എംടിക്കൊപ്പം മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കാനിരുന്ന സിനിമയ്‍ക്ക് സംഭവിച്ചതെന്ത്?, ഉപേക്ഷിച്ചത് ജൂലിയസ് സീസര്‍
എംടിയുടെ ജൂലിയസ് സീസര്‍ എന്ന സിനിമയ്‍ക്ക് സംഭവിച്ചതെന്ത്?.

എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ മോഹൻലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്‍ത ചിത്രമാണ് സദയം. നിരൂപക പ്രശംസ നേടിയ ഒരു ചിത്രമായിരുന്നു സദയം. മോഹൻലാലിന്റെ മികച്ച പ്രകടനവും ആ സിനിമയുടെ ആകര്‍ഷണമായിരുന്നു. എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ മോഹൻലാലിനെയും മമ്മൂട്ടിയും പ്രധാന വേഷങ്ങളില്‍ ആലോചിച്ച ഒരു സിനിമയെ കുറിച്ച് സംവിധായകൻ സിബി മലയില്‍ പണ്ടൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകൻ സിബി മലയില്‍ എം ടി വാസുദേവൻ നായരുടെ നടക്കാതെ പോയ സിനിമയെ കുറിച്ച് വെളിപ്പെടുത്തിയത്. സദയം എന്ന ക്ലാസിക് ചിത്രത്തെ കുറിച്ച് സംസാരിക്കവേയായിരുന്നു സിബി മലയില്‍ നടക്കാതെ പോയ ആ സിനിമയെ കുറിച്ചും വെളിപ്പെടുത്തിയത്. എംടി സാറുമായി എനിക്ക് ഒരു സിനിമ ചെയ്യാൻ പറ്റുമോ എന്നൊന്നും അന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് സിബി മലയില്‍ ആമുഖമായി പറയുന്നു. വിദൂര സ്വപ്‍നത്തിലും അതുണ്ടായിരുന്നില്ല എന്നും സംവിധായകൻ സിബി മലയില്‍ വ്യക്തമാക്കുന്നു.
ഒരിക്കല്‍ സെവൻ ആര്‍ട്‍സ് വിജയകുമാറായിരുന്നു തന്നോട് എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ ഒരു സിനിമ പ്ലാൻ ചെയ്‍താലോ എന്ന് ചോദിക്കുന്നത്. ഹിസ് ഹൈനസ് അബ്‍ദുള്ള എന്ന സിനിമയുടെ വിതരണക്കാര്‍ അവരായിരുന്നതിന്റെ പരിചയമുണ്ടായിരുന്നു. എനിക്ക് അത്ഭുതമായിരുന്നു. അദ്ദേഹത്തെ സമീപിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.
വിജയകുമാര്‍ എംടിയോട് ഒരു തിരക്കഥ ചോദിക്കാമെന്ന് വ്യക്തമാക്കി. ജൂലിയര്‍ സീസര്‍ ചെയ്യാം എന്ന് എംടി പറയുകയും ചെയ്‍തു. മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് ഒരു സിനിമ ചെയ്യാം എന്നായിരുന്നു ആലോചന. അത് എന്റെ കയ്യില്‍ ഒതുങ്ങുന്ന സിനിമ ആണെന്ന് തോന്നിയിരുന്നില്ല. എന്നാലും എംടിയും വിജയകുമാറും ഒന്നിച്ചുള്ളതിനാല്‍ സിനിമയുമായി കുറച്ചു മുന്നോട്ടുപോയി. ലൊക്കേഷൻ ഒക്കെ കാണാൻ പോയി. മൈസൂര്‍ കൊട്ടാരമൊക്കെ ഞങ്ങള്‍ സന്ദര്‍ശിച്ചു. കാസ്റ്റിംഗായപ്പോള്‍ വലിയ ബജറ്റ് സിനിമയായി. മലയാളത്തില്‍ അന്ന് അത്ര ബജറ്റുള്ള സിനിമ എടുക്കാൻ പറ്റില്ലായിരുന്നു. മാര്‍ക്കറ്റുണ്ടായിരുന്നില്ല. അങ്ങനെ അത് വേണ്ടെന്നുവെച്ചു. എംടി സാറിനൊപ്പം എന്റെ ഒരു സിനിമ എന്ന സ്വപ്‍നം ഇനി യാഥാര്‍ഥ്യമാകില്ല എന്ന് ഞാൻ വിചാരിച്ചു. അപ്പോഴാണ് ശത്രു എന്ന കഥ സിനിമയാക്കിയാലോ എന്ന് എന്നോട് എം ടി വാസുദേവൻ നായര്‍ സാര്‍ ചോദിക്കുന്നത്. സദയം പ്രയത്‍നമെടുത്ത് ചെയ്‍ത ഒരു സിനിമ ആണെന്നും സിബി മലയില്‍ ആ അഭിമുഖത്തില്‍ തന്നെ വ്യക്തമാക്കുന്നു.
Read More: ലിയോ റിവ്യു- 'ബ്ലഡി സ്വീറ്റ്' സിനിമാ കാഴ്‍ച
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക