എന്റെ അച്ഛനും അനുജനും ചെയ്ത പടമാണ്. അതിൽ ഞാൻ അധികം അഭിപ്രായം പറയാതിരിക്കുന്നതല്ലേ അതിന്റെ മാന്യതയെന്നും ഗോകുൽ.
ഏറെ നാളത്തെ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ, സുരേഷ് ഗോപി ചിത്രം ജെഎസ്കെ ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവും ജെഎസ്കെയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇരുവർക്കും ഒപ്പം ഗോകുൽ സുരേഷും രാവിലെ സിനിമ കാണാൻ എത്തി. ഇതിനിടയിൽ ഓൺലൈൻ മീഡിയയോട് ഗോകുൽ പറഞ്ഞ മറുപടി വീഡിയോ ശ്രദ്ധനേടുകയാണ്.
ജെഎസ്കെയിൽ മാധവിന്റെ പ്രകടനം എങ്ങനെ ഉണ്ടെന്നായിരുന്നു ചോദ്യം. ഇതിന് ആദ്യം മറുപടി പറയാൻ മടിച്ച ഗോകുൽ, "പാപ്പരാസികൾക്ക് ഞാൻ മറുപടി കൊടുക്കാറില്ല. ടാഗ് ഉള്ള മീഡിയയ്ക്ക് ഞാൻ മറുപടി കൊടുക്കാം. പാപ്പരാസികൾക്ക് തരില്ല. നിങ്ങൾ കണ്ടന്റുകൾ വളച്ചൊടിക്കുന്ന ടീമാണ്. നിങ്ങളൊരു കമ്പനിയ്ക്കിത് വിക്കുമല്ലോ. അവരതിനെ വളച്ചൊടിക്കും. പത്ത് ഹെഡ്ലൈൻ ഇട്ട് വിടും. എനിക്കറിയാം നിങ്ങളെ", എന്നാണ് പറഞ്ഞത്. എന്റെ അച്ഛനും അനുജനും ചെയ്ത പടമാണ്. അതിൽ ഞാൻ അധികം അഭിപ്രായം പറയാതിരിക്കുന്നതല്ലേ അതിന്റെ മാന്യതയെന്നും ഗോകുൽ പറയുന്നുണ്ട്.
പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജെഎസ്കെ. നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വന്ന ചിത്രത്തില്‍ അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.



