Asianet News MalayalamAsianet News Malayalam

'തിയറ്ററിനു മുന്നിലെ ബ്ലോക്കില്‍ പെട്ടപ്പോള്‍ കണ്ണു നിറഞ്ഞു'; ജൂഡ് ആന്‍റണി പറയുന്നു

"ഇന്നലെ പ്രീസ്റ്റ് കണ്ടപ്പോള്‍ അതിയായ അഭിമാനം തോന്നി. മമ്മൂക്ക എന്ന മഹാ നടനെ ഓര്‍ത്ത്, ആന്‍റോ ജോസഫ് എന്ന തളരാത്ത പോരാളിയെ ഓര്‍ത്ത്.."

jude anthany joseph about mammootty and the priest
Author
Thiruvananthapuram, First Published Mar 14, 2021, 7:37 PM IST

ഒരു വര്‍ഷം നീണ്ട കൊവിഡ് കാല ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ നിന്ന് തിയറ്ററുകളിലെത്തുന്ന ആദ്യ സൂപ്പര്‍താര ചിത്രമാണ് മമ്മൂട്ടി നായകനായ 'ദി പ്രീസ്റ്റ്'. പ്രേക്ഷകരെ തിരികെ തിയറ്ററുകളിലേക്ക് എത്തിക്കാന്‍ ചിത്രത്തിന് ആയിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സിനിമാമേഖലയില്‍ നിന്ന് നിരവധി പേര്‍ 'പ്രീസ്റ്റി'ന്‍റെ വിജയത്തില്‍ സന്തോഷമറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ അണിയറക്കാര്‍ക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ്. മമ്മൂട്ടിയോട് തനിക്കുള്ള മമതയെക്കുറിച്ചും ജൂഡ് സൂചിപ്പിക്കുന്നുണ്ട്.

ജൂഡ് ആന്‍റണി ജോസഫ് പറയുന്നു

ബ്ലോക്കില്‍ കിടന്നപ്പോള്‍ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ കഥ. ഇന്നലെ കോട്ടയം ആനന്ദ് തിയറ്ററില്‍ പടം കാണാന്‍ പോയതാ. തിയറ്ററിലേക്കുള്ള വഴിയില്‍ കട്ട ബ്ളോക്ക്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടേക് ഓഫ് കാണാന്‍ പോയപ്പോള്‍ ഉണ്ടായ അതേ അവസ്ഥ. അന്ന് പക്ഷേ ഈര്‍ഷ്യയാണ് ബ്ളോക്ക് കണ്ടപ്പോ തോന്നിയത്. ഇന്നലെ പക്ഷേ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍, ഒരു സംവിധായകന്‍ എന്ന നിലയില്‍, ഒരു നടന്‍ എന്ന നിലയില്‍ കണ്ണു നിറഞ്ഞു പോയി. മലയാള സിനിമ തിരിച്ചു വന്നിരിക്കുന്നു. പരിചയപ്പെടുന്ന ഓരോ മനുഷ്യനോടും കരുതല്‍ കാണിക്കുന്ന നല്ല ഹൃദയത്തിനുടമയാണ് മമ്മൂക്ക. ഒരിക്കല്‍ ബത്തേരി വരെ വണ്ടി ഓടിച്ചു മമ്മൂക്കയെ കാണാന്‍ പോയി രാത്രി തിരിച്ചു വീട്ടില്‍ എത്തിയോ എന്നു ചോദിച്ചതൊക്കെ ചെറിയ അനുഭവം. അത്രയും കരുതലുള്ള മനുഷ്യന്‍ തന്‍റെ ജീവനേക്കാളേറെ സ്നേഹിക്കുന്ന സിനിമയെ എന്തു മാത്രം കരുതലോടെ കാത്തു. ഇന്നലെ പ്രീസ്റ്റ് കണ്ടപ്പോള്‍ അതിയായ അഭിമാനം തോന്നി. മമ്മൂക്ക എന്ന മഹാ നടനെ ഓര്‍ത്ത്, ആന്‍റോ ജോസഫ് എന്ന തളരാത്ത പോരാളിയെ ഓര്‍ത്ത്. ഞാന്‍ ഇടക്ക് ആന്‍റോ ചേട്ടനോട് ചോദിക്കാറുണ്ട് എങ്ങനെയാണ് ഇത്രയും കാര്യങ്ങള്‍ ഒരുമിച്ച് നോക്കുമ്പോഴും കൂള്‍ ആയി ഇരിക്കുന്നത് എന്ന്. പ്രതിസന്ധികളില്‍ തളരുന്ന ഏവര്‍ക്കും ഒരു മാതൃകയാണ് കരുത്തനായ ആ മനുഷ്യന്‍. ഈ സിനിമ തിയറ്ററില്‍ വരാന്‍ കാത്തിരുന്ന കഥ പ്രെസ്സ് മീറ്റില്‍ ചേട്ടന്‍ പറഞ്ഞത് കണ്ടപ്പോള്‍ ഒരു സാധാരണക്കാരന് പോലും സിനിമയോട് ഇഷ്ടം കൂടി കാണും. പ്രീസ്റ്റ് ഒരു പ്രതീക്ഷയാണ്, ഒരു തിരിച്ചറിവാണ്, ഒരു ചരിത്രമാണ്. തകര്‍ന്നു പോയ സിനിമ വ്യവസായത്തെ ഒരു മഹാനടനും കൂട്ടരും ചേര്‍ന്ന് തോളില്‍ എടുത്തുയര്‍ത്തിയ ചരിത്രം. അഭിനനന്ദനങ്ങള്‍ ടീം പ്രീസ്റ്റ്.

Follow Us:
Download App:
  • android
  • ios