വീണ്ടും തമിഴ് സിനിമയെ ഏറ്റെടുത്ത് മലയാളി; രണ്ടാം വാരം സ്ക്രീന്‍ കൗണ്ടില്‍ വന്‍ വര്‍ധനവുമായി 'ജിഗര്‍തണ്ടാ'
2014 ല്‍ പുറത്തെത്തിയ ജിഗര്‍തണ്ടയുടെ സീക്വല്‍ ആണ് ചിത്രം

ഭാഷാഭേദമില്ലാതെ മികച്ച ഉള്ളടക്കവും അവതരണവുമായി എത്തുന്ന സിനിമകളെ എക്കാലവും ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട് മലയാളി. ഒടിടി അനന്തര കാലത്ത് ഇതരഭാഷാ സിനിമകള്‍ ഇഷ്ടപ്പെടുന്ന മലയാളി സിനിമാപ്രേമികളുടെ എണ്ണവും കൂടി. ഫലം മലയാള ചിത്രങ്ങളേക്കാള്‍ അധികം ഇതരഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ വിജയിക്കുന്നുണ്ട്. അതില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ മാത്രമല്ല എന്നതാണ് കൌതുകം. ജയിലറിനും മാര്‍ക്ക് ആന്‍റണിക്കും ലിയോയ്ക്കുമൊക്കെ ശേഷം മറ്റൊരു തമിഴ് ചിത്രവും കേരളത്തില്‍ ആളെക്കൂട്ടുകയാണ്.
രാഘവ ലോറന്‍സ്, എസ് ജെ സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം 2014 ല്‍ പുറത്തെത്തിയ ജിഗര്‍തണ്ടയുടെ സീക്വല്‍ ആണ്. പിരീഡ് ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം ദീപാവലി റിലീസ് ആയി നവംബര്‍ 10 നാണ് എത്തിയത്. ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായം വന്നതോടെ വാരാന്ത്യത്തില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തമിഴ്നാടിനൊപ്പം കേരളത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കേരളത്തില്‍ സ്ക്രീന്‍ കൌണ്ട് കൂട്ടിയിരിക്കുകയാണ് ചിത്രം.
ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം. നവംബര്‍ 10 ന് 105 തിയറ്ററുകളിലാണ് എത്തിയതെങ്കില്‍ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ 150 തിയറ്ററുകളിലേക്ക് ചിത്രം സ്ക്രീന്‍ കൌണ്ട് വര്‍ധിപ്പിച്ചിട്ടുണ്ട്. രാഘവ ലോറന്‍സും എസ് ജെ സൂര്യയും മത്സരിച്ച് അഭിനയിച്ചിട്ടുള്ള ചിത്രത്തില്‍ മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയ്ക്കും നിമിഷ സജയനും പ്രാധാന്യമുള്ള വേഷങ്ങള്‍ ഉണ്ട്. കാര്‍ത്തിക് സുബ്ബരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്നാണ് ചിത്രത്തെക്കുറിച്ച് ഉയരുന്ന അഭിപ്രായം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക