കര്‍ഷക സമരത്തെക്കുറിച്ച് പോപ്പ് താരം റിഹാനയുടെ ട്വീറ്റിന് പിന്നാലെ ട്വിറ്ററില്‍ രൂപപ്പെട്ട 'പോര്' രണ്ടാംദിവസവും തുടരവെയാണ് വിഷയത്തില്‍ ജൂഡ് ആന്‍റണിയുടെ അഭിപ്രായപ്രകടനം

ദില്ലിയിലെ കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ്. "കർഷക സമരത്തിനൊപ്പം. അന്നും ഇന്നും എന്നും", ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു.

കര്‍ഷക സമരത്തെക്കുറിച്ച് പോപ്പ് താരം റിഹാനയുടെ ട്വീറ്റിന് പിന്നാലെ ട്വിറ്ററില്‍ രൂപപ്പെട്ട 'പോര്' രണ്ടാംദിവസവും തുടരവെയാണ് വിഷയത്തില്‍ ജൂഡ് ആന്‍റണിയുടെ അഭിപ്രായപ്രകടനം. സംഭവത്തില്‍ വിദേശ സെലിബ്രിറ്റികള്‍ പ്രതികരിച്ചത് ഒരു പ്രചാരവേലയുടെ ഭാഗമാണെന്ന് ആരോപിച്ച് '#IndiaTogether' എന്ന ഹാഷ് ടാഗോടെ അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, അജയ് ദേവ്ഗണ്‍, കരണ്‍ ജോഹര്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ സിനിമയില്‍ നിന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, അനില്‍ കുംബ്ലെ, സുരേഷ് റെയ്ന, സൈന നേവാള്‍ തുടങ്ങിയവര്‍ സ്പോര്‍ട്സ് രംഗത്തുനിന്നും പ്രതികരിച്ചിരുന്നു. അതേസമയം തപ്സി പന്നു, ഡിസൈനര്‍ ഫറ ഖാന്‍ തുടങ്ങി അപൂര്‍വ്വം സെലിബ്രിറ്റികള്‍ ഈ ഹാഷ് ടാഗ് ക്യാംപെയ്‍നിന് എതിരായും രംഗത്തെത്തി.

കര്‍ഷക സമരത്തെത്തുടര്‍ന്ന് സമരമേഖലയിലെ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നതിനെക്കുറിച്ചുള്ള വിദേശ മാധ്യമത്തിന്‍റെ ഓണ്‍ലൈന്‍ വാര്‍ത്താലിങ്കിനൊപ്പമായിരുന്നു 'നമ്മള്‍ എന്തുകൊണ്ടാണ് ഇതേക്കുറിച്ച് സംസാരിക്കാത്തതെ'ന്ന് ചോദിച്ചുകൊണ്ടുള്ള റിഹാനയുടെ ട്വീറ്റ്. ട്വിറ്ററില്‍ ഏറെ ഫോളോവേഴ്സ് ഉള്ള സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ്, മുന്‍ പോണ്‍ താരവും നടിയുമായ മിയ ഖലീഫ തുടങ്ങിയവരും കര്‍ഷക സമരത്തിന് ഐദ്യദാര്‍ഢ്യവുമായി രംഗത്തെത്തിയതോടെ ട്വിറ്ററില്‍ ഒരു പോര്‍മുഖം തുറന്നതുപോലെയായി.