കഥാപാത്രങ്ങളുടെ അവിസ്മരണീയമായ പ്രകടനങ്ങളും അസാധാരണമായ അഭിനയ മുഹൂർത്തങ്ങളും സമ്മാനിച്ച ‘ആശ’ റിവ്യു.
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ഉർവശിയ്ക്കൊപ്പം സിനിമയിൽ എത്തി ചുരുങ്ങിയ കാലങ്ങൾ കൊണ്ടുതന്നെ വേറിട്ട ക്യാരക്ടർ റോളുകൾ ചെയ്ത് തന്റേതായ സ്ഥാനം സ്വന്തമാക്കിയ ജോജു ജോർജ് അഭിനയിക്കുന്ന ചിത്രം. അതാണ് ആശ എന്ന ചിത്രത്തിലേക്ക് മലയാള സിനിമാസ്വാദകരെ കണക്ട് ചെയ്യിച്ച ഘടകം. പ്രൊമോഷൻ മെറ്റീരിയലുകളിൽ നിന്നെല്ലാം ചിത്രം ഒരു ഫാമിലി-മിസ്റ്ററി ത്രില്ലറായിരിക്കുമെന്ന സൂചനകൾ നൽകിയിരുന്നു. ആ സൂചനകൾ തന്നെയാണ് ആശ എന്ന സിനിമയും.
രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ആശ സംവിധാനം ചെയ്തത് നവാഗതനായ സഫർ സനൽ ആണ്. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉർവശിയാണ്. ആശയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അവരുടെ കഥാപാത്രവും സ്വഭാവവും എന്താണെന്ന് വ്യക്തമാക്കി കൊണ്ടാണ് ആശ തുടങ്ങുന്നത്. വാശിയും വൈരാഗ്യം നിറഞ്ഞ, ഒപ്പം തന്റെ മക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്തും ചെയ്യാൻ മുതിരുന്നൊരു ക്യാരക്ടർ ആണ് ആശയുടേത്. വഴിയേ പോകുന്ന പ്രശ്നങ്ങൾ ഏണിവച്ച് പിടിക്കുന്ന സ്വഭാവക്കാരിയായ ആശയ്ക്ക് അനിഘ(ഐശ്വര്യ ലക്ഷ്മി), അനിത(ലക്ഷ്മി മേനോൻ) എന്നിങ്ങനെ രണ്ട് പെൺമക്കളുണ്ട്. ഒരിക്കൽ അനിഘയുമായി യാത്ര ചെയ്യുന്നതിനിടെ ഒരപകടനം സംഭവിക്കുകയും ജീമോൻ(ജോജു ജോർജ്) എന്നയാളുമായി തർക്കത്തിലേർപ്പെടുകയും ചെയ്യുന്നു. പിന്നീട് വാശിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത ആശയും ജീമോനും തമ്മിലുള്ള കൊമ്പുകോർക്കലാണ് ആദ്യപകുതി. രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ ആശയുടെ മാനസിക സംഘർഷങ്ങളും ഇടയിൽ വന്നുചേരുന്ന പ്രശ്നങ്ങളെ എങ്ങനെ അവർ നേരിടുന്നു എന്നതുമാണ് പറയുന്നത്.
ഉർവശി തന്റെ കരിയറിൽ ഇതുവരെ ചെയ്യാത്തൊരു കഥാപാത്രമാണ് ആശ. ഭർത്തൃപീഡനം കാരണമുണ്ടായ ട്രോമയും പേറി രണ്ട് പെൺമക്കളേയും വളർത്തുന്ന, സ്വാർത്ഥത കലർന്ന സ്നേഹം പ്രകടിപ്പിക്കുന്ന, ആത്മസംഘർഷത്താൽ വീർപ്പുമുട്ടുന്ന, ഒറ്റപ്പെടല്‍ അനുഭവിക്കുന്ന അമ്മയായി ഉർവശി ഗംഭീര പ്രകടനം തന്നെ കാഴ്ചവച്ചിട്ടുണ്ട്. സിനിമയിലെ ഏറ്റവും വലിയ ഹൈലൈറ്റും ഉർവശിയുടെ പ്രകടനം തന്നെയാണ്. ജീമോൻ എന്ന കഥാപാത്രമായി ജോജുവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. സന്തോഷ് എന്ന വേഷത്തിൽ വിജയ രാഘവനും അനിഘയായി ഐശ്വര്യ ലക്ഷ്മിയും അടക്കം ഒരു സീനിൽ വന്ന് പോകുന്ന അഭിനേതാക്കൾ വരെ അവരുടെ ഭാഗങ്ങൾ മികച്ചതാക്കിയിട്ടുണ്ട്.
കഥാപാത്രങ്ങളുടെ അവിസ്മരണീയമായ പ്രകടനങ്ങളും അസാധാരണമായ അഭിനയ മുഹൂർത്തങ്ങളും സമ്മാനിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ സഫർ സനൽ, ജോജു ജോർജ്, രമേഷ് ഗിരിജ എന്നിവർ ചേർന്നാണ്. മധു നീലകണ്ഠന്റെ ക്യാമറയും ഗോവിന്ദ് വസന്തയുടെ സംഗീതവും ആശയുടെ മാറ്റ് കൂട്ടുന്നതിൽ മികച്ച നിന്നിട്ടുണ്ട്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി, അസോ. ക്യാമറ : ബിനു, സൗണ്ട് മിക്സിങ്ങ്: തപസ് നായക്, ഡി ഐ: കളർ പ്ലാനറ്റ് സ്‌റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വി എഫ് എക്സ് : മെരാകി, സ്റ്റിൽസ്: അനൂപ് ചാക്കോ, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.



