കൊച്ചി: സ്കൂള്‍ കാലഘട്ടത്തിലെ പ്രിയപ്പെട്ട ഓര്‍മ്മകളെ വെള്ളിത്തിരയില്‍ എത്തിച്ച് കയ്യടി നേടിയ ചിത്രമാണ് 'ജൂണ്‍'. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസിലും മികച്ച വിജയം നേടി. സ്ത്രീ കേന്ദ്രീകൃത ചിത്രമായ 'ജൂണി'ല്‍ രജിഷ വിജയനായിരുന്നു നായിക. പ്രേക്ഷക ശ്രദ്ധ നേടിയ 'ജൂണി'ന്‍റെ തിരശ്ശീലക്ക് പിന്നിലെ രസകരമായ കാഴ്ചകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

സാറാ ജോയ് എന്ന പെണ്‍കുട്ടിയുടെ പ്ലസ് ടു പഠനകാലം മുതല്‍ വിവാഹം വരെയുള്ള ജീവിതത്തിലൂടെ സഞ്ചരിച്ച സിനിമയില്‍ സ്കൂള്‍ പഠനകാലത്തെ സൗഹൃദവും ബന്ധങ്ങളും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയ ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ബൈക്കോടിക്കുന്ന രജിഷയെയും സഹതാരത്തെയും കാണാം. എന്നാല്‍ ആ സീനിന്‍റെ ചിത്രീകരണത്തിന് പിന്നിലെ കാഴ്ചകളും മേക്കിങ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിഗ് സ്ക്രീന്‍ താരങ്ങള്‍ ഡാന്‍സും പാട്ടും തമാശകളുമായി ഷൂട്ടിങ് ആസ്വദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ചിത്രത്തില്‍ ജോജു, അര്‍ജുന്‍ അശോകന്‍, അശ്വതി മേനോന്‍, സര്‍ജാനോ എന്നിവരും അഭിനയിച്ചിട്ടുണ്ട്.