Asianet News MalayalamAsianet News Malayalam

'ഫ്രീഡം ഫൈറ്റു'മായി ജിയോ ബേബി; ആന്തോളജി ചിത്രത്തില്‍ മറ്റു നാല് സംവിധായകരും

ജിയോ ബേബിക്കൊപ്പം കുഞ്ഞില മാസ്സിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സീസ് ലൂയിസ് എന്നിവരാണ് സംവിധായകര്‍

jeo babys new film is an anthology with four other directors titled freedom fight
Author
Thiruvananthapuram, First Published Oct 24, 2021, 11:03 AM IST

'ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' (The Great Indian Kitchen) എന്ന ശ്രദ്ധേയ ചിത്രത്തിനു ശേഷം ജിയോ ബേബി (Jeo Baby) ഒരുക്കുന്ന സിനിമ പ്രഖ്യാപിച്ചു. 'ഫ്രീഡം ഫൈറ്റ്/ സ്വാതന്ത്ര്യ സമരം' (Freedom Fight) എന്നു പേരിട്ടിരിക്കുന്ന ചിത്രം പക്ഷേ ആന്തോളജി (Anthology) വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ജിയോ ബേബിക്കൊപ്പം മറ്റു നാല് സംവിധായകരുടെ ചിത്രങ്ങളും ചേര്‍ന്നതാണ് ആന്തോളജി. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടിയാണ് (Mammootty) പുറത്തിറക്കിയിരിക്കുന്നത്.

ജിയോ ബേബിക്കൊപ്പം കുഞ്ഞില മാസ്സിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സീസ് ലൂയിസ് എന്നിവരാണ് സംവിധായകര്‍. ജോജു ജോര്‍ജ്, രോഹിണി, രജിഷ വിജയന്‍, ശ്രിന്ദ, സിദ്ധാര്‍ഥ ശിവ, കബനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റെ നിര്‍മ്മാതാക്കളായിരുന്ന മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്‍ണു രാജന്‍ എന്നിവരാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. 

ജിയോ ബേബിയുടെ ഫിലിമോഗ്രഫിയിലെ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'. ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന് ചര്‍ച്ചയായി. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മൂന്ന് പുരസ്‍കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു. മികച്ച ചിത്രം, മികച്ച തിരക്കഥാകൃത്ത് (സംവിധായകന്‍ ജിയോ ബേബി തന്നെ), മികച്ച ശബ്‍ദരൂപകല്‍പ്പന (ടോണി ബാബു) എന്നിങ്ങനെയാണ് ചിത്രത്തിനു ലഭിച്ച പുരസ്‍കാരങ്ങള്‍. മികച്ച സംവിധായകനുള്ള പദ്‍മരാജന്‍ പുരസ്‍കാരം ചിത്രം ജിയോ ബേബിക്ക് നേടിക്കൊടുത്തിരുന്നു. ഐഎംഡിബി ഇന്ത്യന്‍ പോപ്പുലര്‍ ലിസ്റ്റിലും ഇടംപിടിച്ച ചിത്രമായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.

Follow Us:
Download App:
  • android
  • ios