വിദ്യാർത്ഥി പ്രതിഷേധത്തെ പിന്തുണച്ച നടി ജ്യോതികയുടെ പോസ്റ്റിന് താഴെ വന്ന കമന്റും അതിന് നൽകിയ മറുപടിയും ചർച്ചയാകുന്നു. പണം വാങ്ങിയിട്ട പോസ്റ്റാണെന്ന ആരോപണത്തിന്, നിങ്ങൾക്ക് എതിർകക്ഷിയിൽ നിന്ന് പണം കിട്ടിയോ എന്ന് താരം തിരിച്ചുചോദിച്ചു.

ദില്ലിയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തെ പിന്തുണച്ച് താനിട്ട് പോസ്റ്റിന് താഴെ വന്ന കമന്റിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി നടി ജ്യോതിക. പെയ്ഡ് പാര്‍ട്ണര്‍ഷിപ്പിന് സിജെപിയ്ക്ക് നന്ദി, അത് കൂടെ മെന്‍ഷന്‍ ചെയ്യൂ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് 'നിങ്ങൾക്ക് എതിർകക്ഷിയിൽ നിന്ന് പണം കിട്ടുന്നുണ്ടെന്ന് ഞാന്‍ പറയട്ടെ', എന്നായിരുന്നു ജ്യോതികയുടെ മറുപടി. ഇതിന്റെ സ്ക്രീൻ ഷോട്ടിപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ജ്യോതിക പോസ്റ്റിൽ പറഞ്ഞത്

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ച് സ്ഥാനമൊഴിയണം. താൻ രാജ്യത്തെ വിദ്യാർത്ഥികൾക്കൊപ്പവും ഭാവിക്കൊപ്പവും നിൽക്കുന്നു. ഞാൻ ഉത്തരവാദിത്തത്തിനും ജനാധിപത്യ ഇന്ത്യക്കും പരിഷ്കരിച്ച വിദ്യാഭ്യാസ സമ്പ്രദായത്തിനും ഒപ്പം നിൽക്കുന്നു. സോനം വാങ്ചുക്, അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവരെയും ജൻ സി തലമുറയെയും പ്രശംസിച്ച ജ്യോതിക, ഒരു അമ്മയെന്ന നിലയിൽ തങ്ങളുടെ കുട്ടികളെ നിങ്ങളെപ്പോലെ വളർത്താനാണ് ആഗ്രഹിക്കുന്നതെന്നും, നാം ആണ് ഇന്ത്യ എന്ന് തെളിയിച്ചതിനും ഭയമില്ലാത്തവരാക്കിയതിനും സിജെപിക്ക് നന്ദി അറിയിക്കുന്നതായും കൂട്ടിച്ചേർത്തിരുന്നു.

നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളെയും ചോദ്യപേപ്പർ ചോർച്ചയെയും തുടർന്ന് രാജ്യമെമ്പാടും അലയടിച്ച ശക്തമായ ജനരോഷത്തിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ രണ്ടു പേജുള്ള രാജിസത്ത് സമർപ്പിച്ചാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ ഭാവി ദീർഘകാല നിയമ-രാഷ്ട്രീയ പോരാട്ടങ്ങളിൽ കുടുങ്ങിപ്പോകരുത് എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്ന് രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു. ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചതിന് പിന്നാലെ നന്ദിപറഞ്ഞ് അഭിജീത് ദീപ്കേ രം​ഗത്ത് എത്തിയിരുന്നു. സമരം വിജയിപ്പിച്ച ഓരോരുത്തർക്കും നന്ദിയെന്നും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയെന്നും അഭിജീത് പറഞ്ഞു. സിജെപി മുന്നോട്ട് വച്ച വാഗ്ദാനങ്ങൾ പൂർണ്ണ തോതിൽ നടപ്പാക്കാൻ ഒപ്പമുണ്ടാകുമെന്നും ദീപ്കെ വ്യക്തമാക്കി. ടൈഫോയ്ഡ് ബാധിതനായ അഭിജിത്, ആശുപത്രിക്കിടക്കയില്‍ നിന്നാണ് കഴിഞ്ഞ ദിനം സമരവേദിയില്‍ എത്തിയത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming