Asianet News MalayalamAsianet News Malayalam

'ഒരു ചെറു ചിത്രം പ്രതീക്ഷിച്ച് പ്ലേ ബട്ടന്‍ ഞെക്കുക'; 'സാറാസി'നെക്കുറിച്ച് ജൂഡ് ആന്‍റണി ജോസഫ്

'ഓം ശാന്തി ഓശാന'യ്ക്കും 'ഒരു മുത്തശ്ശി ഗദ'യ്ക്കും ശേഷം ജൂഡ്

jude anthany joseph about saras
Author
Thiruvananthapuram, First Published Jul 4, 2021, 5:39 PM IST

അന്ന ബെന്നിനെ ടൈറ്റില്‍ കഥാപാത്രമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്‍ത 'സാറാസ്' ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ നാളെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഒരു 'ചിരിപ്പട'മല്ല സാറാസ് എന്നും മറിച്ച് നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ വളരെ സൂക്ഷ്‍മതയോടെ ഒരു കാര്യം പറയാനുള്ള എളിയ ശ്രമമാണെന്നും ജൂഡ് പറയുന്നു. ചിത്രത്തില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് റിലീസിനു മുന്നോടിയായി ഫേസ്ബുക്കിലൂടെയാണ് ജൂഡ് പറയുന്നത്.

'സാറാസി'നെക്കുറിച്ച് ജൂഡ് ആന്‍റണി ജോസഫ്

"ഇതിന് മുന്‍പ് ഇങ്ങനെ എഴുതിയത് 2014 ഫെബ്രുവരി 7ന് 'ഓം ശാന്തി ഓശാന'  ഇറങ്ങിയപ്പോഴും 2016 സെപ്റ്റംബര്‍ 14ന്  'ഒരു മുത്തശ്ശി ഗദ' ഇറങ്ങിയപ്പോഴുമാണ്. ആദ്യ ചിത്രം ജീവിതം തന്നെ മാറ്റിമറിച്ചു. ഒരുപാട് അഭിനന്ദനങ്ങള്‍, പുരസ്കാരങ്ങള്‍. രണ്ടാമത്തെ ചിത്രം അത്രയേറെ ഇല്ലെങ്കില്‍ പോലും നല്ലൊരു കുടുംബ ചിത്രം തന്നെയാണെന്ന് ഇന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. രണ്ടു ചിത്രങ്ങളും തിയറ്ററില്‍ തന്നെയാണ് ഇറങ്ങിയത്. ആളുകളുടെ ആരവത്തിനിടയില്‍ സിനിമ കണ്ട് കണ്ണ് നിറഞ്ഞ ആ ദിനങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. ലോകം മുഴുവന്‍ ഒരു മഹാമാരിയില്‍ പകച്ചു നില്‍ക്കുമ്പോള്‍ എനിക്കും ഒരു കൂട്ടം സിനിമാ പ്രവര്‍ത്തകര്‍ക്കും തൊഴിലും ഉപജീവനവും നല്‍കിയ സിനിമയാണ് സാറാസ്. നിര്‍മാതാവ് മുരളിയേട്ടനും ശാന്ത ചേച്ചിയും ചങ്കൂറ്റത്തോടെ കൂടെ നിന്നതു കൊണ്ടാണ് എല്ലാ പ്രതിസന്ധികളും കടന്ന് ആമസോണ്‍ പ്രൈമില്‍ വേള്‍ഡ് പ്രീമിയര്‍ ആയി ഈ സിനിമ വരുന്നത്. ലോകം മുഴുവനും ഒരേ സമയം ഒരുപാട് പേര്‍ സിനിമ കാണുകയും അഭിപ്രായം പറയുകയും ചെയ്യും എന്നുള്ളത് ആവേശം കൊള്ളിക്കുന്നുണ്ടെങ്കില്‍ പോലും, തിയറ്റര്‍ എക്സ്പീരിയന്‍സ് മിസ്സ് ആകുമെന്നതില്‍ സംശയമില്ല. തിയറ്ററുകള്‍ പൂരപ്പറമ്പാകുന്ന ഒരു സിനിമ ഉടനെ ചെയ്യാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. 

