മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലായൊരുങ്ങുന്ന 'പീസ്‌' ഒരു സറ്റയർ മൂവിയാണ്‌.

ജോജു ജോർജിനെ(Joju George) നായകനാക്കി നവാഗതനായ സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന 'പീസി'ന്റെ(Peace) ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വളരെ രസകരമായ രീതിയിലാണ് പോസ്റ്റർ അണിയിച്ചൊരുക്കിയിരിക്കുന്നത്. രമ്യാ നമ്പീശൻ, അനിൽ നെടുമങ്ങാട്, അതിഥി രവി, അനിൽ രാധാകൃഷ്ണൻ മേനോൻ, ആശ ശരത്ത്, ഷാലു റഹീം, അർജുൻ സിങ്, വിജിലേഷ്, മാമുക്കോയ, തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. 

മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ നിര്‍മ്മിക്കുന്ന‌ 'പീസ്‌' ഒരു ആക്ഷേപഹാസ്യ ത്രില്ലർ ചിത്രമാണ്‌. കാർലോസ് എന്ന ഓൺലൈൻ ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളിൽ 75 ദിവസങ്ങൾ കൊണ്ടാണ് ഷൂട്ടിം​ഗ് പൂർത്തിയാക്കിയത്. 

View post on Instagram

സംവിധായകന്‍റെ തന്നെ കഥയ്ക്ക് സഫര്‍ സനല്‍, രമേശ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ അലി, വിനായക് ശശികുമാര്‍, സന്‍ഫീര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജുബൈര്‍ മുഹമ്മദ്. വിനീത് ശ്രീനിവാസനും ഷഹബാസ് അമനും പാടിയിരിക്കുന്നു. ഛായാഗ്രഹണം ഷമീര്‍ ജിബ്രാന്‍. എഡിറ്റിംഗ് നൗഫല്‍ അബ്‍ദുള്ള. സൗണ്ട് ഡിസൈന്‍ അജയന്‍ അടാട്ട്.