Asianet News MalayalamAsianet News Malayalam

'ഫൈറ്റ് സീക്വന്‍സുകളിലെ ഫേവറിറ്റ് ലാലേട്ടന്‍'; ജോജു ജോര്‍ജ് പറയുന്നു

'ഫൈറ്റ് സീന്‍ എടുക്കുന്ന ലൊക്കേഷനിലേക്ക് വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരമേയുള്ളൂ. വണ്ടിയോടിച്ച് ചെല്ലുമ്പൊ ഒരു പത്തുമൂവായിരം പേര് ഇടി ഷൂട്ട് ചെയ്യുന്നത് കാണാനായിട്ട് നില്‍പ്പുണ്ട്. മിക്കവാറും അറിയാവുന്ന ആളുകളാണ്.'
 

joju george about his favourite fight sequences of mohanlal
Author
Thiruvananthapuram, First Published Aug 22, 2019, 10:47 PM IST

'ജോസഫ്' എന്ന ചിത്രത്തിലെ കഥാപാത്രവും പ്രകടനവുമായിരുന്നു ജോജു ജോര്‍ജ്ജിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ബ്രേക്ക്. എല്ലാത്തരം പ്രേക്ഷകരും കൈയ്യടികളോടെ സ്വീകരിച്ച പ്രകടനത്തിന് പുരസ്‌കാരങ്ങളും ലഭിച്ചു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ അവാര്‍ഡിലെ പ്രത്യേക പരാമര്‍ശവും. 'ജോസഫ്' ജോജുവിലെ നടന് മുന്നില്‍ ഒട്ടേറെ അവസരങ്ങളാണ് തുറന്നിടുന്നത്. ജോഷി നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം 'പൊറിഞ്ചു മറിയം ജോസി'ലെ 'പൊറിഞ്ചു' ആവുന്നത് അദ്ദേഹമാണ്. ഫൈറ്റ് സീക്വന്‍സുകള്‍ക്ക് പ്രാധാന്യമുള്ള സിനിമയാണിത്. തന്റെ കഥാപാത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ തന്നെ ഒരു സംഘട്ടന രംഗത്തോടെയാണെന്നും സ്വന്തം നാട്ടില്‍വച്ചാണ് അത് ചിത്രീകരിച്ചതെന്നും പറയുന്നു ജോജു. മോഹന്‍ലാലിന്റെ ഫൈറ്റ് സീക്വന്‍സുകളോടുള്ള തന്റെ താല്‍പര്യത്തെക്കുറിച്ചും പറയുന്നു ജോജു. ചിത്രത്തില്‍ 'മറിയ'ത്തെ അവതരിപ്പിക്കുന്ന നൈല ഉഷയുമായുള്ള വീഡിയോ സംഭാഷണം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി തയ്യാറാക്കിയതാണ്.

'മുന്‍പുള്ള പല സിനിമകളിലും തല്ല് കൊണ്ട് ഓടുന്ന കഥാപാത്രങ്ങളായി ജോജുവിനെ കണ്ടിട്ടുണ്ട്. പക്ഷേ ഈ സിനിമയില്‍ ജോജുവിന്റെ ആരാധകര്‍ക്ക് കഥാപാത്രത്തിന്റെ നാടന്‍ തല്ല് കാണാന്‍ പറ്റും', നൈല ഉഷ പറയുന്നു. സിനിമയില്‍ തന്റെ കഥാപാത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ ഫൈറ്റ് ഷൂട്ട് ചെയ്യുന്നതിന് മുന്‍പുള്ള ആലോചനയെക്കുറിച്ചാണ് ജോജുവിന്റെ പ്രതികരണം. 'ഇന്‍ട്രൊഡക്ഷന്‍ ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് ഞാന്‍ ആലോചിച്ചു, ആരുടെ ഫൈറ്റ് സീനുകളാണ് എനിക്ക് ഏറ്റവും ഇഷ്ടമെന്ന്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടി ലാലേട്ടന്റെ ഇടിയാണല്ലോയെന്ന് അപ്പോള്‍ ഓര്‍ത്തു. കിരീടത്തിലെ ഇടി, സ്ഫടികത്തിലെ ആടുേേതാമയുടെ ഇടി..'

'ഫൈറ്റ് സീന്‍ എടുക്കുന്ന ലൊക്കേഷനിലേക്ക് വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരമേയുള്ളൂ. വണ്ടിയോടിച്ച് ചെല്ലുമ്പൊ ഒരു പത്തുമൂവായിരം പേര് ഇടി ഷൂട്ട് ചെയ്യുന്നത് കാണാനായിട്ട് നില്‍പ്പുണ്ട്. മിക്കവാറും അറിയാവുന്ന ആളുകളാണ്. 'നീ എന്തൂട്ടാ ഇവിടെകിടന്ന് കാണിക്കണേ, എന്നൊന്ന് കാണണോല്ലോ' എന്ന മട്ടിലായിരുന്നു അവരുടെയൊക്കെ മുഖഭാവം. പന്ത്രണ്ട് ഫൈറ്റേഴ്‌സും 250 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമുണ്ടായിരുന്നു അവിടെ. പക്ഷേ ഇതെങ്ങനെ ചെയ്യും എന്ന് എനിക്ക് ഒരു ഐഡിയ കിട്ടുന്നുണ്ടായിരുന്നില്ല. വെല്ലുവിളി എന്താണെന്ന് വച്ചാല്‍ ജോഷി സാറിനെ പ്രീതിപ്പെടുത്തുക എന്നതിനേക്കാള്‍ വലുതായിരുന്നു നാട്ടുകാരെ കണ്‍വിന്‍സ് ചെയ്യിക്കുക എന്നത്. അവരുടെ മുന്നില്‍ അഭിനയിച്ച് ചളമായി ഫൈറ്റ് ചെയ്യാന്‍ അറിയാതെ തിരിച്ചുപോകുന്ന ഒരു അവസ്ഥയെ ഞാന്‍ ഭയന്നു. അതിനാല്‍ ലൈവ് ആയി കണ്ടുനില്‍ക്കുന്ന നാട്ടുകാര്‍ക്ക് ഒറിജിനല്‍ എന്ന് തോന്നുന്ന തരത്തിലായിരുന്നു ആ സംഘട്ടനരംഗങ്ങളില്‍ അഭിനയിച്ചത്', നൈല ഉഷയോട് ജോജു വിശദീകരിക്കുന്നു.

"

Follow Us:
Download App:
  • android
  • ios