ചിത്രത്തെക്കുറിച്ചുള്ള ആലോചന നേരത്തേ തന്നെ ഉണ്ടെന്നും എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ജീത്തു

ദൃശ്യം 3 ഹിന്ദിയിലും മലയാളത്തിലും ഒരേ സമയം നിര്‍മ്മിക്കാന്‍ ആലോചിക്കുന്നതായ പുതിയ റിപ്പോര്‍ട്ടുകള്‍ തള്ളി സംവിധായകന്‍ ജീത്തു ജോസഫ്. ദൃശ്യം 2 ഹിന്ദിയുടെ സംവിധായകനും സഹ തിരക്കഥാകൃത്തുമായ അഭിഷേക് പതക്കും സഹ രചയിതാക്കളും മൂന്നാം ഭാ​ഗത്തിന്‍റെ ആശയം ജീത്തു ജോസഫിന് മുന്നില്‍ അവതരിപ്പിച്ചെന്നും ഇത് ഇഷ്ടപ്പെട്ട ജീത്തു മൂന്നാം ഭാഗത്തിന്‍റെ തിരക്കഥാരചനയില്‍ ആണെന്നും അടുത്ത വര്‍ഷം ചിത്രം നിര്‍മ്മിക്കപ്പെടുമെന്നും ബോളിവുഡ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് വെബ് സൈറ്റ് ആയ പിങ്ക് വില്ലയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്രിക്കുന്നു. ഈ റിപ്പോര്‍ട്ടിനെയാണ് ജീത്തു ജോസഫ് ഇപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുന്നത്.

ചിത്രത്തെക്കുറിച്ചുള്ള ആലോചന നേരത്തേ തന്നെ ഉണ്ടെന്നും എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ജീത്തു ദി ഫോര്‍ത്തിനോട് പറഞ്ഞു. "ദൃശ്യം 3 നായി പുറത്തുനിന്ന് കഥ എടുക്കില്ല. കഥ കേട്ടെന്ന് പറയുന്നത് വാസ്തവമല്ല. എല്ലാം ഒത്തുവരുമ്പോള്‍ മാത്രം സംഭവിക്കേണ്ട സിനിമയാണ് അത്. എപ്പോള്‍, എങ്ങനെ എന്ന് ഇപ്പോള്‍ പറയാനാകില്ല", ജീത്തു ജോസഫ് പറയുന്നു.

ദൃശ്യം പോലെ ഭാഷാതീതമായി ജനപ്രീതി നേടിയ ഒരു ഫ്രാഞ്ചൈസി മലയാളത്തിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ത്തന്നെ മറ്റൊന്നില്ല. 2013 ക്രിസ്മസിന് കാര്യമായ പ്രീ റിലീസ് പബ്ലിസിറ്റി ഒന്നുമില്ലാതെ എത്തുമ്പോള്‍ ജീത്തു ജോസഫോ മോഹന്‍ലാലോ സിനിമാപ്രേമികളോ കരുതിയിരുന്നില്ല ചിത്രം ഒരു കള്‍ട്ട് ആയി മാറുമെന്ന്. പക്ഷേ അത് സംഭവിച്ചു. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട് അവിടങ്ങളിലെല്ലാം വിജയം നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാ​ഗം 2021 ഫെബ്രുവരിയില്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രൈം വീഡിയോയിലൂടെയാണ് എത്തിയത്. ആദ്യ ഭാ​ഗത്തിന് സമാനമായി തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട ദൃശ്യം 2 അവിടങ്ങളിലെല്ലാം ശ്രദ്ധ നേടി. അജയ് ദേവ്​ഗണ് നായകനായ ഹിന്ദി പതിപ്പ് 2022 ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. 

ALSO READ : വിദഗ്‍ധ ചികിത്സയ്ക്ക് ആശുപത്രിയിലേക്ക്? ബിഗ് ബോസിനെ തീരുമാനം അറിയിച്ച് വിഷ്‍ണു

WATCH : 'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം Part 2 | Firoz Khan