ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം ജോജുവിന് ലഭിച്ചിരുന്നു. ജോസഫിലെ അഭിനയത്തിനാണ് പുരസ്‍കാരം. അവാര്‍ഡ് ലഭിച്ചതില്‍ അഭിനന്ദിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ജോജു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ജോജുവിന്റെ പ്രതികരണം.

അഭിനന്ദനങ്ങൾക്കു നന്ദി. നമ്മുടെ നാട് വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് എനിക്ക് പുരസ്‍കാരം ലഭിച്ചിരിക്കുന്നത്. ഞാൻ വീട്ടിലില്ല. വീടെത്താൻ കഴിഞ്ഞിട്ടില്ല. ബാംഗ്ലൂരാണ് ഇപ്പോഴുള്ളത്. എയർപോർട്ട് അടച്ചതുകൊണ്ട് ഇവിടെ പെട്ടുപോയി. നിരവധിപേരുടെ അഭിനന്ദന സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. എല്ലാവർക്കും നന്ദി- ജോജു പറയുന്നു.

നമ്മുടെ നാട് ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്‍നത്തെ പരസ്‍പര സഹകരണത്തോടെ പരിഹരിക്കാൻ ശ്രമിക്കാം. എന്തായാലും ഈ സിനിമ തന്ന പപ്പേട്ടനോട് നന്ദി പറയുകയാണ്.  പ്രശ്‍നങ്ങളും വെള്ളപ്പൊക്കവും കഴിഞ്ഞ് നമുക്കെല്ലാവർക്കും ചേർന്നു പൊളിക്കാം- ജോജു പറയുന്നു.