അഭിനേതാക്കളെക്കാളും സംവിധായകനെക്കാളും പ്രതിഫലം എഴുത്തുകാരന് നൽകുന്ന ഒരു പുതിയ സിനിമയുടെ പോസ്റ്റർ ചർച്ചയാകുന്നു.
ചലച്ചിത്ര താരങ്ങളുടെ പ്രതിഫലം പണ്ട് മുതലേ സിനിമാപ്രേമികള്‍ക്ക് താല്‍പര്യമുള്ള വിഷയമാണ്. ഇന്ത്യന്‍ സിനിമയുടെ വിപണി വലിയ രീതിയില്‍ വളര്‍ന്ന ഇക്കാലത്ത് അത് കൂടുതലായി വാര്‍ത്താപ്രാധാന്യം നേടാറുമുണ്ട്. താരങ്ങള്‍ക്കൊപ്പം താരമൂല്യമുള്ള ചില സംവിധായകരുടെ ഉയര്‍ന്ന പ്രതിഫലവും പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. എന്നാല്‍ അഭിനയിക്കുന്ന താരങ്ങളേക്കാളും സംവിധായകനേക്കാളും പ്രതിഫലം ഒരു സിനിമയുടെ എഴുത്തുകാരന് കൊടുത്താലോ? അടുത്തുതന്നെ വരാനിരിക്കുന്ന ഒരു ചിത്രത്തില്‍ അത് യാഥാര്‍ഥ്യമാവാനിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ അണിയറക്കാര്‍ തന്നെ ഇക്കാര്യം പരസ്യത്തിനുവേണ്ടി ഉപയോഗിച്ചിരിക്കുകയുമാണ്.
വെറും രണ്ടേ രണ്ട് പോസ്റ്ററുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ എല്ലാവരുടെയും ശ്രദ്ധ കവര്‍ന്ന ചിത്രമാണ് ഇത്. ചിത്രത്തിന്‍റെ ഇന്നലെ പുറത്തെത്തിയ രണ്ടാമത്തെ പോസ്റ്ററിലാണ് മുകളില്‍ പറഞ്ഞ വിവരമുള്ളത്. വിശ്വസിച്ചാലും ഇല്ലെങ്കിലും. ഈ ചിത്രത്തിന്‍റെ അണിയറക്കാരില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്നത് ഇതിന്‍റെ രചയിതാവാണ്. എന്നാണ് പോസ്റ്ററില്‍. ചുവപ്പ് പശ്ചാത്തലത്തില്‍ വെള്ള നിറത്തിലാണ് എഴുത്ത്. ഒപ്പം ചിത്രത്തിന്‍റെ പേരും റിലീസ് തീയതിയുമുണ്ട്. ഒരു അര്‍ജന്‍റ് വാച്ച് എന്ന ഓര്‍മ്മപ്പെടുത്തലും. അസി എന്നാണ് പോസ്റ്ററില്‍ ചിത്രത്തിന്‍റെ പേര് പറയുന്നത്. ഫെബ്രുവരി 20 ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നും അണിയറക്കാര്‍ അറിയിക്കുന്നു.
അതേസമയം ചിത്രം സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും അതിന്‍റെ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. താരങ്ങള്‍ക്കോ കെട്ടുകാഴ്ചകള്‍ക്കോ അപ്പുറം പറയുന്ന വിഷയത്തിന് പ്രാധാന്യം കൊടുക്കുന്ന ചിത്രം എന്നാണ് പോസ്റ്ററിലൂടെ അണിയറക്കാര്‍ പറയാന്‍ ശ്രമിക്കുന്നത് എന്നാണ് വിലയിരുത്തല്‍. ജോളി എല്‍എല്‍ബി, മുള്‍ക്, പിങ്ക് എന്നീ ചിത്രങ്ങളുടെ ഗണത്തില്‍ പെടുത്താവുന്ന, കോര്‍ട്ട് റൂം വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കും ഇതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സാമൂഹിക പ്രസക്തിയുള്ള വിഷയം സംസാരിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍.
ഏതാണ് ആ ‘നിഗൂഢ ചിത്രം’?
അതേസമയം ബോളിവുഡ് വേള്‍ഡ്‍വൈഡ് എന്ന മാധ്യമം ചിത്രത്തിന്‍റെ അണിയറക്കാര്‍ ആരൊക്കെയെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അനുഭവ് സിന്‍ഹയുടെ സംവിധാനത്തില്‍ തപ്സി പന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇതെന്നാണ് അവരുടെ റിപ്പോര്‍ട്ട്. ടി സിരീസും ബനാറസ് മീഡിയ വര്‍ക്സും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണമെന്നും. രേവതിയും കുമുദ് മിശ്രയും തപ്സി പന്നുവിനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. അതേസമയം ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.



