Asianet News MalayalamAsianet News Malayalam

'ആറാട്ടില്‍ ഞാനുമുണ്ട്'; മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവച്ച് ജോണി ആന്‍റണി

മമ്മൂട്ടിയെ നായകനാക്കി 2016ല്‍ പുറത്തെത്തിയ 'തോപ്പില്‍ ജോപ്പനാ'ണ് ജോണി ആന്‍റണിയുടെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തെത്തിയ ചിത്രം. എന്നാല്‍ ഇപ്പോള്‍ അഭിനേതാവ് എന്ന നിലയില്‍ തിരക്കുള്ളയാളാണ് അദ്ദേഹം

johny antony about mohanlal starrer aaraattu
Author
Thiruvananthapuram, First Published Dec 6, 2020, 12:57 PM IST

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ആറാട്ടി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ ഇന്ന് രാവിലെ പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ ഏറെ പ്രാധാന്യത്തോടെ കടന്നുവരുന്ന വിന്‍റേജ് ബെന്‍സ് കാറില്‍ നിന്നും 'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന മോഹന്‍ലാല്‍ കഥാപാത്രം ഇറങ്ങുന്ന ദൃശ്യം ഉള്‍ക്കൊള്ളുന്നതായിരുന്നു പോസ്റ്റര്‍. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് തനിക്കുള്ള പ്രതീക്ഷയെക്കുറിച്ച് പറയുകയാണ് സംവിധായകനും നടനുമായ ജോണി ആന്‍റണി. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് അദ്ദേഹം.

"ആറാട്ടിൽ ഞാനുമുണ്ട്. ഇട്ടിമാണിക്കു ശേഷം ലാലേട്ടനോടൊപ്പം അഭിനയിക്കുന്നു .ബി ഉണ്ണികൃഷ്ണന്‍റെ സംവിധാനത്തിൽ ആദ്യമായി അഭിനയിക്കുന്നു. അതുപോലെ തന്നെ ഞാൻ സംവിധാനം ചെയ്ത 5 സിനിമകൾ എഴുതിയ ഉദയകൃഷ്ണയുടെ സിനിമയിലും ആദ്യമായി അഭിനയിക്കുന്നു. അങ്ങനെ വളരെ പ്രതീക്ഷ നൽകുന്ന ഒരു സിനിമയും കഥാപാത്രവുമാണ് ഇത്", ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പങ്കുവച്ചുകൊണ്ട് ജോണി ആന്‍റണി ഫേസ്ബുക്കില്‍ കുറിച്ചു.

johny antony about mohanlal starrer aaraattu

 

മമ്മൂട്ടിയെ നായകനാക്കി 2016ല്‍ പുറത്തെത്തിയ 'തോപ്പില്‍ ജോപ്പനാ'ണ് ജോണി ആന്‍റണിയുടെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തെത്തിയ ചിത്രം. എന്നാല്‍ ഇപ്പോള്‍ അഭിനേതാവ് എന്ന നിലയില്‍ തിരക്കുള്ളയാളാണ് അദ്ദേഹം. ഡ്രാമ, ഇട്ടിമാണി മേഡ് ഇന്‍ ചൈന, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളില്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ആസ്വാദകപ്രീതി നേടിയിരുന്നു. 

അതേസമയം 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് മോഹന്‍ലാല്‍ ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. കറുത്ത നിറത്തിലുള്ള വിന്‍റേജ് ബെന്‍സ് കാറിലാണ് ഗോപന്‍റെ സഞ്ചാരം. ഏറെ പ്രാധാന്യത്തോടെയാണ് ഈ വാഹനം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. 'രാജാവിന്‍റെ മകനി'ലെ സംഭാഷണത്തിലൂടെ ഹിറ്റ് ആയ ഫോണ്‍ നമ്പര്‍ '2255' ആണ് കാറിന്‍റെ നമ്പര്‍. 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണ് ഇത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരും അഭിനയിക്കുന്നു. 

Follow Us:
Download App:
  • android
  • ios