കൊറോണ വൈറസ് എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ എല്ലാവരും വീടുകളിൽ തന്നെ ഇരിപ്പാണ്. വിവിധ തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെട്ടാണ് പലരും ഈ ലോക്ക്ഡൗൺ കാലം മുന്നോട്ട് കൊണ്ടുപോകുന്നത്. പാചകം, നൃത്തം, കരകൗശല വസ്തുക്കളുടെ നിർമ്മാണം, തുടങ്ങി നിരവധി മേഖലകളിലും ഭൂരിഭാ​ഗം പേരും കൈവച്ചു. എന്നാൽ ഈ ഒഴിവ് സമയം മാതൃകാപരമായി ഉപയോ​ഗിച്ചിരിക്കുകയാണ് നടൻ ജോജു ജോർജ്.

സിനിമാ തിരക്കുകൾ ഇല്ലാതായതോടെ സ്വന്തമായി പച്ചക്കറി കൃഷിയും പശുവളർത്തലും നടത്തുകയായിരുന്നു ജോജു. താരം തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. പച്ചക്കറികളുടെയും പശുവിന്റെയും കോഴികളുടെയും ചിത്രങ്ങളും ജോജു പങ്കുവച്ചിട്ടുണ്ട്. സജീവ് പാഴൂരും ‍ഡോക്ടർ വിപിനും ആണ് തന്നെ സഹായിച്ചതെന്നും ജോജു ഫേസ്ബുക്കിൽ കുറിക്കുന്നു.

സ്വന്തം വീട്ടിൽ മികച്ച രീതിയിലെ കൃഷി നടത്തി അനുഭവസമ്പത്തുള്ള ആളാണ് സജീവ്. വീട്ടാവശ്യത്തിനായി സജീവ്  പച്ചക്കറിയും മീനും പുറത്തു നിന്ന് വാങ്ങുന്നയാളല്ലെന്നും ജോജു പറയുന്നു. രണ്ട് വെച്ചൂർ പശു, ഒരു ആട്, നാടൻ കോഴി, മത്സ്യ കൃഷി എന്നിവയും ജോജുവിനുണ്ട്. കുട്ടികൾക്കും അച്ഛനമ്മമാർക്കും വിഷമയമില്ലാത്ത ഭക്ഷണം നൽകുന്നതിന്റെ ചാരിതാർഥ്യവും ജോജു മറച്ചുവയ്ക്കുന്നില്ല. എല്ലാവരും ഇത്തരം കാര്യങ്ങൾ സ്വന്തം വീടുകളിൽ തുടങ്ങണമെന്ന ഉപദേശവും ജോജു‌ നൽകാന്നു.