസ് തമന്‍ ആണ്. മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.
ഓസ്കര്‍ നേട്ടത്തില്‍ വരെ എത്തിയ ആര്‍ആര്‍ആറിനു ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന ചിത്രത്തിലും നായകൻ മഹേഷ് ബാബുവാണ്. പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ചിത്രം ഒരുക്കുക. മാര്‍വെല്‍ സ്റ്റുഡിയോസിന്റെ 'തോര്‍' ആയി ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ക്രിസ് ഹെംസ്‍വെര്‍ത്ത് മഹേഷ് ബാബുവിനൊപ്പം അഭിനയിക്കും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 'സര്‍ക്കാരു വാരി പാട്ട' എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. ബോക്സ് ഓഫീസില്‍ വിജയമായിരുന്നു ചിത്രം. അതേസമയം രവി തേജയുടെ പ്രതിനായകനായി എത്തിയ ധമാക്ക ആയിരുന്നു ജയറാമിന്റേതായി അവസാനമെത്തിയ തെലുങ്ക് ചിത്രം. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്‍തത് ത്രിനാഥ റാവു നക്കിന ആയിരുന്നു.