നാല് വര്‍ഷത്തോളം നീണ്ടുനിന്ന ഇടവേളയ്ക്ക് ശേഷം പുതിയ സിനിമയുമായി മാര്‍ട്ടിന്‍ പ്രക്കാട്ട്. ജോജു ജോര്‍ജ്ജും കുഞ്ചാക്കോ ബോബനുമാണ് നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോജു ടൈറ്റില്‍ കഥാപാത്രമായെത്തിയ 'ജോസഫി'ന്റെ തിരക്കഥാകൃത്ത് ഷാഹി കബീറിന്റേതാണ് രചന. ഛായാഗ്രഹണം ഷൈജു ഖാലിദ്.

ദുല്‍ഖര്‍ സല്‍മാന്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ 'ചാര്‍ലി'യാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് അവസാനം സംവിധാനം ചെയ്ത ചിത്രം. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഉടമസ്ഥതയിലുള്ള മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സും സംയുക്തമായാണ് പുതിയ സിനിമ നിര്‍മ്മിക്കുന്നത്. 

മൂന്നാര്‍ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിലേക്കുള്ള കാസ്റ്റിംഗ് കോള്‍ കഴിഞ്ഞ ദിവസം അനൗണ്‍സ് ചെയ്തിരുന്നു. 22-26 പ്രായപരിധിയിലുള്ള, ഇരുനിറമുള്ള സ്ത്രീകളെയും 50-65 പ്രായപരിധിയിലുള്ള പുരുഷന്മാരെയുമാണ് തേടുന്നത്. 2020 ജനുവരിയിലാവും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. 2020 ഏപ്രിലില്‍ റിലീസ് ചെയ്യാനാണ് പദ്ധതി.