Asianet News MalayalamAsianet News Malayalam

ജോജുവിന്‍റെ സംവിധാന അരങ്ങേറ്റം വമ്പന്‍ സ്കെയിലില്‍; ബിഗ് ബജറ്റ് ചിത്രം 5 ഭാഷകളില്‍

ജോജു ജോർജ്‌ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്

joju george directorial pani movie to be released on september
Author
First Published Aug 10, 2024, 11:34 PM IST | Last Updated Aug 10, 2024, 11:34 PM IST

നടന്‍ ജോജു ജോര്‍ജ് സംവിധാന അരങ്ങേറ്റം കുറിക്കുന്ന ചിത്രം പണി സെപ്റ്റംബറില്‍ തിയറ്ററുകളിലെത്തും. ജോജു തന്നെ നായകനുമായി എത്തുന്ന ചിത്രത്തില്‍ ബിഗ്‌ബോസ് മുന്‍ മത്സരാര്‍ഥികളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്. അറുപതിലധികം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒപ്പം ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. 

ജോജു ജോർജ്‌ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഗിരി എന്നാണ് ചിത്രത്തില്‍ ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഈ സിനിമയ്ക്കായി ഒരു വര്‍ഷക്കാലം മറ്റൊരു സിനിമയും ചെയ്യാതെയാണ് ജോജു ജോലി ചെയ്തത്. ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിന്റെ നായികയായി വീണ്ടും മലയാളത്തിൽ എത്തുന്നത് പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. ചിത്രത്തിന്റെ വിതരണ സംബന്ധമായി മുന്‍ നിര വിതരണ കമ്പനികളുമായി ചര്‍ച്ചയിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍.

ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്‍റെയും എ ഡി സ്റ്റുഡിയോസിന്റെയും ശ്രീ ഗോകുലം മൂവീസിന്റെയും ബാനറുകളില്‍ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു, ജിന്റോ ജോർജ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. പിആര്‍ഒ ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.

ALSO READ : 'വിടുതലൈ പാർട്ട് 2' കേരള വിതരണാവകാശം മെറിലാൻഡ് റിലീസിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios