ഇന്ദ്രജിത്തും റിമ കല്ലിങ്കലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം
ചലച്ചിത്രോത്സവങ്ങളില്‍ വലിയ സ്വീകാര്യത നേടുകയും പുരസ്കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത ഒരു ചിത്രം പ്രേക്ഷകര്‍ക്ക് ഇനി സൗജന്യമായി കാണാം. ബിജുകുമാര്‍ ദാമോദരന്‍ (ഡോ. ബിജു) സംവിധാനം ചെയ്ത് ഇന്ദ്രജിത്ത് സുകുമാരനും റിമ കല്ലിങ്കലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കാട് പൂക്കുന്ന നേരം എന്ന ചിത്രമാണ് പ്രേക്ഷകരുടെ കാഴ്ചയിലേക്ക് 10 വര്‍ഷത്തിനിപ്പുറം എത്തിയിരിക്കുന്നത്. 2016 ല്‍ കാനഡയിലെ മോണ്‍ട്രിയല്‍ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രമാണിത്. 2016 ലെ ദേശീയ പുരസ്കാരങ്ങളില്‍ ഒരു അവാര്‍ഡും അതേ വര്‍ഷത്തെ സംസ്ഥാന പുരസ്കാരങ്ങളില്‍ അഞ്ച് അവാര്‍ഡുകളും നേടിയ ചിത്രമാണിത്. ഒപ്പം ബാംഗ്ലൂര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സ്പെഷല്‍ ജൂറി അവാര്‍ഡും നേടിയിരുന്നു. യുട്യൂബിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് വീണ്ടും എത്തിയിരിക്കുന്നത്.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച ചിത്രമാണ് ഇത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രം എത്തിയിട്ടുള്ളത്. സംവിധായകന്‍ തന്നെ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഈ ചിത്രം എങ്ങനെ കാണാം എന്ന് ഏറെ നാളായി ആളുകള്‍ അന്വേഷിക്കുന്നുണ്ടെന്നും ചിത്രം ഇപ്പോള്‍ യുട്യൂബില്‍ ലഭ്യമാണെന്നും. അതേസമയം മികച്ച പ്രതികരണങ്ങളാണ് യുട്യൂബില്‍ ചിത്രം നേടുന്നത്. 10 ദിവസം കൊണ്ട് നാലര ലക്ഷത്തോളം കാഴ്ചകള്‍ യുട്യൂബില്‍ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. കമന്‍റ് ബോക്സില്‍ അഭിനന്ദനങ്ങളാണ് നിറയെ.
പ്രകാശ് ബാരെ, ഇന്ദ്രന്‍സ്, ഇര്‍ഷാദ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ഗോപന്‍ കരുനാഗപ്പള്ളി, ജയചന്ദ്രന്‍ കടമ്പനാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2017 ൽ മികച്ച സൗണ്ട് ഡിസൈനിങ്ങിനുള്ള ദേശീയ പുരസ്കാരമാണ് ചിത്രത്തിന് ലഭിച്ചത്. ജയദേവൻ ചക്കാടത്ത് ആയിരുന്നു സൗണ്ട് ഡിസൈനര്‍. 2017 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ മികച്ച ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണൻ, മികച്ച ശബ്ദ മിശ്രണം പ്രമോദ് തോമസ്, മികച്ച ലൊക്കേഷൻ സിങ്ക് സൗണ്ട് സൗണ്ട് ഡിസൈൻ എന്നിവയ്ക്ക് ജയദേവൻ ചക്കാടത്ത്, മികച്ച ലാബ് പ്രോസസിങ് വിസ്‌താ വി എഫ് എക്സ് സ്റ്റുഡിയോ എന്നിങ്ങനെ ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയത് കാട് പൂക്കുന്ന നേരം ആയിരുന്നു. 2017 ലെ ഗോവ ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

