വാക്കീന്‍ ഫിനിക്‌സിന് മികച്ച നടനുള്ള അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത 'ജോക്കര്‍' ഇന്ത്യയില്‍ റീ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സ് പിക്‌ചേഴ്‌സ്. വാലന്റൈന്‍ ദിനമായ ഈ വെള്ളിയാഴ്ചയാണ് (14) ചിത്രം ഇന്ത്യയിലെ തീയേറ്ററുകളിലെത്തുക. പ്രധാന നഗരങ്ങളിലെ മള്‍ട്ടിപ്ലെക്‌സുകളിലാവും റീ റിലീസ്. ഫിനിക്‌സിന് മികച്ച നടനുള്ള അവാര്‍ഡിനൊപ്പം മറ്റൊരു പുരസ്‌കാരവും 'ജോക്കറി'ന് ലഭിച്ചിരുന്നു. മികച്ച ഒറിജിനല്‍ സ്‌കോറിന് ലഭിച്ച പുരസ്‌കാരമാണ് അത്.

അതേസമയം ഓസ്‌കര്‍ നേട്ടത്തിന് പിന്നാലെ മറ്റൊരു ഹോളിവുഡ് ചിത്രവും ഇതേദിവസം ഇന്ത്യയില്‍ റീ റിലീസ് ചെയ്യുന്നുണ്ട്. ഡികാപ്രിയോയും ബ്രാഡ് പിറ്റും ഒരുമിച്ചെത്തിയ ക്വെന്റിന്‍ ടരന്റിനോ ചിത്രം 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്' ആണ് ഈ വെള്ളിയാഴ്ച ഇന്ത്യയിലെ തീയേറ്ററുകളിലേക്ക് വീണ്ടുമെത്തുന്നത്. മികച്ച സഹനടനുള്ള പുരസ്‌കാരം ബ്രാഡ് പിറ്റിന് നേടിക്കൊടുത്ത ചിത്രം മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള അവാര്‍ഡും നേടിയിരുന്നു. 

റിലീസിംഗ് സമയത്ത് ഇന്ത്യയില്‍ നിരൂപകശ്രദ്ധ നേടിയ ചിത്രമാണ് 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്' എങ്കില്‍ 'ജോക്കര്‍' നിരൂപകശ്രദ്ധയ്‌ക്കൊപ്പം മികച്ച ബോക്‌സ്ഓഫീസ് വിജയവും നേടിയിരുന്നു. 423 കോടി രൂപ ബജറ്റുള്ള ചിത്രം ആഗോള കളക്ഷനിലൂടെ നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സിന് നേടിക്കൊടുത്ത ലാഭം എട്ടിരട്ടിയിലേറെ ആയിരുന്നു!