കഴിഞ്ഞ എട്ട് മാസങ്ങളായി കുടുംബ പ്രശ്നങ്ങളേ തുടർന്ന് ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്
ബെംഗളൂരു: സിനിമാ സീരിയൽ താരമായ ഭാര്യയെ തട്ടിക്കൊണ്ട് പോയി സിനിമാ നിർമ്മാതാവായ ഭർത്താവ്. കന്നട സിനിമാ നിർമ്മാതാവായ ഹർഷ വർധനെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. വർധൻ എന്റൈർപ്രൈസസ് എന്ന സ്ഥാപനത്തിനുടമ കൂടിയായ ഹർഷ വർധൻ പിരിഞ്ഞു താമസിക്കുന്ന ഭാര്യയെ തട്ടിക്കൊണ്ട് പോയതായാണ് പരാതി. ചൈത്ര ആ എന്ന നടിയെ കാണാതായതായാണ് ബന്ധുക്കൾ പരാതി നൽകിയത്. 2023ലാണ് നിർമ്മാതാവും നടിയും വിവാഹിതരായത്. കഴിഞ്ഞ എട്ട് മാസങ്ങളായി കുടുംബ പ്രശ്നങ്ങളേ തുടർന്ന് ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഹർഷ വർധൻ ഹാസനിലും ചൈത്ര ബെംഗളൂരുവിലെ മാഗഡിയിൽ ഒരു വാടക വീട്ടിലുമായിരുന്നു താമസിച്ചിരുന്നത്. ഒരു വയസുള്ള മകള്‍ ചൈത്രയൈക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ടിവി സീരിയൽ രംഗത്ത് പ്രവർത്തിച്ചിരുന്ന ചൈത്രയെ ഡിസംബർ 7 മുതൽ കാണാനില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
ഷൂട്ടിംഗിന്റെ പേരിൽ വിളിച്ചുവരുത്തി തട്ടിക്കൊണ്ട് പോയെന്ന് പരാതി
ഷൂട്ടിംഗ് ആവശ്യവുമായി ബന്ധപ്പെട്ട് മൈസൂരുവിലേക്ക് പോകുന്നുവെന്നായിരുന്നു ചൈത്ര ഡിസംബർ 7ന് ബന്ധുക്കളോട് വിശദമാക്കിയത്. ഇതിന് പിന്നാലെ നടിയേക്കുറിച്ച് വിവരമില്ലെന്നാണ് പരാതി. ചൈത്രയെ ഹർഷ വർധൻ സുഹൃത്തായ കൗശികിനെ ഉപയോഗിച്ച് ഷൂട്ടിംഗ് എന്ന പേരിൽ വിളിച്ച് വരുത്തിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഷൂട്ടിംഗ് ആവശ്യത്തിനായി ചൈത്രയെ വിളിച്ച് വരുത്താൻ 20000 രൂപ കൗശികിന് നൽകിയിരുന്നുവെന്നും പരാതി വിശദമാക്കുന്നത്. ഡിസംബർ 7ന് രാവിലെ എട്ട് മണിക്ക് ചൈത്രയെ മൈസൂരു റോഡ് മെട്രോ സ്റ്റേഷനിലേക്ക് എത്തിക്കാൻ ഹർഷ വർധൻ കൗശികിനോട് ആവശ്യപ്പെട്ടതായാണ് പരാതി വിശദമാക്കുന്നത്.
ഭർത്താവും കൗശിക്കും മറ്റൊരാളും ചേർന്ന് തട്ടിക്കൊണ്ട് പോവാൻ ശ്രമിക്കുന്നതായി ചൈത്ര സുഹൃത്തിനെ വിളിച്ച് വിശദമാക്കിയിരുന്നു. അന്നേ ദിവസം വൈകുന്നേരം ചൈത്രയുടെ അമ്മയെ ഹർഷ വർധൻ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ചൈത്രയെ വിട്ടുകിട്ടണമെങ്കിൽ ദമ്പതികളും ഒരു വയസ് പ്രായമുള്ള മകളെ വിട്ടുനൽകണമെന്നായിരുന്നു ഭീഷണി. പിന്നാലെ ചൈത്രയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് സാധ്യമായില്ലെന്നും കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ പൊലീസ് ഹർഷ വർധൻ, കൗശിക്, മൂന്നാമതൊരാൾക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്. നടിയെ കാണാനില്ലെന്ന പരാതിയുമായി സഹോദരിയാണ് പൊലീസ് സ്റ്റേഷനിലെത്തിയത്.


