Asianet News MalayalamAsianet News Malayalam

'മാസ്റ്ററി'നു പിന്നാലെ മലയാളത്തില്‍നിന്ന് ആദ്യമെത്തുക ജയസൂര്യ; 'വെള്ളം' റിലീസ് തീയ്യതി

'ക്യാപ്റ്റനു' ശേഷം ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ഇത്. മദ്യാസക്തിയുള്ള 'മുരളി' എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്

jayasurya starring vellam release date
Author
Thiruvananthapuram, First Published Jan 12, 2021, 10:16 PM IST

കൊവിഡ് പശ്ചാത്തലത്തില്‍ പത്ത് മാസത്തിലേറെ അടഞ്ഞുകിടന്നിരുന്ന കേരളത്തിലെ തീയേറ്ററുകള്‍ ബുധനാഴ്ച തുറക്കുകയാണ്. ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്ററി'ന്‍റെ റിലീസോടെയാവും തീയേറ്ററുകളിലേക്ക് വീണ്ടും കാണികള്‍ എത്തുക. 'മാസ്റ്ററി'ന് പിന്നാലെയെത്തുന്ന ആദ്യ മലയാളം റിലീസ് ഏതാവുമെന്ന കാര്യം നേരത്തെ ഏറെക്കുറെ ഉറപ്പായിരുന്നു. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന 'വെള്ളം' ആണ് ആ ചിത്രം. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയ്യതിയും അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. 

ജനുവരി 22നാണ് ചിത്രം തീയേറ്ററുകളിലെത്തുക. 'ക്യാപ്റ്റനു' ശേഷം ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ഇത്. മദ്യാസക്തിയുള്ള 'മുരളി' എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ. സിദ്ദിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു , ജിൻസ് ഭാസ്കർ, പ്രിയങ്ക, വെട്ടുകിളി പ്രകാശ്, മിഥുൻ, ബാല ശങ്കർ, സിനിൽ സൈനുദ്ദീൻ, അധീഷ് ദാമോദർ, സതീഷ് കുമാർ, ശിവദാസ് മട്ടന്നൂർ എന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലും എത്തുന്നു. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിനു വേണ്ടി ജോസ്‍കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം റോബി വര്‍ഗീസ്. സംഗീതം ബിജിബാല്‍. എഡിറ്റിംഗ് ബിജിത്ത് ബാല. സെൻട്രൽ പിക്ചേഴ്സ് തീയറ്ററുകളിൽ എത്തിക്കുന്നു. വിഷുവിന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് കാരണം മാറ്റേണ്ടിവരുകയായിരുന്നു. 

jayasurya starring vellam release date

 

കഥാപാത്രത്തെയും സിനിമയെയും കുറിച്ച് ജയസൂര്യ

പ്രിയമുള്ളവരേ, സിനിമയും വിനോദവുമെല്ലാം നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. തിയറ്ററുകളിൽ ഇരുന്ന് സിനിമ കാണാൻ നമ്മൾ എല്ലാവരും കൊതിച്ചിരിക്കുകയായിരുന്നു അല്ലേ. കൊവിഡ് പ്രതിസന്ധികൾക്കൊടുവിൽ തിയറ്ററുകൾ തുറന്നിരിക്കുകയാണ്. ആദ്യ ചിത്രമായി ഞാൻ അഭിനയിച്ച ‘വെള്ളം’ പ്രദർശനത്തിനെത്തുന്നത് എന്നതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. എന്‍റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ് വെള്ളം. ക്യാപ്റ്റന് ശേഷം പ്രജേഷ് സെന്നിനൊപ്പമുള്ള ചിത്രം. ഏറെ ആസ്വദിച്ച് അഭിനയിച്ച ഒരു സിനിമയാണിത്. നിങ്ങളിൽ, നമ്മളിൽ ഒരാളുടെ കഥയാണ് സിനിമ പറയുന്നത്. നമുക്ക് പരിചിതമല്ലാത്ത ഒന്നും ഈ സിനിമയിലില്ല. ഏറെ സംതൃപ്തി നൽകിയ കഥാപാത്രമാണ് വെള്ളത്തിലെ മുരളി. പൂർണ്ണമായും live sound ആയാണ്  വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. ആ അനുഭവവും ഒന്നു വേറെ തന്നെയാണ്. പ്രിവ്യൂ കണ്ടവർ മികച്ച സിനിമയെന്ന് വിലയിരുത്തിയതും വളരെ സന്തോഷം തരുന്നു. ഒരിക്കലും ‘വെള്ളം’ നിങ്ങളെ നിരാശപ്പെടുത്തില്ല എന്നത് തന്നെയാണ് എനിക്ക് തരാവുന്ന ഉറപ്പ്. അതുകൊണ്ട് തിയറ്ററുകളിലെത്തി എല്ലാവരും സിനിമ കാണണം. അഭിപ്രായം അറിയിക്കണം. ഞങ്ങളെ പിന്തുണക്കണം.

ഏറ്റവും പ്രധാനപ്പെട്ടത് ആരോഗ്യം തന്നെയാണ്. കൊവിഡ് ഭീതി നമ്മളെ വിട്ടൊഴിഞ്ഞിട്ടില്ല. എന്നാൽ കൊവിഡിനൊപ്പം ജീവിക്കാൻ നമ്മൾ ശീലിക്കുകയാണ്. കൊവിഡ് വാക്സിൻ കൂടി എത്തുന്നതോടെ മഹാമാരിയെ തുടച്ചു നീക്കാനാകുമെന്ന പ്രതീക്ഷ തന്നെയാണ് ഉള്ളത്. തിയറ്ററുകൾ പ്രവർത്തിക്കുന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെയായിരിക്കും. അത് അനുസരിക്കുന്നത് പ്രധാനമാണ്. തിക്കും തിരക്കും ഒഴിവാക്കി, സാമൂഹിക അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കുമല്ലോ. മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് മാറിയ ശേഷം മാത്രം എത്തുക. അലക്ഷ്യമായി തുപ്പുകയോ സാധനങ്ങൾ വലിച്ചെറിയുകയോ ചെയ്യാതിരിക്കുക. കുടുംബത്തിനും കുഞ്ഞുങ്ങൾക്കും വേണ്ടിയാണ് നമ്മൾ ജീവിക്കുന്നത്. കുടുംബത്തോടൊപ്പം തന്നെ കാണേണ്ട സിനിമയാണ് വെള്ളം. മികച്ച ഒരു ഫാമിലി എന്‍റര്‍ടെയ്നര്‍ ആയാണ് വെള്ളം എത്തുന്നത്. പക്ഷേ സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കണമെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു. കൂടെ നിന്ന എല്ലാവരോടും നന്ദി. സ്നേഹത്തോടെ ജയസൂര്യ.

Follow Us:
Download App:
  • android
  • ios