ദേവര പാര്‍ട്ട് 1 സിനിമയുടെ ആദ്യ ഷോ വൈകിയതിനെ തുടർന്ന് ജൂനിയര്‍ എന്‍ടിആര്‍ ആരാധകർ തെലങ്കാനയിലെ ഒരു തിയേറ്റർ തകർത്തു. ടിക്കറ്റ് നിരക്കിലും മറ്റ് റിലീസ് പ്രശ്‌നങ്ങളിലും ആരാധകർ അതൃപ്തി പ്രകടിപ്പിച്ചു.

ഹൈദരാബാദ്: ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തിയ ദേവര പാര്‍ട്ട് 1 സിനിമയുടെ ആദ്യ ഷോ പ്രദർശിപ്പിക്കാൻ വൈകിയെന്നാരോപിച്ച് ജൂനിയര്‍ എന്‍ടിആര്‍ ആരാധകർ വെള്ളിയാഴ്ച തെലങ്കാനയിലെ കോതഗുണ്ടയിലെ പലോഞ്ചയിലെ വെങ്കിടേശ്വര തിയേറ്റർ തകർത്തു.

പുലർച്ചെ നാലുമണിക്ക് തന്നെ ആരാധകർ തിയേറ്ററിലെത്തിയെങ്കിലും 5.30ന് പ്രദർശിപ്പിക്കേണ്ടിയിരുന്ന ചിത്രം 7.30ന് പോലും പ്രദർശിപ്പിക്കാന്‍ സാധിക്കാത്തതോടെയാണ് തീയറ്റര്‍ തകര്‍ത്തത്. തുടർന്ന് തീയറ്റര്‍ പരിസരത്ത് വലിയ സംഘര്‍ഷ സമാനമായ സാഹചര്യമാണ് ഉടലെടുത്തത്. 250 രൂപ ടിക്കറ്റ് 500 രൂപയ്ക്ക് വാങ്ങിയാണ് എത്തിയതെന്നും, എന്നിട്ടും ഷോ നടത്തിയില്ലെന്നും ഫാന്‍സ് ആരോപിച്ചു. 

തീയറ്റിന്‍റെ മുന്നിലെ പോസ്റ്ററുകളും തീയറ്ററിന്‍റെ വാതിലും മറ്റും ഫാന്‍സ് തകര്‍ത്തിരുന്നു. പൊലീസ് സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്നവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അതേ സമയം തെലുങ്ക് സംസ്ഥാനങ്ങളിലെ പലയിടത്തും ദേവര റിലീസ് സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. 

ഖമ്മത്ത് ഒരു തിയേറ്റർ മാനേജ്‌മെന്‍റ് പ്രേക്ഷകരെ വഞ്ചിച്ചെന്ന് ആരോപിച്ച് തിയേറ്ററിനെതിരെ നടപടി വേണമെന്ന് ജൂനിയര്‍ എന്‍ടിആര്‍ ഫാന്‍സ് ആവശ്യപ്പെട്ടു. 1200 രൂപയ്ക്കാണ് തീയറ്ററുകര്‍ അതിരാവിലെയുള്ള ഫാന്‍സ് ഷോയുടെ ടിക്കറ്റ് വിറ്റതെന്നും ഒറ്റ ടിക്കറ്റ് രണ്ടോ മൂന്നോ പേർക്ക് വിറ്റെന്നും ആരോപണമുണ്ട്. 

ടിക്കറ്റില്ലാത്തവർ തിയേറ്ററിനുള്ളിൽ കയറിയതോടെ തിരക്ക് നിയന്ത്രിക്കാന്‍ തീയറ്റര്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്ന് ആരാധകർ ആരോപിച്ചു. തിയേറ്ററിൽ തിരക്ക് കൂടിയതോടെ പലരും സിനിമ കാണാൻ നിൽക്കേണ്ടി വന്നുവെന്നും വിവരമുണ്ട്.

2018ലെ അരവിന്ദ സമേത വീര രാഘവയ്ക്ക് ശേഷം ആറ് വർഷത്തിനിടെ ജൂനിയർ എൻടിആറിന്‍റെ ആദ്യ സോളോ റിലീസാണ് ദേവര: പാര്‍ട്ട് 1. 2022-ൽ എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണിനൊപ്പമാണ് ജൂനിയര്‍ എന്‍ടിആറിനെ ബിഗ് സ്ക്രീനില്‍ അവസാനമായി കണ്ടത്. അനിരുദ്ധ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ദേവരയില്‍ ബോളിവുഡ് നടി ജാന്‍വി കപൂറാണ് നടിയായി എത്തിയത്.

റിയല്‍ ലൈഫ് ജീവിതം അവതരിപ്പിക്കാന്‍ സായി പല്ലവി; ആരാണ് ഇന്ദു റബേക്ക വര്‍ഗീസ് ? ഗംഭീര ടീസര്‍ പുറത്ത്

'14 വർഷത്തെ നിശബ്ദതയ്ക്ക് അവസാനം': ബാല അമൃത സുരേഷ് വിവാദത്തില്‍ ട്വിസ്റ്റായി ഡ്രൈവര്‍ ഇര്‍ഷാദിന്‍റെ വീഡിയോ