'ബ്രോ ഡാഡി'യേക്കാള്‍ മുന്‍പ് ഈ സിനിമയുടെ ചിത്രീകരണം നടക്കും
'ദൃശ്യം 2'ന്‍റെ അഭൂതപൂര്‍വ്വമായ വിജയത്തിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആ വിവരം സ്ഥിരീകരിച്ചിരിക്കുകയാണ് ജീത്തു. മിസ്റ്ററി ത്രില്ലര്‍ ആണ് ഒരുങ്ങുന്നതെന്നും നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആയിരിക്കുമെന്നും ജീത്തു ജോസഫ് 'ദ ക്യൂ'വിനോട് പറഞ്ഞു.
അടുത്തിടെ പ്രഖ്യാപിക്കപ്പെട്ട, പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന 'ബ്രോ ഡാഡി'യേക്കാള്‍ മുന്‍പേ ചിത്രീകരണം നടക്കുക ജീത്തു ജോസഫ് ചിത്രത്തിന്‍റേതായിരിക്കും. സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയാലുടന്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമെന്നും ജീത്തു പറയുന്നു.
അതേസമയം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ 'റാം' കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. വിദേശത്തും ഷൂട്ടിംഗ് പ്ലാന്‍ ചെയ്‍തിരുന്ന ചിത്രത്തിന്‍റെ ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാകാനിരിക്കെയായിരുന്നു കൊവിഡ് ആദ്യതരംഗവും പിന്നാലെയുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപനവും. കുറച്ചു ദിവസങ്ങള്‍ ആവശ്യമുള്ള ഇന്ത്യന്‍ ഷെഡ്യൂളിനു ശേഷം ലണ്ടന്‍, ഉസ്ബെക്കിസ്ഥാന്‍ ഷെഡ്യൂളുകളാണ് ചിത്രത്തിന് പൂര്‍ത്തിയാക്കാനുള്ളത്. കൊവിഡ് സാഹചര്യത്തില്‍ മാറ്റം വരുന്ന മുറയ്ക്ക് ഈ ചിത്രത്തിലേക്കും ജീത്തുവിന് കടക്കേണ്ടതുണ്ട്.
അതേസമയം ദൃശ്യം 2ന്‍റെ തിയറ്റര്‍ റിലീസ് അടുത്തിടെ സിംഗപ്പൂരിലും ഗള്‍ഫിലും നടന്നിരുന്നു. യുഎഇ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലായി 37 സ്ക്രീനുകളിലും സിംഗപ്പൂരിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ ഗോള്‍ഡന്‍ വില്ലേജ് സിനിപ്ലെക്സുകളിലുമാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. സമീപകാല ഇന്ത്യന്‍ ഒടിടി റിലീസുകളിലെ ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2'. 2013ല്‍ പുറത്തെത്തിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗം ഫെബ്രുവരി 19നാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ എത്തിയത്. പല ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട 'ദൃശ്യ'ത്തിന്‍റെ രണ്ടാംഭാഗം ആയതിനാല്‍ പാന്‍ ഇന്ത്യന്‍ തലത്തിലുള്ള പ്രീ റിലീസ് ശ്രദ്ധ നേടിയിരുന്നു ദൃശ്യം 2. ദൃശ്യത്തിന്‍റെ പേര് മോശമാക്കിയില്ല എന്നു മാത്രമല്ല, വലിയ പ്രേക്ഷകപ്രീതിയും നേടി ദൃശ്യം 2. ഡയറക്റ്റ് ഒടിടി റിലീസിനു പിന്നാലെ ടെലിവിഷന്‍ പ്രീമിയറിലും നേട്ടമുണ്ടാക്കിയ ചിത്രമാണ് ദൃശ്യം 2. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായിരുന്ന മെയ് 21ന് ഏഷ്യാനെറ്റിലൂടെയായിരുന്നു ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍. ബാര്‍ക്കിന്‍റെ (ബ്രോഡ്‍കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) കണക്കനുസരിച്ച് മലയാളം ടെലിവിഷനില്‍ ആ വാരം ഏറ്റവുമധികം കാണികളെ ലഭിച്ച പരിപാടി ദൃശ്യം 2 പ്രീമിയര്‍ ആയിരുന്നു. ലഭിച്ച ഇംപ്രഷനുകള്‍ 66 ലക്ഷം. 21 ടിവിആര്‍ പോയിന്‍റുകളും പ്രീമിയര്‍ നേടി. ഐഎംഡിബിയുടെ ഈ വര്‍ഷത്തെ ജനപ്രിയ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ നാലാമതാണ് ദൃശ്യം 2.
