പൗരത്വഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്തുണയറിയിച്ച് നടന്‍ ജയസൂര്യ. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജയസൂര്യ പിന്തുണയറിയിച്ചത്. പ്രതിഷേധങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം നമുക്ക് ഒരുമിച്ച് നില്‍ക്കാമെന്നും ജയസൂര്യ കുറിച്ചു. 

നടി പാര്‍വ്വതി തിരുവോത്ത്, നടന്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ, കുഞ്ചാക്കോ ബോബന്‍ തുടങ്ങി നിരവധി മലയാളി താരങ്ങള്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. 

പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് ഇന്നലെ ആക്രമിച്ചതിനെ തുടര്‍ന്ന് രാജ്യം മുഴുവന്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കേരളത്തിലുടനീളം വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.