ജൂണിൽ ആയിരുന്നു ദൃശ്യം 3യുടെ ഔദ്യോ​ഗിക പ്രഖ്യാപനം. 

ലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയാണ് ദൃശ്യം 3. മോളിവുഡിന്റെ തലവര തന്നെ മാറുന്നതിൽ പ്രധാന പങ്കുവഹിച്ച ദൃശ്യം ഫ്രാഞ്ചൈസി ഭാഷാഭേതമെന്യെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. വിവിധ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടു. മോഹൻലാലിന്റെ കരിയറിലെ ദി ബെസ്റ്റ് കഥാപാത്രങ്ങളിലുമൊന്നുമായി ചിത്രത്തിലെ ജോർജുകുട്ടി. ആ സിനിമയുടെ മൂന്നാം ഭാ​ഗം വരുന്നുവെന്ന് പറയുമ്പോൾ ചെറുതല്ലാത്ത ആവേശം തന്നെ മലയാളികൾക്കുണ്ടാകും. ഒടുവിൽ ജൂണിൽ ദൃശ്യം 3യുടെ ഔദ്യോ​ഗിക പ്രഖ്യാപനവും എത്തി.

ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയെന്ന് പറയുകയാണ് സംവിധായകൻ ജീത്തു ജോസഫ്. മാനസികവും ശാരീരികവുമായുള്ള പോരാട്ടമായിരുന്നു അതെന്നും ജീത്തു പറഞ്ഞു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ നിര്‍മല കോളേജില്‍ ഫിലിം ആന്റ് ഡ്രാമ ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്

"ഇന്നലെ രാത്രിയാണ് ഞാൻ ദൃശ്യം 3യുടെ ക്ലൈമാക്സ് എഴുതി ക്ലോസ് ചെയ്തത്. ഇത്രയും നാളും അതിന്റെ ടെൻഷനിലായിരുന്നു. കാരണം മിറാഷ് എന്ന ആസിഫ് അലി പടത്തിന്റെ ഷൂട്ട്, വലതുവശത്തെ കള്ളൻ പടത്തിന്റെ പരിപാടി. എല്ലാ ദിവസവും രാവിലെ മൂന്നരയ്ക്ക് എഴുന്നേറ്റ് എഴുതും. മാനസികമായും ശാരീരികമായുമുള്ള പോരാട്ടമായിരുന്നു. പക്ഷേ ഇന്നലെ ആ റിലീഫ്കിട്ടി. ഇവിടെ മ്യൂസിക് ഇട്ടപ്പോൾ ദൃശ്യം ഒന്നും രണ്ടും മൂന്നും ഇങ്ങനെ മനസിലൂടെ പോകുകയായിരുന്നു. അത് വല്ലാത്തൊരു ഫീലാണ്", എന്നായിരുന്നു ജീത്തു ജോസഫ് പറഞ്ഞത്.

ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ ജൂണ്‍ 21ന് ആയിരുന്നു ദൃശ്യം 3യുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്