സാറാസ്, ട്രെയ്‍ലറില്‍ കണ്ടതുപോലെ തന്നെയാണ്. പക്ഷേ ഒരുഗ്രന്‍ ചിരിപ്പടമല്ല സാറാസ്. വളരെ സൂക്ഷ്‍മതയോടെ ഒരു കാര്യം നര്‍മ്മത്തിന്‍റെ മേമ്പൊടി ചേര്‍ത്ത് പറയാനുള്ള എളിയ ശ്രമം മാത്രം. ഇതുവരെ കൂടെനിന്ന എല്ലാവരെയും സ്നേഹത്തോടെ ഓര്‍ക്കുന്നു. നാളെ ഈ സമയത്ത് സാറാസിന്‍റെ വിധി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിരിക്കും. അത് എന്തുതന്നെ ആയാലും, പൂര്‍ണ്ണ മനസോടെ, ശരീരത്തോടെ ഞങ്ങള്‍ ചെയ്ത സിനിമയാണ് സാറാസ്. ജീവന്‍ പണയപ്പെടുത്തി എന്ന് അക്ഷരാര്‍ഥത്തില്‍ പറയാം. അതുകൊണ്ട് നിങ്ങളും അല്പം റിസ്ക് എടുക്കുന്നതില്‍ തെറ്റില്ല. ഒരു ചെറു ചിത്രം പ്രതീക്ഷിച്ച് പ്ലേ ബട്ടണ്‍ ഞെക്കുക. കണ്ടിട്ട് ഇഷ്ടമായാല്‍ / ഇല്ലെങ്കിലും മെസേജ് അയക്കുക/ വിളിക്കുക. ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ജൂഡ്."

jude anthany joseph about saras

 

സ്വതന്ത്ര സംവിധായികയാവാന്‍ ആഗ്രഹിക്കുന്ന അസോസിയേറ്റ് ഡയറക്ടര്‍ ആണ് ചിത്രത്തില്‍ അന്ന ബെന്‍ അവതരിപ്പിക്കുന്ന 'സാറ'യെന്ന കഥാപാത്രം. സണ്ണി വെയ്‍ന്‍ ആണ് നായകന്‍. കൊവിഡ് കാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രമാണിത്. കൊവിഡ് കാലത്ത് ചിത്രീകരിച്ച സിനിമകളില്‍ കൂടുതലും ഇന്‍ഡോര്‍ രംഗങ്ങളാണെങ്കില്‍ നിരവധി ഔട്ട്ഡോര്‍ രംഗങ്ങളും ഒട്ടേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഉല്‍പ്പെടുത്തിയുമാണ് ജൂഡ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കൊച്ചി മെട്രോയിലും ലുലു മാളിലും വാഗമണിലുമൊക്കെ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരുന്നു ചിത്രീകരണമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു.

അന്നബെന്നിനൊപ്പം അച്ഛന്‍ ബെന്നി പി നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദിഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി കൗതുകമുണര്‍ത്തുന്ന താരനിര്‍ണ്ണയവുമാണ് ചിത്രത്തിന്‍റേത്. ക്ലാസ്മേറ്റ്സ് അടക്കം മലയാളത്തിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച അനന്ത വിഷന്‍റെ ബാനറില്‍ ശാന്ത മുരളിയും പി കെ മുരളീധരനുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, ഛായാഗ്രഹണം നിമിഷ് രവി. സംഗീതം ഷാന്‍ റഹ്മാന്‍. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ എന്നീ ചിത്രങ്ങള്‍ക്കുശേഷം ജൂഡ് ആന്‍റണി ജോസഫ് വീണ്ടും സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രവുമായാണ് വരുന്നത് എന്നതും പ്രത്യേകതയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios