ദുൽഖർ സൽമാൻ നായകനായ 'കാന്ത' എന്ന തമിഴ് ചിത്രം മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുകയാണ്.

തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ശ്രദ്ധേയ പ്രോജക്റ്റുകളില്‍ ഒന്നാണ് കാന്ത. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ സെൽവമണി സെൽവരാജിന്‍ഫെ ഫീച്ചര്‍ ഫിലിം അരങ്ങേറ്റമായ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് നായകന്‍. 14 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ചിത്രം നേടിയത്. എന്നാല്‍ ചിത്രത്തിന്‍റെ ഉയര്‍ന്ന ദൈര്‍ഘ്യത്തെക്കുറിച്ച് പ്രേക്ഷകരില്‍ ചിലര്‍ പരാതി ഉയര്‍ത്തിയിരുന്നു. ഇത് മാനിച്ച് ചിത്രത്തിന്‍റെ ദൈര്‍ഘ്യം 12 മിനിറ്റ് കുറച്ചിരുന്നു അണിയറക്കാര്‍. രണ്ടാം പകുതിയില്‍ ആണ് കട്ട് വരുത്തിയത്. പുതിയ പതിപ്പ് ഇന്നലെ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് ചിത്രത്തിന്‍റെ പുതിയൊരു ടീസറും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെത്തിച്ചത് വേഫറെർ ഫിലിംസ് ആണ്. രണ്ടാം വാരവും ലോകമെമ്പാടുമുള്ള പ്രമുഖ കേന്ദ്രങ്ങളിൽ മികച്ച പ്രതികരണം സ്വന്തമാക്കി ചിത്രം തുടരുന്നുണ്ട്. അതിനിടയിലാണ് പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുന്ന രീതിയിൽ ചിത്രത്തിന്റെ ദൈർഘ്യവും കുറച്ചിരിക്കുന്നത്. യുവാക്കളും കുടുംബ പ്രേക്ഷകരും നല്ല സിനിമകളെ സ്നേഹിക്കുന്ന സിനിമാ പ്രേമികളും ഒരുപോലെ സ്വീകരിച്ച ഈ ചിത്രം മികച്ച നിരൂപക പ്രശംസയും നേടിയാണ് പ്രദർശിപ്പിക്കുന്നത്. ഇപ്പോൾ ദൈർഘ്യവും കുറച്ചതോടെ, ചിത്രം കൂടുതൽ ഒഴുക്കിലും വേഗതയിലും പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. കേരളം, തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, കർണാടക സംസ്ഥാനങ്ങളിലും റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശ മാർക്കറ്റുകളിലും സ്ഥിരതയാർന്ന ബോക്സ് ഓഫീസ് പ്രകടനമാണ് ചിത്രം കാഴ്ച വെക്കുന്നത്.

ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പ്രേക്ഷകരുടെ മുന്നിലെത്തിച്ച ചിത്രം കൂടിയാണ് 'കാന്ത'. നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി കെ മഹാദേവൻ എന്ന നടൻ ആയി ദുൽഖർ വേഷമിട്ട ഈ ചിത്രം, 1950 കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ പകുതിയിൽ ക്ലാസിക് ഡ്രാമ ആയി സഞ്ചരിക്കുന്ന ചിത്രം രണ്ടാം പകുതിയിൽ ഇൻവെസ്റ്റിഗേഷന് പ്രാധാന്യമുള്ള ഒരു ക്ലാസിക് ത്രില്ലർ ഫോർമാറ്റിൽ ആണ് മുന്നോട്ട് നീങ്ങുന്നത്.

KAANTHA (Tamil) - The New Cut In Theatres | Dulquer Salmaan | Rana Daggubati | Bhagyashri Borse