കേരളത്തില്‍ 150 സ്ക്രീനുകളില്‍ വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്

താന്‍ നായകനായി എത്തിയ പുതിയ ചിത്രം ജോണ്‍ ലൂഥര്‍ (John Luther) സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് ജയസൂര്യ (Jayasurya). ഇതൊരു മഹത്തരമായ സിനിമയാണെന്ന് അവകാശപ്പെടുന്നില്ലെന്നും തങ്ങളുടെ ഒരു കുഞ്ഞ് ശ്രമമാണെന്നും വീഡിയോ സന്ദേശത്തിലൂടെ ജയസൂര്യ അറിയിച്ചു. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ജയസൂര്യ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ ദുബൈയില്‍ എത്തിയപ്പോള്‍ ചിത്രീകരിച്ച വീഡിയോ ആണിത്.

അങ്ങനെ ഒരു പുതിയ സംവിധായകന്‍ കൂടി മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ്. അഭിജിത്ത് ജോസഫ്. ജോണ്‍ ലൂഥര്‍ ഒരുപാട് പേര് കണ്ടിട്ട് എനിക്ക് മെസേജുകളിലൂടെയും കോളുകളിലൂടെയുമൊക്കെ അറിയിച്ചു, പടം ഇഷ്ടമായി എന്നു പറഞ്ഞിട്ട്. എല്ലാവര്‍ക്കും നന്ദി. കാണാത്ത ഒരുപാടധികം ആളുകളുണ്ടാവും. തീര്‍ച്ഛയായിട്ടും സിനിമ കാണുക. ഇതൊരു മഹത്തരമായ സിനിമ എന്നൊന്നും അവകാശപ്പെടുന്നില്ല. ഞങ്ങളുടെ ഒരു കുട്ടി ശ്രമമാണ്. എല്ലാവര്‍ക്കും ഇഷ്ടമായി എന്നറിഞ്ഞതില്‍ വലിയ സന്തോഷം. അഭിജിത്തില്‍ നിന്നും ഇനിയും ഒരുപാടൊരുപാട് സിനിമകള്‍ സംഭവിക്കട്ടെ. ഇതുപോലെ പുതിയ സംവിധായകര്‍ ഇനിയും കടന്നുവരട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു, ജയസൂര്യ വീഡിയോയില്‍ പറയുന്നു.

കേരളത്തില്‍ 150 സ്ക്രീനുകളില്‍ വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഒരു കേസന്വേഷണത്തിനിടെ ഏല്‍ക്കുന്ന പരിക്കില്‍ നിന്ന് കേള്‍വിത്തകരാറ് സംഭവിക്കുകയാണ് ജയസൂര്യ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്. ജയസൂര്യയുടെ എക്കാലത്തെയും വേറിട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ജോണ്‍ ലൂഥര്‍. ഇതിനോട് പടവെട്ടി അയാള്‍ അന്തിമ വിജയം നേടുമോ എന്നതിലേക്ക് പ്രേക്ഷകരുടെ ആകാംക്ഷയെ ക്ഷണിക്കുകയാണ് ചിത്രത്തില്‍ സംവിധായകന്‍. ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്‍മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വാഗമണ്‍ ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. 

ALSO READ : യുഎഇ ഗോള്‍ഡൻ വിസ ഏറ്റുവാങ്ങി ജയസൂര്യ

അലോന്‍സ ഫിലിംസിന്‍റെ ബാനറില്‍ തോമസ്സ് പി മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ്. സഹനിര്‍മ്മാണം ക്രിസ്റ്റീന തോമസ്, സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍, കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റില്‍സ് നവീൻ മുരളി, സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍, ആക്ഷന്‍ ഫീനിക്സ് പ്രഭു, പരസ്യകല ആനന്ദ് രാജേന്ദ്രന്‍, വിതരണം സെഞ്ച്വറി റിലീസ്, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.