ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രം മിറാഷ് നാളെ തിയേറ്ററുകളിലെത്തുകയാണ്.
'ദൃശ്യം 3' മലയാളി പ്രേക്ഷകർ ഇത്രയധികം കാത്തിരുന്ന മറ്റൊരു ചിത്രം ഉണ്ടാവില്ല. പല റെക്കോർഡുകളും ഭേദിച്ച ദൃശ്യം സീരിസിലെ മൂന്നാം ഭാഗത്തിന്റെ എന്ത് വാർത്തകളും പ്രേക്ഷകർക്ക് കേൾക്കാൻ ആവേശമാണ്. ഇപ്പോളിതാ തന്റെ ഏറ്റവും പുതിയ ചിത്രം മിറാഷ് റീലിസിന് ഒരുങ്ങി നിൽക്കുമ്പോഴും എല്ലാവരും ചോദിക്കുന്നത് ദൃശ്യം 3ന്റെ അപ്‌ഡേഷനെന്ന് ജീത്തു ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
'മിറാഷിന്റെ ഷൂട്ട് നടക്കുമ്പോൾ നേരത്തെ എണീറ്റ് ഒരു മണിക്കൂർ ദൃശ്യം 3 യുടെ കഥ എഴുതുമായിരുന്നു. ഒന്നോ രണ്ടോ മണിക്കൂർ എഴുതി കഴിഞ്ഞാൽ പിന്നെ എന്തെങ്കിലും കഴിക്കാനുള്ള ത്വരയാണ്. ഒരു ദിവസം ബീഫും പൊറോട്ടയും കഴിക്കാനായി പുറത്തുള്ള ചെറിയ ഹോട്ടലിലേക്ക് പോയപ്പോൾ അവിടെയുള്ള പ്രായമുള്ള ഒരു ചേട്ടൻ ചോദിക്കുന്നു 'ദൃശ്യം 3 എപ്പോൾ വരുമെന്ന്'. ആര് എവിടെ കണ്ടാലും ഇതേ ചോദ്യമാണ്. അതുപോലെ ഏതോ അഭിമുഖത്തിൽ ദൃശ്യം 3 യ്ക്ക് അനുയോജ്യമായ കഥകൾ വന്നാൽ സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. ഞാനത് വിട്ടുവെങ്കിലും എനിക്ക് നിറയെ മെയിലുകൾ വന്ന് നിറഞ്ഞിരുന്നു. ഒന്നും വായിച്ചു പോലും നോക്കാതെ ഡിലീറ്റ് ചെയ്തു കളയുകയാണ് ഉണ്ടായത്. മിറാഷിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് ദൃശ്യം 3ന്റെ കഥകളുണ്ടെന്ന് പറഞ്ഞ് ആൾക്കാർ വരുമായിരുന്നു. അവരെയൊക്കെ പറഞ്ഞു വിടുകയാണ് ഉണ്ടായത്. പിന്നീട് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇടുകയാണ് ഉണ്ടായത്. ദൃശ്യത്തിന് വേണ്ടി പുറത്തുനിന്നു കഥകൾ എടുക്കുന്നില്ലെന്ന് പറഞ്ഞ്. റാമിനും മറ്റൊരു ഹിന്ദി പ്രോജക്ടിനും വേണ്ടി കുറച്ചധികം സമയം ചെലവഴിച്ചത് കൊണ്ട് ചെയ്യേണ്ടിരുന്ന പ്രോജക്ടുകൾ പെൻഡിങ്ങിൽ വന്നു. അതുകൊണ്ട് തന്നെ കുറച്ചധികം ടൈറ്റായിപോയി. ഇനി ഇപ്പോൾ നിലവിൽ പെൻഡിങ്ങിലുള്ളത് ചെയ്തു തീർത്താൽ ഒരു ബ്രേക്ക് എടുക്കണം.' - ജീത്തു ജോസഫിന്റെ വാക്കുകൾ.

ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രം മിറാഷ് നാളെ തിയേറ്ററുകളിലെത്തുകയാണ്. ആസിഫ് അലി, അപർണ ബാലമുരളി, ഹക്കീം ഷാ, ഹന്നാറെജി കോശി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇഫോർ എക്സ്പിരിമെന്റസ്, നാഥ് എസ് സ്റ്റുഡിയോ, സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ജതിൻ എം സേഥി, സി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


