ജീൻ പോൾ ലാൽ സംവിധാനം ചെയ്ത 'ഡ്രൈവിംഗ് ലൈസൻസ്' എന്ന ചിത്രത്തിലേക്ക് ആദ്യം നായകനായി പരിഗണിച്ചത് മമ്മൂട്ടിയെയായിരുന്നുവെന്ന് ജീൻ പോൾ ലാൽ. Jean Paul Lal talks about why Mammootty rejected his movie Driving License
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഡ്രൈവിങ് ലൈസൻസ്. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രം തിയേറ്ററിലും മികച്ച പ്രതികരണമായിരുന്നു നേടിയത്. സച്ചി ആയിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ഇപ്പോഴിതാ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രം ആദ്യം പ്ലാൻ ചെയ്തത് മമ്മൂട്ടിയെ വച്ചായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ജീൻ പോൾ ലാൽ.
മമ്മൂട്ടിയും ലാലും ഒന്നിക്കുന്നത് തനിക്ക് സന്തോഷമുള്ള കാര്യമാണെന്നും എന്നാൽ കഥ കേട്ടപ്പോൾ മമ്മൂട്ടിക്ക് അത്രയ്ക്ക് വർക്ക് ആയില്ലെന്നും ജീൻ പോൾ ലാൽ പറയുന്നു. സിനിമയിൽ സാധാരണ നടനായി അഭിനയിച്ചാലും ആളുകൾ തന്നെ മമ്മൂട്ടിയായിത്തന്നെയാകും കാണുക എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ജീൻ പോൾ ലാൽ പറയുന്നു. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജീൻ പോൾ ലാലിന്റെ പ്രതികരണം.
"മമ്മൂക്കയെ വെച്ച് അത് ചെയ്യാനായിരുന്നു എന്റെ ആഗ്രഹം. കാരണം ഞാൻ അദ്ദേഹത്തിന്റെ ഒരു വലിയ ഫാൻ ബോയ് ആണ്. മമ്മൂക്കയും പപ്പയും ഒന്നിക്കുന്ന കോമ്പോ കാണുന്നത് എനിക്ക് എപ്പോഴും സന്തോഷമുള്ള കാര്യമാണ്. അങ്ങനെ മമ്മൂക്കയോട് കഥ പറഞ്ഞു, എന്നാൽ അദ്ദേഹത്തിന് കഥ അത്ര വർക്കായില്ല. അന്ന് മമ്മൂക്ക പറഞ്ഞത് ‘ഞാൻ ഒരേസമയം രണ്ട് വലിയ ഹീറോ സിനിമകൾ ചെയ്യുമ്പോൾ, ഇതിലൊരു സാധാരണ നടനായി അഭിനയിച്ചാലും ആളുകൾ എന്നെ മമ്മൂട്ടിയായിത്തന്നെയാകും കാണുക. അപ്പോൾ ആളുകൾക്ക് എന്നോട് ദേഷ്യം തോന്നും. അതുകൊണ്ട് ഒന്നുകിൽ ഞാൻ ആ രണ്ട് വേഷങ്ങളും ചെയ്യണം മമ്മൂട്ടിയായും അദ്ദേഹത്തിന്റെ ഫാൻ ബോയിയായും അഭിനയിക്കണം. പക്ഷേ, അത് സിനിമയുടെ കഥയിൽ നിന്നും ഒരു ഡിസ്ട്രാക്ഷൻ ആയി മാറും. അതുകൊണ്ട് ഈ സിനിമ ചെയ്യാൻ എനിക്ക് താല്പര്യമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്." ജീൻ പോൾ ലാൽ പറയുന്നു.
"അന്ന് എനിക്ക് അത് വല്ലാതെ വിഷമമായി. മമ്മൂക്ക എന്ത് പരിപാടിയാണ് കാണിച്ചത് എന്ന രീതിയിലാണ് ഞാൻ ചിന്തിച്ചത്. കാരണം ഞാൻ അദ്ദേഹത്തിനെ ഒരു അങ്കിൾ ആയിട്ടാണ് കാണുന്നത്. അങ്ങനെയേ എനിക്ക് അദ്ദേഹത്തിനെ പരിചയവും ഉള്ളൂ. ഇപ്പോൾ ഞാൻ മനസിലാകുന്നു എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന്. വർഷങ്ങളുടെ എക്സ്പീരിയൻസ് ഉണ്ട് അദ്ദേഹത്തിന് ഞാൻ അന്ന് ചെറിയ പയ്യനാണ്. അന്ന് പപ്പയും സച്ചി ഏട്ടനും എന്നോട് പറഞ്ഞിരുന്നു മമ്മൂക്ക കൃത്യമായ ഒരു കാഴ്ചപ്പാടില്ലാതെ അങ്ങനെ പറയില്ലെന്ന്. എന്നാൽ ഇന്ന്, അദ്ദേഹം എടുത്ത ആ തീരുമാനത്തിന്റെ ആഴം ഞാൻ കൃത്യമായി മനസ്സിലാക്കുന്നു." ജീൻ പോൾ ലാൽ കൂട്ടിച്ചേർത്തു.



