തിരുവനന്തപുരം: സ്റ്റാ‍ർ ആന്‍ഡ് ഡിസ്‍നി ഇന്ത്യ കണ്‍‍ട്രി ഹെഡ് കെ മാധവനെ ഇന്ത്യൻ ബ്രോഡ്‍കാസ്റ്റിംഗ് ഫൗണ്ടേഷന്‍ (ഐബിഎഫ്‌) പ്രസിഡന്‍റ് ആയി തെരഞ്ഞെടുത്തു. ഈ സ്ഥാനത്തെത്തുന്ന ആദ്യമലയാളിയാണ് അദ്ദേഹം.

വിനോദം, കായികം, പ്രാദേശിക ചാനലുകൾ, ഇന്ത്യയിലെ സ്റ്റുഡിയോ ബിസിനസ്സ് എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന സ്റ്റാർ ആന്‍ഡ് ഡിസ്‍നി ഇന്ത്യയുടെ ടെലിവിഷൻ ബിസിനസ്സിന് കെ മാധവനാണ് മേൽനോട്ടം വഹിക്കുന്നത്. 

ഇന്ത്യയിലെയും ഇന്ത്യയിൽ നിന്നും പുറത്തേക്കുമുള്ള ടെലിവിഷൻ സംപ്രേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി രൂപികൃതമായ കൂട്ടായ്‍മയാണ് ഐബിഎഫ്. ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും നിലനിർത്തികൊണ്ട്, ഇതിലെ അംഗങ്ങൾക്ക് പൊതുവായ ലക്ഷ്യത്തിൽ സമവായതോടെ പ്രവർത്തിക്കാൻ അവസരമൊരുക്കുന്നതാണ് ഈ പ്രസ്ഥാനം. ടെലിവിഷൻ പ്രക്ഷേപണ വ്യവസായത്തിന്‍റെ അംഗീകൃത വക്താക്കളുടെ അനിഷേധ്യ സ്ഥാനം വർഷങ്ങളായി നിലനിർത്തുന്നു ഐബിഎഫ്.