സംവിധായകന്‍റെ തന്നെ കഥയ്ക്ക് സഫര്‍ സനല്‍, രമേശ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്

ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീന്‍ സംവിധാനം ചെയ്യുന്ന 'പീസ്' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. അഭിനയിക്കുന്ന താരങ്ങളുടെയൊന്നും ചിത്രം കൂടാതെ ബഹളമയം എന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രീകരണത്തിനൊപ്പമാണ് 'പീസ്' എന്ന ടൈറ്റില്‍. അനില്‍ നെടുമങ്ങാട്, ആശ ശരത്ത്, അദിതി രവി, ഷാലു റഹിം, രമ്യ നമ്പീശന്‍, വിജിലേഷ് കരയാട്, അര്‍ജുന്‍ സിംഗ്, മാമുക്കോയ, പൗളി വല്‍സന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനില്‍ നെടുമങ്ങാടിന്‍റെ അവസാന ചിത്രം കൂടിയാണ് ഇത്.

പീസി'ന്റെ ഒഫീഷ്യൽ ടൈറ്റിൽ ലോഞ്ച്‌ മോഹൻലാൽ, രക്ഷിത്‌ ഷെട്ടി, വിജയ്‌ സേതുപതി, ഭരത്‌ തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ നിർവ്വഹിച്ചു.‌ സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ നിര്‍മ്മിക്കുന്ന‌ 'പീസ്‌' ഒരു ആക്ഷേപഹാസ്യ ത്രില്ലർ ചിത്രമാണ്‌. കാർലോസ് എന്ന ഓൺലൈൻ ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളിൽ 75 ദിവസങ്ങൾ കൊണ്ട്‌ പൂർത്തീകരിച്ച ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്‌.

സംവിധായകന്‍റെ തന്നെ കഥയ്ക്ക് സഫര്‍ സനല്‍, രമേശ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ അലി, വിനായക് ശശികുമാര്‍, സന്‍ഫീര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജുബൈര്‍ മുഹമ്മദ്. വിനീത് ശ്രീനിവാസനും ഷഹബാസ് അമനും പാടിയിരിക്കുന്നു. ഛായാഗ്രഹണം ഷമീര്‍ ജിബ്രാന്‍. എഡിറ്റിംഗ് നൗഫല്‍ അബ്‍ദുള്ള. സൗണ്ട് ഡിസൈന്‍ അജയന്‍ അടാട്ട്.