കാര്‍ത്തിയെ നായകനാക്കി ജീത്തു ജോസഫ് തമിഴില്‍ ഒരുക്കുന്ന ചിത്രം 'തമ്പി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. കാര്‍ത്തിക്കൊപ്പം ജ്യോതികയും സത്യരാജുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം അടുത്തമാസം തീയേറ്ററുകളിലെത്തും. ദൃശ്യത്തിന്റെ റീമേക്കായ 'പാപനാശ'മായിരുന്നു ജീത്തുവിന്റെ ആദ്യ തമിഴ് ചിത്രം. അതിനുശേഷം ഒരുക്കുന്ന ചിത്രമാണ് തമ്പി. സൂര്യയാണ് ട്വിറ്ററിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

വയാകോം 18 സ്റ്റുഡിയോസും സുരാജ് സദാനയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ ഡി രാജശേഖറാണ്. സംഗീതം ഗോവിന്ദ് വസന്ദ. അതേസമയം 'കൈതി' നേടിയ അഭൂതപൂര്‍വ്വമായ വിജയത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന കാര്‍ത്തി ചിത്രമാവും തമ്പി. കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു കൈതി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷന് ത്രില്ലര്‍ ചിത്രം ആഗോള ബോക്‌സ്ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ പ്രവേശിച്ചു. ആദ്യമായാണ് ഒരു കാര്‍ത്തി ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടുന്നത്.