ജോണി ആന്‍റണി ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ നായകനായിട്ടുള്ളത് മമ്മൂട്ടിയാണ്

ജോണി ആന്‍റണിയുടെ സംവിധാനത്തില്‍ അവസാനം തിയറ്ററുകളിലെത്തിയ സിനിമ മമ്മൂട്ടി നായകനായ 'തോപ്പില്‍ ജോപ്പന്‍' (2016) ആണ്. എന്നാല്‍ ഈ ഇടവേളയില്‍ നടനെന്ന നിലയില്‍ സിനിമയില്‍ സജീവവുമാണ് അദ്ദേഹം. 'ഉദയപുരം സുല്‍ത്താനി'ലും 'ഈ പറക്കും തളിക'യിലുമൊക്കെ ചെറു വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സുഗീതിന്‍റെ 'ശിക്കാരി ശംഭു'വില്‍ കാസ്റ്റ് ചെയ്യപ്പെട്ടിടത്തുനിന്നാണ് ഒരു അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹം പ്രേക്ഷകശ്രദ്ധയിലേക്ക് എത്തുന്നത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കുമൊക്കെയൊപ്പം അഭിനയിച്ച ജോണി ആന്‍റണിയുടെ അവസാനത്തെ ശ്രദ്ധേയ കഥാപാത്രം 'ഹോ'മിനെ ഇന്ദ്രന്‍സ് കഥാപാത്രത്തിന്‍റെ സുഹൃത്ത് 'സൂര്യന്‍' ആണ്. ഇനി സംവിധാനത്തിലേക്കില്ലേ എന്ന ചോദ്യത്തിന് ഉടനെയില്ലെന്നാണ് ജോണിയുടെ മറുപടി. 

"ഞാന്‍ സംവിധാനം ചെയ്‍ത തോപ്പില്‍ ജോപ്പന്‍ ഇറങ്ങിയിട്ട് അഞ്ച് വര്‍ഷമായി. പിന്നെ മമ്മൂട്ടി ഡേറ്റ് തന്നെങ്കിലും സിനിമ നടന്നില്ല. ബിജു മേനോനും ഷെയ്ന്‍ നിഗവും നായകന്മാരാവുന്ന സിനിമ പ്ലാന്‍ ചെയ്‍തപ്പോഴാണ് ഷെയ്‍നിന്‍റെ വിലക്കും മറ്റും വന്നത്. മമ്മൂട്ടിയുടെ ഡേറ്റ് ഉള്ളതാണ് വീണ്ടും സംവിധായകനാവാന്‍ പ്രേരിപ്പിക്കുന്നത്. എന്തായാലും അടുത്ത ഒരു വര്‍ഷത്തേക്ക് സംവിധാനത്തിലേക്ക് മടങ്ങില്ല. അഭിനയം നിര്‍ത്തി പോയാല്‍ തിരികെ വരുമ്പോള്‍ ഇപ്പോഴുള്ള സ്ഥാനം ഉണ്ടാവണമെന്നില്ല. എന്നെക്കാള്‍ നല്ല നടന്മാര്‍ ഇഷ്‍ടംപോലെയുണ്ട്. സംവിധാനം വലിയ ടെന്‍ഷനുള്ള പണിയാണ്. എന്നാല്‍ അഭിനയം രസകരമാണ്", മനോരമ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ജോണി ആന്‍റണി പറയുന്നു.

ജോണി ആന്‍റണി ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ നായകനായിട്ടുള്ളത് മമ്മൂട്ടിയാണ്. നാല് തവണ. തുറുപ്പ് ഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, താപ്പാന, തോപ്പില്‍ ജോപ്പന്‍ എന്നിവ. ദിലീപിനെ നായകനാക്കി മൂന്ന് ചിത്രങ്ങളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. സിഐഡി മൂസ, കൊച്ചി രാജാവ്, ഇന്‍സ്‍പെക്ടര്‍ ഗരുഡ് എന്നിവയാണ് അവ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona