ഏക് വില്ലന്‍ റിട്ടേണ്‍സിന്‍റെ ഡബ്ബിംഗും ഷാരൂഖ് ഖാന്‍ നായകാവുന്ന പഠാനിലെ തന്‍റെ ഭാഗത്തിന്‍റെ ചിത്രീകരണവും പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ജോണ്‍ എബ്രഹാം ടെഹ്‍രാന്‍ ആരംഭിക്കുന്നത്
ജോണ്‍ എബ്രഹാമിനെ (John Abraham) നായകനാക്കി നവാഗതനായ അരുണ്‍ ഗോപാലന്‍ സംവിധാനം ചെയ്യുന്ന ടെഹ്‍രാന്‍ (Tehran Movie) ചിത്രീകരണം ഇന്നു മുതല്‍. ആഗോള രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ത്രില്ലര്‍ ചിത്രമാണിത്. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതെന്ന് അണിയറക്കാര്‍ വ്യക്തമാക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് റിതേഷ് ഷായും ആഷിഷ് പ്രകാശ് വര്‍മ്മയും ചേര്‍ന്നാണ്. പരസ്യചിത്ര സംവിധായകനെന്ന നിലയില്‍ ശ്രദ്ധ നേടിയ അരുണ്‍ ഗോപാലന്‍ ഏജന്‍റ് വിനോദ് എന്ന ചിത്രത്തില്‍ ഛായാഗ്രഹണ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏക് വില്ലന്‍ റിട്ടേണ്‍സ് എന്ന ചിത്രത്തിന്‍റെ ഡബ്ബിംഗും ഷാരൂഖ് ഖാന്‍ നായകാവുന്ന പഠാനിലെ തന്‍റെ ഭാഗത്തിന്‍റെ ചിത്രീകരണവും പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ജോണ്‍ എബ്രഹാം ടെഹ്‍രാന്‍ ആരംഭിക്കുന്നത്. ആഗോള രാഷ്ട്രീയത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് മികച്ചൊരു അനുഭവമായിരിക്കും പുതിയ ചിത്രമെന്ന് ജോണ്‍ എബ്രഹാം പറയുന്നു- റഷ്യ- ഉക്രൈന്‍ പ്രതിസന്ധി ശ്രദ്ധിക്കുന്ന ഒരാളാണോ നിങ്ങള്‍, ചൈന എന്താണ് ചെയ്യുന്നതെന്ന് അത്ഭുതപ്പെടുന്ന ഒരാളാണോ, ഈ വിഷയങ്ങളെല്ലാം ഉള്‍പ്പെടുന്ന ഒരു ചിത്രമാണ് ടെഹ്‍രാന്‍. ഒരു ഗംഭീര സിനിമയായിരിക്കും ഇത്, ജോണ്‍ പറയുന്നു.
അറ്റാക്ക് ആയിരുന്നു ജോണിന്‍റേതായി അവസാനം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്‍തത് ലക്ഷ്യ രാജ് ആനന്ദ് ആയിരുന്നു. എന്നാല്‍ ബോക്സ് ഓഫീസില്‍ വന്‍ പരാജയമാണ് ഈ ചിത്രത്തിന് നേരിടേണ്ടി വന്നത്. മോഹിത് സൂരി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ഏക് വില്ലന്‍ റിട്ടേണ്‍സ്, ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാന്‍ എന്നിവയാണ് ജോണ്‍ എബ്രഹാമിന്‍റേതായി പുറത്തെത്താനിരിക്കുന്ന മറ്റു ചിത്രങ്ങള്‍.
