ഒരു കഥ പോലും എഴുതാത്ത താനാണ് നൂറോളം തിരക്കഥകളെഴുതിയതെന്നും ജോണ്‍ പോള്‍ അഭിമുഖത്തില്‍ പറഞ്ഞു (John Paul).

മലയാളത്തിന്റെ ഇതിഹാസ ചലച്ചിത്രകാരൻമാരില്‍ ഒരാളായ ജോണ്‍ പോളും വിടവാങ്ങിയിരിക്കുന്നു. എന്നുമെന്നും മലയാളികള്‍ ഓര്‍ക്കാൻ ഇഷ്‌‍ടപ്പെടുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍ ഓര്‍മയില്‍ ബാക്കിയാക്കിയാണ് ജോണ്‍ പോള്‍ വിടവാങ്ങിയിരിക്കുന്നത്. സമാന്തര - വാണിജ്യ സിനികമളില്‍ ഒരുപോലെ വിജയം കണ്ട ചലച്ചിത്രകാരനാണ് ജോണ്‍ പോള്‍. പരന്ന വായനയും തെളിഞ്ഞ ചിന്തയുമുള്ള ചലച്ചിത്രകാരനുമായിരുന്നു ജോണ്‍ പോള്‍ (John Paul).

എന്തുകൊണ്ടോ ജോണ്‍ പോളിന്റെ സംവിധാനത്തില്‍ ഒരു സിനിമ കാണാൻ മലയാളികള്‍ക്ക് ഭാഗ്യമുണ്ടായില്ല. സിനിമ സംവിധാനം ചെയ്യാത്തതിന് കാരണം പ്രധാനം തിരക്കുകളായിരുന്നുവെന്ന് ജോണ്‍ പോള്‍ മനോരമയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. സിനിമ ചെയ്യില്ല എന്ന വാശിയൊന്നും വെച്ചിട്ടില്ലായിരുന്നു. ഒരുപാട് പേരുടെ ഓഫറുകളും സമ്മര്‍ദ്ദങ്ങളുമുണ്ടായിരുന്നു. പക്ഷേ, ഞാൻ ഇല്ലെങ്കില്‍ സിനിമ ചെയ്യില്ല എന്ന് വാശിപിടിക്കുന്ന ചിലരുണ്ടായിരുന്നു. ഭരതനും മോഹനുമൊക്കെ മൂന്ന് മാസമൊക്കെ എനിക്ക് വേണ്ടി കാത്തിരുന്നു. അങ്ങനെ കാത്തിരിക്കുന്നുവെന്ന് പറയുമ്പോള്‍ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം വളരെ വലുതാണ്. അത്രയും സിനിമകളുടെ തിരക്കില്‍ ഞാൻ നില്‍ക്കുമ്പോള്‍ സംവിധായകനെന്ന പേര് വെച്ച് ഒരു സിനിമ സംവിധാനം ചെയ്യുന്നതില്‍ എനിക്ക് അര്‍ഥം കാണാനായില്ല എന്ന് ജോണ്‍ പോള്‍ പറയുന്നു.

Read More : തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു

അപ്പോള്‍ ഒരു മൂന്ന് മാസമെങ്കിലും മറ്റൊരു കഥയെ കുറിച്ച് ആലോചിക്കാതെ ഒരു സിനിമയിലേക്ക് കടക്കും മുന്നേ എന്നെ ഞാൻ ഒരുക്കണമായിരുന്നു. ഒരു ഒമ്പത് മാസം മറ്റെല്ലാം മാറ്റിവെച്ച് നിന്നാല്‍ മാത്രമേ അത് സാധ്യമാകൂ. തിരക്കുകള്‍ അല്‍പം കുറഞ്ഞു വന്നപ്പോള്‍ ആരോഗ്യകരമായ പ്രശ്‍നം വന്നു. ഞാൻ ഒരു കസേരയില്‍ ഇരുന്ന് മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കേണ്ട അവസ്ഥ വന്നു. അപ്പോള്‍ അങ്ങനെ തന്റെ പേരില്‍ സംവിധാനം വയ്‍ക്കുന്നത് വലിയ ഭംഗിയായി തോന്നിയില്ല. പക്ഷേ സിനിമയില്‍ ഇനി മാറ്റങ്ങള്‍ വരുന്ന കാലത്ത് സംവിധാനം ചെയ്‍തുവെന്ന് വരാം. 

എംഎ പാസായപ്പോള്‍ രണ്ട് കോളേജിലെങ്കിലും അധ്യാപകനായി എനിക്ക് ജോലി കിട്ടുമായിരുന്നു. പഠിപ്പിക്കാൻ എന്നെ കൊള്ളില്ലെന്ന് കരുതി വേണ്ടെന്ന് വെച്ചയാളാണ് ഞാൻ. നാലോ അഞ്ചോ പേര് കൂടുന്നയിടത്ത് ഒരു കാര്യം പറയണമെന്നുണ്ടെങ്കില്‍ സഭകമ്പം മൂലം വിറയ‍്‍ക്കുമായിരുന്നു. ആ ഞാൻ പ്രഭാഷകനായി, ഏറ്റവും കൂടുതല്‍ മാധ്യമ പഠന കളരിയില്‍ സജീവ സാന്നിദ്ധ്യമായി. ഒരു കഥ പോലും എഴുതാത്ത ഞാൻ നൂറോളം തിരക്കഥകള്‍ എഴുതി. 

നമ്മുടെ ഉള്ളില്‍ എന്താണ് എന്നത് എല്ലാം കൂടി ചേര്‍ന്ന് ചുരണ്ടി എടുക്കുകയാണ്. ഇനിയും എന്നില്‍ എന്തെല്ലാം നിക്ഷേപിക്കപ്പെടുന്നു എന്ന് എനിക്ക് അറിയില്ല. ചിലപ്പോള്‍ ഒന്നും ഉണ്ടാകില്ല. എന്തെങ്കിലും ഉണ്ടെന്ന് വിചാരിച്ച് അതിന്റെ പിറകെ അലഞ്ഞവനല്ല ഞാൻ. സിനിമയെ ഇഷ്‍ടമായിരുന്നു. സിനിമയുടെ ഭാഗമാകാൻ ഇന്നോളം ശ്രമിച്ചിട്ടില്ല ഞാൻ. സിനിമ എന്നെ തേടി വന്നുവെന്നത് ഒരു പെരുമ പറയുന്നതല്ല. സിനിമയിലുള്ള എന്റെ സുഹൃത്തുക്കള്‍ക്ക് ഞാൻ അവരോടൊപ്പം ഉണ്ടാകണം എന്ന് തോന്നി. സിനിമയിലുള്ള ഒരു വാര്‍പ്പ് സംവിധാനത്തോടും എനിക്ക് കമിറ്റ്‍മെന്റ് ഇല്ലായിരുന്നു. എനിക്കൊരു വര്‍ജിൻ ഫിലിമിക് മൈൻഡ് ഉണ്ടായിരുന്നു. അത് പ്രയോജനപ്പെടുത്താൻ അവര്‍ക്ക് തോന്നിയ സ്വാര്‍ഥ താല്‍പര്യം ആയിരിക്കണം എന്നെ ചേര്‍ത്തണച്ചതിന് പിന്നില്‍ ഉണ്ടായത്. അതിന്റെ ഗുണഭോക്താവായത് താനായി എന്ന് മാത്രമെന്നും ജോണ്‍ പോള്‍ അഭിമുഖത്തില്‍ പറയുന്നു.