ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരിൽ വർഗീയത വളർത്തുന്ന ഒന്നും അനുവദിക്കരുതെന്ന് മുരളീധരൻ വ്യക്തമാക്കി
കോഴിക്കോട്: ദി കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കവെ വിഷയത്തിൽ പ്രതികരിച്ച് കെ മുരളീധരൻ എം പി രംഗത്ത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരിൽ വർഗീയത വളർത്തുന്ന ഒന്നും അനുവദിക്കരുതെന്ന് മുരളീധരൻ വ്യക്തമാക്കി. ദി കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കാൻ സർക്കാർ അനുവാദം നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനൊപ്പം തന്നെ കക്കുകളി നാടകവും അനുവദിക്കരുതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
അതേസമയം മലപ്പുറം: 'ദി കേരള സ്റ്റോറി' സിനിമക്കെതിരെ യൂത്ത് ലീഗും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി നുണകൾ മാത്രം പറയുന്ന സംഘ് പരിവാർ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളിൽ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തി എന്ന ആരോപണമെന്ന് പറഞ്ഞ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ, ഇതുമായി തെളിവ് കൊണ്ടുവരുന്നവർക്ക് ഒരുകോടി രൂപ മുസ്‌ലിം യൂത്ത് ലീഗ് ഇനാം നൽകുമെന്നും പ്രഖ്യാപിച്ചു. ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോൾ ഒന്നും കേൾക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണ് ഇക്കൂട്ടരെന്നും ഫിറോസ് ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.
അതിനിടെ 'ദ കേരള സ്റ്റോറി' എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ സുദീപ്തോ സെൻ രംഗത്തെത്തി. 32000 അല്ല അതിലധികം ഉണ്ടാകും മതം മാറി കേരളത്തിൽ നിന്നും ഐഎസിൽ പോയവരുടെ എണ്ണമെന്ന് സുദീപ്തോ സെൻ പറഞ്ഞു. ഇങ്ങനെ ഉള്ള ആറായിരത്തോളം കേസുകൾ പഠിച്ചാണ് സിനിമ ഉണ്ടാക്കിയതെന്നും സംവിധായകൻ പറഞ്ഞു. സിനിമ കണ്ട ശേഷം വേണം രാഷ്ട്രിയക്കാർ വിമർശിക്കാനെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. പെൺകുട്ടികളെ മതം മാറ്റി ഐഎസിലേക്ക് കൊണ്ടു പോകുന്നതായി അറിഞ്ഞു. കലാകാരൻ എന്ന നിലയിൽ ആശങ്കയുണ്ടായെന്നും പ്രത്യേകിച്ച് വടക്കൻ കേരളത്തിന്റെ കാര്യത്തിലെന്നും സുദീപ്തോ സെൻ പറഞ്ഞു. ഏഷ്യാനെറ്റ് സുവർണ ന്യൂസിനോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം.

